എം ബി പദ്മകുമാർ

M B Padmakumar
സംവിധാനം: 2
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

നടനും സംവിധായകനും എഴുത്തുകാരനുമായ എം ബി പത്മകുമാർ. തിരുവല്ലയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് പത്മകുമാർ ജനിച്ചത്. അച്ഛൻ പട്ടാളക്കാരനായിരുന്നു. സിവിൽ എൻജിനീയറിംഗ് പാസായ ശേഷം എൻജിനിയർ ആയി ജോലി നോക്കിയെങ്കിലും സിനിമയിലായിരുന്നു പത്മകുമാറിനെപ്പോഴും താൽപ്പര്യം. സിനിമയെക്കുറിച്ച് കൂടുതൽ അടുത്തറിയാൻ ശ്രമിച്ചതിലൂടെ നിരവധി സീരിയലുകളിലും ചലച്ചിത്രങ്ങളിലും അഭിനയിക്കയുണ്ടായി. ചില ടെലിവിഷൻ ഷോകളും, ഡോക്യുമെന്ററികളും ചെയ്യാനും സാധിച്ചു. ജയരാജ് സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ആശ്വരൂഡൻ എന്ന ചിത്രത്തിലാണ് പത്മകുമാർ ആദ്യമായി അഭിനയിച്ചത്. തുടർന്ന് ആനച്ചന്തം, രക്ഷകൻ, നിവേദ്യം, തനിയെ, ദാവീദ്, പട്ടണത്തിൽ ഭൂതം, കേരളോത്സവം, കുട്ടിസ്രാങ്ക്, 72 മോഡൽ, തോംസണ്‍ വില്ല, ഒളിപ്പോര് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധായകരായ ജയരാജ്, ഷാജി എൻ കരുണ്‍, ലോഹിതദാസ് തുടങ്ങിയവരുടെ കൂടെ അസിസ്റ്റ് ചെയ്യാനും പത്മകുമാറിന് കഴിഞ്ഞു. സൈലന്റ് കളേഴ്സ് എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് കടന്ന പത്മകുമാർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'മൈ ലൈഫ് പാർട്ണർ' ആണ്. ചിത്രത്തിന് 2014 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡു് ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിന് നായകൻ സുദേവ് നായറിന് 2014 ലെ മികച്ച നടനുള്ള അവാർഡും ലഭിക്കയുണ്ടായി. അമല, ഇന്ദിര, ഹൈവേ, കുഞ്ഞാലി മരയ്ക്കാർ, അഗ്നിപുത്രി തുടങ്ങിയവ പത്മകുമാർ അഭിനയിച്ച ശ്രദ്ധേയമായ സീരിയലുകളാണ്.