അക്ഷയ് ആനന്ദ്

Akshay Anand

ബോളിവുഡ് ആക്റ്റർ. 1985 ൽ ആയിരുന്നു അക്ഷയ് ആനന്ദ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് മുംബൈ St. Xavier's College ൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷമാണ് അദ്ദേഹം ചലച്ചിത്രലോകത്തിലേയ്ക്ക് പ്രവേശിക്കുന്നത്.  പ്രശസ്ത നടൻ ദേവാനന്ദാണ് അക്ഷയ് ആനന്ദിനെ സിനിമയിലേയ്ക്ക് കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ Hum Naujawan എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്താണ്  അക്ഷയ് ആനന്ദിന്റെ സിനിമാ പ്രവേശം. അക്ഷയ് വിവിധ ഭാഷകളിലായി ധാരാളം സിനിമകളും ടെലിവിഷൻ ഷോകളും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ യതാർത്ഥ നാമം ജോൺ ഗാർഡനർ എന്നായിരുന്നു. ടെലിവിഷൻ പരമ്പരയായിരുന്ന ഇന്ദ്രധനുസ്സിലെ താൻ അവതരിപ്പിച്ച അക്ഷയ് എന്ന കഥാപാത്രത്തിൽനിന്നുള്ള സ്വാധീനം മൂലമാണ് അദ്ദേഹം തന്റെപേര് അക്ഷയ് എന്നാക്കിമാറ്റിയത്. ആനന്ദ് എന്ന പേര് തന്റെ ഗുരുതുല്യനായ ദേവാനന്ദിന്റെ പേരിൽനിന്നുമാണ് സ്വീകരിച്ചത്. 1996 ൽ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥത്തിൽ ഒരു സുപ്രധാന കഥാപാത്രം ചെയ്തുകൊണ്ട് അദ്ധേഹം മലയാളസിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു.  "അക്ഷയ് ആനന്ദ് ആക്ടിംഗ് അക്കാദമി" എന്ന തന്റെ സ്ഥാപനത്തിന്റെ മാർഗ്ഗദർശിയായി പ്രവർത്തിയ്ക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. അഭിനയം കൂടാതെ കഥ, തിരക്കഥ രചനയിലും അക്ഷയ് തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. "അക്ഷയ് ആനന്ദ് പ്രൊഡക്ഷൻ" ന്റെ കീഴിൽ അദ്ദേഹം നിരവധി ടെലിവിഷൻ പരമ്പരകൾ നിർമ്മിയ്ക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

റോമ ആനന്ദ് ആണ് അക്ഷയ്യുടെ ഭാര്യ. രണ്ട് കുട്ടികൾ അയാൻ,അനായ.