സി എൽ ജോസ്

C L Jose
Date of Birth: 
തിങ്കൾ, 4 April, 1932
കഥ: 3

ചക്കാലക്കൻ ലോനപ്പൻ- മഞ്ചാലി മറിയക്കുട്ടി ദമ്പതിമാരുടെ ഒമ്പത് മക്കളിൽ ഏറ്റവും മൂത്തയാളായി 1932 ഏപ്രിൽ നാലിന് ചക്കാലക്കൽ ലോനപ്പൻ ജോസ് എന്ന സി.എൽ. ജോസ് തൃശൂർ ജില്ലയിലെ പുതുക്കാട് ജനിച്ചു.  ഹൈസ്കൂൾ പഠനത്തിനു ശേഷം ഒരു ചിട്ടിക്കമ്പനിയിൽ ക്ളാർക്കായി ജോലിയിൽ പ്രവേശിച്ചു. വളരെ നേരത്തെ തന്നെ പിതാവ് അന്തരിച്ചതോടെ വീടിന്റെ ഭാരം മുഴുവൻ ജോസിൽ വന്നുചേർന്നു.
 ഇതിനിടയിൽ നാട്ടിലെ ഒരു പ്രാദേശിക ക്ലബ്ബിനുവേണ്ടി - 'മാനം തെളിഞ്ഞു' എന്നൊരു നാടകം എഴുതിക്കൊണ്ട് സാഹിത്യജീവിതത്തിന് തുടക്കമിട്ടു. പകൽ ചിട്ടിക്കമ്പനിയിലെ കണക്കുകളും രാത്രി വായനയും എഴുത്തുമായി ചിലവഴിച്ച കാലമായിരുന്നു പിന്നിട്. 'ജീവിതം ഒരു കൊടുങ്കാറ്റ്' എന്ന നാടകം ആസ്വാദക മനസ്സുകളിലേക്ക് ആഞ്ഞടിച്ചുവീശിയപ്പോൾ സി.എൽ. ജോസ് നാടകരംഗത്ത് തിരക്കുള്ളയാളായി മാറി. മുപ്പത്തിയാറ് നാടകങ്ങൾ, എഴുപത്തിയഞ്ച് ഏകാങ്കങ്ങൾ, ഒരു ബാലനാടകം, ഇവയ്ക്ക് പുറമേ ഓർമകൾക്ക് ഉറക്കമില്ല എന്ന ആത്മകഥയും എഴുതി. അമേച്ചർ നാടകത്തിനും പ്രൊഫഷണൽ നാടകത്തിനും ഒരുപോലെ വേണ്ടപ്പെട്ടയാളായി മാറിയ ജോസിന്റെ 'മണൽക്കാട്' എന്ന നാടകം പതിനാലോളം ഇന്ത്യൻ ഭാഷകളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
നാടകങ്ങളുടെ അച്ചടി സാധ്യത വളരെ മികച്ച രീതിയിൽ  ഉപയോഗിച്ചവരിലൊരാളാണ്  സി.എൽ. ജോസ്.' ജോസിൻ്റെ നാടകങ്ങൾക്ക് സിനിമാഭാഷ്യവും കൈവന്നു. ഭൂമിയിലെ മാലാഖ, അഗ്നിനക്ഷത്രം, അറിയാത്ത വീഥികൾ എന്നീ സിനിമകൾ സി.എൽ. ജോസിന്റെ നാടകങ്ങളുടെ അനുകൽപനങ്ങളാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, എസ്.എൽ. പുരം സദാനന്ദൻ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.