ആലപ്പി ഷെരീഫ്

Aleppey Sherif
Aleppey Sherif
Date of Death: 
Wednesday, 2 December, 2015
എ ഷെറീഫ്
സംവിധാനം: 1
കഥ: 31
സംഭാഷണം: 60
തിരക്കഥ: 57

ആലപ്പുഴ സ്വദേശി.1970-80 കാലഘട്ടങ്ങളിലെ മലയാളത്തിലെ തിരക്കേറിയ രചയിതാവായിരുന്നു  ആലപ്പി ഷെരീഫ്. 1940 ൽ കൊപ്രാക്കട ഹമീദ് ബാവയുടേയും റഹീമ ബീവിയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. ആലപ്പുഴ മുഹമ്മദൻസ് സ്കൂളിലാണ് ഷെരീഫ് തന്റെ വിദ്യാഭ്യാസം നടത്തിയത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ചെറുകഥകൾ എഴുതിയിരുന്ന അദ്ദേഹം, ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് 'മുക്കുമാല' എന്ന അദ്ദേഹത്തിന്റെ കഥ കേരളഭൂഷണത്തിൽ പ്രസിദ്ധീകരിച്ചു. തുടർന്ന് ആനുകാലികങ്ങളില്‍ കഥകളും നോവലുകളും സ്ഥിരമായി എഴുതി തുടങ്ങി. ആനുകാലികങ്ങളില്‍ വന്ന പല രചനകളും ശ്രദ്ധിക്കപ്പെട്ട അവസരത്തിൽ കുഞ്ചാക്കോ 'ഉമ്മ' എന്ന ചിത്രത്തിന്റെ രചനക്കായി ഷെരീഫിനെ സമീപിച്ചു. ആ ചിത്രത്തിനായി എഴുതി തുടങ്ങിയെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. അതിനു ശേഷം കോട്ടയം ചെല്ലപ്പന്റെ നിർബന്ധപ്രകാരമാണ് ഷെരീഫ് മദ്രാസിൽ എത്തുന്നത്. 1971ൽ വിപിൻദാസിന്റെ പ്രതിധ്വനിക്ക് വേണ്ടി സംഭാഷണമെഴുതി മലയാള സിനിമയിൽ തുടക്കമിട്ടു. തുടർന്ന് 1972ൽ പുറത്തിറങ്ങിയ എ ബി രാജിന്റെ കളിപ്പാവയെന്ന ചിത്രത്തിന് തന്റെ 'കളിപ്പാവ' എന്ന തന്റെ നോവലൈറ്റ് സിനിമയ്ക്ക് വേണ്ടി തിരക്കഥയായെഴുതി മലയാള സിനിമയിൽ തിരക്കഥാകൃത്തായും തുടക്കമിട്ടു. ആ ചിത്രം ഇടക്ക് മുടങ്ങി എങ്കിലും പുറത്തിറങ്ങിയപ്പോൾ ഹിറ്റായി മാറി.

മുട്ടത്തുവര്‍ക്കിയുടെ 'നാത്തൂന്‍' എന്ന കഥ ചലച്ചിത്രമാക്കിയപ്പോൾ അതിനു തിരക്കഥയെഴുതുവാനുള്ള അവസരം കൈവന്നു, അത് സൂപ്പർ ഹിറ്റായതോടെ ഷെരീഫിനെ തേടി ഒട്ടേറെ അവസരങ്ങൾ വന്നു. എ ബി രാജ് സംവിധായകനായിരുന്ന തന്റെ ആദ്യ ചിത്രമായ 'കളിപ്പാവ'യുടെ കുറെ ഭാഗങ്ങൾ ചിത്രീകരിച്ചത് ഷെരീഫും ഹരിഹരനും ചേർന്നായിരുന്നു. പിന്നീട് അസ്തമിക്കാത്ത പകലുകൾ എന്നൊരു ചിത്രം സംവിധാനം ചെയ്തു. ഐ വി ശശിയുമായി ചേർന്ന് നിരവധി ചിത്രങ്ങൾ ഒരുക്കിയ ഷെറീഫിന്റെ എറ്റവും ശ്രദ്ധേയമായ ചിത്രം "അവളുടെ രാവുകൾ" ആയിരുന്നു. ഐവി ശശിയുടെ ആദ്യ ചിത്രമായ ഉത്സവത്തിന്റെ തിരക്കഥയും ഷെരീഫായിരുന്നു. മലയാള സിനിമയുടെ നാഴികക്കല്ലുകളിൽ ഒന്നായ അവളുടെ രാവുകൾ, ഏഴാം കടലിനക്കരെ, ഊഞ്ഞാൽ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ആലപ്പി ഷെരീഫായിരുന്നു. 

ജയനെ നായകനാക്കിയാണ് ഹിറ്റു ചിത്രമായ 'സ്‌ഫോടനം'  തീരുമാനിച്ചത്, പക്ഷേ അപ്രതീക്ഷിതമായുണ്ടായ ജയന്റെ മരണം മൂലം പിന്നീടത് സുകുമാരനെയും മമ്മൂട്ടിയെയും ഉൾപ്പെടുത്തി പൂർത്തിയാക്കുകയാണുണ്ടായത്. മലയാളത്തിലെ ആദ്യ സംവിധായികയായ വിജയനിര്‍മ്മലയുടെ 'കവിത' എന്ന ചിത്രത്തിന്റെ രചനയും നിർവഹിച്ചത് ഷെരീഫായിരുന്നു. ഐവി ശശിയുടെ തന്നെ മോഹൻലാൽ ചിത്രമായ അനുരാഗിയാണ് കഥയും സംഭാഷണവുമെഴുതിയ അവസാന ചിത്രം. തിരക്കഥ ഒരുക്കിയ അവസാന ചിത്രം സ്വന്തം മാളവികയും. മുപ്പതിലേറെ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ ഷെരീഫ് മൂന്ന് സിനിമകൾ സംവിധാനവും നിർവ്വഹിച്ചു.

ഭാര്യ: നസീമ മക്കൾ: ഷെഫീസ്, ഷറാസ്, ഷെർന

ഡിസംബർ 2, 2015ന് തന്റെ 74-ആം വയസ്സിൽ ആലപ്പി ഷെരീഫ് കോട്ടയത്തെ സ്വകാര്യ‌ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.