സുനിൽ ഇബ്രാഹിം

Sunil Ibrahim

ചലച്ചിത്ര സംവിധായകൻ. 1978 ഡിസംബർ 12- ന് തിരുവനന്തപുരം ജില്ലയിലെ മാടൻവിളയിൽ ജനിച്ചു. പിതാവ് ഇബ്രാഹിം നാടകങ്ങളിലൊക്കെ അഭിനയിക്കുന്നയാളായിരുന്നു. സുനിൽ പ്ലസ്ടു കഴിഞ്ഞതിനുശേഷം കുറച്ചുകാലം ബിൽഡിംഗ് കോൺട്രാക്ടും മാർക്കറ്റിംഗ് പ്രവർത്തനങ്ങളുമൊക്കെയായി കഴിഞ്ഞതിനു ശേഷം ഗൾഫിലേയ്ക്ക് പോയി. പഠിയ്ക്കുന്ന സമയത്ത് മിമിക്സ്, നാടകം എന്നിവയിലൊക്കെ പങ്കെടുത്തിരുന്നു. 2004 മുതൽ നാല് വർഷത്തെ പ്രവാസ ജീവിതകാലത്താണ് സുനിൽ കൈരളി ചാനലിനുവേണ്ട് "നിനവ്" എന്നൊരു സംഗീത പ്രോഗ്രാം ചെയ്യുന്നത്. കുറച്ചു കാലം Whiz media എന്ന അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്തതിനുശേഷം 2009- ൽ സുനിൽ നാട്ടിലേയ്ക്ക് പോന്നു.

ദുബായിൽ ജോലി ചെയ്യുമ്പോളാണ് സുനിൽ അരികിൽ ഒരാൾ എന്ന സിനിമയുടെ കഥ എഴുതുന്നത്. നാട്ടിൽ വന്നതിനു ശേഷം വെബ്സോൺ എന്ന ഒരു പരസ്യ കമ്പനി തുടങ്ങി. കുറച്ചു പരസ്യ ചിത്രങ്ങൾ ചെയ്തതിനുശേഷമാണ് സുനിൽ ഇബ്രാഹിം സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ചാപ്റ്റേഴ്സ് ആണ് സുനിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം. വ്യത്യസ്തത കൊണ്ട് ശ്രദ്ധിയ്ക്കപ്പെട്ട ചാപ്റ്റേഴ്സിനു ശേഷമാണ് അദ്ദേഹം തന്റെ ആദ്യത്തെ കഥയായ അരികിൽ ഒരാൾ 2013- ൽ സിനിമയാക്കുന്നത്. 2017-ൽ  Y  എന്ന ചിത്രം സംവിധാനം ചെയ്തു. ഓലപ്പീപ്പി എന്ന സിനിമ നിർമ്മിച്ചുകൊണ്ട് സുനിൽ ഇബ്രാഹിം നിർമ്മാണ രംഗത്തേയ്ക്കും കടന്നു.