സന്തോഷ് കീഴാറ്റൂർ

Santhosh Keezhattoor

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കീഴാറ്റൂർ സ്വദേശി. പി ദാമോദരന്റെയും കെ കാർത്ത്യായനിയുടേയും മകനായി  1976 ഫെബ്രുവരി 4 -ന് ജനിച്ചു. പതിനേഴു വർഷത്തിലധികമായി നാടകരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. കെ പി എ സി, ചിരന്തന തിയറ്റേഴ്സ് തുടങ്ങിയവരുടെ നാടകങ്ങളിലും അഭിനയിച്ച് പരിചയമുള്ള നടൻ. “കോട്ടയം തമ്പുരാൻ” എന്ന നാടകത്തിലെ വേഷത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നാടക നടൻ എന്ന അവാർഡ് 2006ൽ സ്വന്തമാക്കി . അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നെ നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങിയ സന്തോഷ് പതിനാറാം വയസ്സിൽ ആദ്യ പ്രൊഫഷണൽ നാടകത്തിൽ വേഷമിട്ടു. കോഴിക്കോട് ഗോപിനാഥ്, കുഞ്ഞിമംഗലം രാഘവൻ മാസ്റ്റർ എന്നിവരാണ് നാടകത്തിൽ സന്തോഷിന്റെ ഗുരുക്കന്മാർ. പ്രൊഫഷണൽ നാടകവേദിക്ക് പരിചയപ്പെടുത്തിയത് കെ പ്രദീപ് കുമാറാണ്. കണ്ണൂർ സംഘചേതനയുടെ “സഖാവ്” ആയിരുന്നു ആദ്യ നാടകം. പിന്നീട് കോഴിക്കോട് ചിരന്തന, തിരുവനന്തപുരം അക്ഷരകല, കെ പി എ സി തുടങ്ങി നിരവധി നാടക സംഘങ്ങളിൽ അംഗമായി. സൂര്യാപേട്ട്, പഴശ്ശിരാജ, സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ, ചെഗുവേര, കോട്ടയത്ത് തമ്പുരാന്‍, അവതാര പുരുഷൻ, കർഷക രാജാവ് തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. 2007ൽ മിനി സ്ക്രീനിലുമെത്തി. നിരവധി സീരിയലുകളിൽ വേഷമിട്ട സന്തോഷ്,  ദ ഫ്രെയിം, സ്ട്രീറ്റ് തുടങ്ങിയ ഷോർട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്.

"അവതാരപുരുഷൻ" എന്ന നാടകത്തിൽ, സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രശസ്തനായിരുന്ന നാടക നടൻ "ഓച്ചിറ വേലുക്കുട്ടി"യായി അഭിനയിച്ചത് കണ്ട് മേക്കപ്പ് മാൻ പട്ടണം ഷാ ആണ് കമലിന്റെ “നടൻ” എന്ന സിനിമയിലേക്ക് സന്തോഷിനെ നിർദ്ദേശിക്കുന്നത്. നടനിൽ ജയറാമിന്റെ മുത്തച്ഛനായ നാടക നടൻ “ഓച്ചിറ വേലുക്കുട്ടി” ആയിത്തന്നെ സന്തോഷ് രംഗത്ത് വന്നു. കൂടാതെ അതേ സിനിമയിൽ സംവിധായകൻ കമലിന്റെ അസിസ്റ്റന്റായും ജോലി നോക്കി. ടി വി ചന്ദ്രന്റെ അസിസ്റ്റന്റായി മൂന്നോളം സിനിമകളിൽ പ്രവർത്തിച്ച പരിചയവും സന്തോഷിനുണ്ട്. ലാൽ ജോസിന്റെ “വിക്രമാദിത്യനിലെ” കുഞ്ഞുണ്ണി എന്ന വേഷമാണ് സന്തോഷിനെ ഏറെ ശ്രദ്ധേയനാക്കുന്നത്. തുടർന്ന് “മുന്നറിയിപ്പ്”, “വർഷം” എന്നീ സിനിമകളിലും വേഷമിട്ടു. സലിം അഹമ്മദിന്റെ മമ്മൂട്ടിച്ചിത്രമായ  “പത്തേമാരി”, ജയിംസ് ആൽബർട്ടിന്റെ “മറിയം മുക്ക്” എന്നീ പുതിയ ചിത്രങ്ങളിലും വേഷമിട്ടു.

ഒരു വർഷത്തോളം അഹമ്മദാബാദിൽ മല്ലികാസാരാഭായിയുടെ ദർപ്പണ പെർഫോമിംഗ് അക്കാദമിയിൽ ലൈറ്റ് ഡിസൈനറായി പ്രവർത്തിച്ച് പരിചയമുള്ള സന്തോഷ് ഇന്ത്യക്ക് പുറത്തും നിരവധി വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. രംഗഭാഷകളിലെ എല്ലാ പരീക്ഷണങ്ങളും ഒത്തൊരുമിപ്പിച്ച് ഏറ്റവുമൊടുവിൽ അരങ്ങത്തെത്തിച്ച “ദി ലാസ്റ്റ് റിഹേഴ്സ”ലിന് ഏറെ അംഗീകാരം ലഭിച്ചിട്ടുണ്ട്.  കുമാരനാശാന്റെ കൃതികളിലെ സ്ത്രീ കഥാപാത്രങ്ങളെ അരങ്ങിൽ അവതരിപ്പിച്ച് പ്രസിദ്ധനായ ഓച്ചിറ വേലുക്കുട്ടിയാശാന്റെ ജീവിതം സംഗീത പ്രാധാന്യത്തോടെ ഒരു ഏകാംഗനാടകമായി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സന്തോഷ്. 

സന്തോഷിന്റെ മകൻ അഞ്ച് വയസ്സുകാരനായ യദുവും നാടകത്തിൽ അരങ്ങേറ്റം നടത്തി. സന്തോഷിന്റെ തന്നെ സംവിധാനത്തിൽ “കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ” എന്ന നാടകത്തിലാണ് മകൻ യദു സാന്തു അഭിനയിച്ചത്. ഭാര്യ സിനി.

ഫേസ്ബുക്ക് പേജ് 

അവലംബം : ദേശാഭിമാനി വാർത്ത, ഏഷ്യാനെറ്റ് ന്യൂസ്