അഞ്ജലി മേനോൻ

Anjali Menon-Director-Screen Writer
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 5
കഥ: 5
സംഭാഷണം: 6
തിരക്കഥ: 6

സംവിധായിക, തിരക്കഥാകൃത്ത്

ജന്മദിനം: ഡിസംബർ 20

കോഴിക്കോട് സ്വദേശിനിയായ അഞ്ജലി മേനോൻ കമ്മ്യൂണിക്കേഷൻ സ്റ്റഡീസിൽ(ടിവി പ്രൊഡക്ഷൻ) ബിരുദാനന്തരബിരുദധാരിയാണ്. 2000ൽ ലണ്ടൻ ഫിലിം സ്കൂളിൽ നിന്ന് ചലച്ചിത്രസംവിധാനത്തിൽ സവിശേഷപരിജ്ഞാനം നേടിയ ശേഷം 2006ൽ മുംബൈ കേന്ദ്രീകരിച്ച് ലിറ്റിൽ ഫിലിംസ് എന്ന നിർമ്മാണക്കമ്പനി സ്ഥാപിച്ചു. രഞ്ജിത്തിന്റെ നേതൃത്വത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ "കേരള കഫെ"യിലെ "ഹാപ്പി ജേർണി" എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് അഞ്ജലി മലയാളത്തിലെത്തുന്നത്.ആദ്യ ചിത്രമായ "മഞ്ചാടിക്കുരു"വിനു ശേഷം പുതുമുഖം ദുൽഖർ സൽമാനെ നായകനാക്കി അൻവർ റഷീദ് സംവിധാനം നിർവ്വഹിച്ച "ഉസ്താദ് ഹോട്ടൽ" എന്ന ചിത്രത്തിന്റെ തിരക്കഥാരചനയും നിർവ്വഹിച്ചു.

The Time to Blossom, കല്ല്യാണി, ഇള, Waiting women തുടങ്ങി നിരവധി ഷോർട്ട് ഫിലിമുകൾ ചെയ്ത അഞ്ജലിയുടെ ആദ്യ ചലച്ചിത്രം, 2008ൽ സംവിധാനം ചെയ്ത "മഞ്ചാടിക്കുരു" ആണ്. മഞ്ചാടിക്കുരുവിലൂടെ ഐ.എഫ്.എഫ് കെ 2008ൽ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസ്കി പുരസ്കാരവും, മികച്ച നവാഗതസംവിധായകയ്ക്കുള്ള ഹസ്സൻകുട്ടി പുരസ്കാരവും നേടിയിട്ടുണ്ട്.ഇതുകൂടാതെ നിരവധി വിദേശമേളകളിൽ സ്വന്തം സിനിമ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.