വഞ്ചിയൂർ പ്രവീൺ കുമാർ

Vanjiyoor Praveen Kumar

തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയാണ് പ്രശസ്ത കാഥികനും നടനുമായ വഞ്ചിയൂർ പ്രവീൺകുമാർ. പ്രഭാകർ, ലീല എന്നിവരാണ് മാതാപിതാക്കൾ. കഥാപ്രസംഗമായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ തട്ടകം. സ്കൂൾ കാലഘട്ടത്തിൽ സംസ്ഥാനതലത്തിൽ കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രവീൺ കുമാർ 1975 ഡിസംബർ 12 ന് തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ കഥ പറഞ്ഞുകൊണ്ടാണ് ഈ രംഗത്ത് പ്രൊഫഷണലായി തുടക്കമിടുന്നത്. തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളം നിരവധി വേദികളിൽ കഥാപ്രസംഗം അവതരിപ്പിക്കാൻ അവസരം ലഭിച്ചു.

തിരുവനന്തപുരത്ത് ഒരു വക്കീൽ ഓഫീസിൽ മിനിസ്റ്റീരിയൽ ജോലി ചെയ്തു വരവേ അമേച്വർ നാടകങ്ങളിലൂടെ അഭിനയത്തിലും തുടക്കമിട്ട ഇദ്ദേഹം, തുടർന്ന് തിരുവനന്തപുരം അസിധാര, കൊല്ലം ഗായത്രി,  തിരുവനന്തപുരം നവഭാവന തുടങ്ങിയ സമിതികളുടെ ഭാഗമായി പ്രൊഫഷണൽ നാടകങ്ങളിലും വേഷമിട്ടു. 
പിന്നീട് മിനിസ്ക്രീൻ സീരിയലുകളിലും അഭിനയിച്ചു തുടങ്ങി. നടൻ മമ്മൂട്ടി നിർമ്മിച്ച്‌ വയലാർ മാധവൻകുട്ടി സംവിധാനം ചെയ്ത 'ജ്വാലയായ്' എന്ന പരമ്പരയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ സീരിയൽ രംഗത്ത് ഒട്ടേറെ അവസരങ്ങൾ തേടിയെത്തി.
രാജസേനൻ സംവിധാനം ചെയ്ത 'നാടൻപെണ്ണും നാട്ടുപ്രമാണിയും' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്കെത്തുന്നത്.
പിന്നീട് കേശു, വെടിവഴിപാട്, വേട്ട, എവിടെ തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. നിലവിൽ തിരുവനന്തപുരം കാര്യവട്ടത്താണ് താമസം.