ലിഷോയ്

Leshoy

തൃശൂര്‍ ജില്ലയില്‍, കഴിമ്പ്രം സ്വദേശി. അച്ഛന്‍ ശ്രീലങ്കയിലായിരുന്നു. ലിഷോയി ജനിച്ചതും അവിടെ തന്നെ. അക്കാലത്ത് റഷ്യന്‍ കഥകള്‍ വായിക്കുന്ന ശീലം ഉണ്ടായിരുന്നതാകും ഇത്ര ഗ്ലാമറുള്ള പേര് തനിക്കിടാന്‍ അച്ഛന് പ്രചോദനം എന്നാണു ലിഷോയിയുടെ ഊഹം.

മണപ്പുറത്ത്, നാടകങ്ങള്‍ സജീവമാകാന്‍ ലിഷോയിയുടെ സംഭാവന ചെറുതല്ല. പഠിപ്പിനെക്കാള്‍ താല്‍പ്പര്യം നാടകത്തിനോടായിരുന്നു. അഷ്‌റഫ്‌ മുളംപറമ്പന്‍ എഴുതിയ "സ്മൃതി", "ഒഥല്ലോ", "റോമിയോ ആന്‍റ് ജൂലിയറ്റ്" എന്നിവ മണപ്പുറത്ത് നിരവധി തവണ വേദികളില്‍ കയറി. 
ലിഷോയി ആയിരുന്നു എല്ലാ നാടകങ്ങളിലും നായകന്‍. ഘനഗംഭീര ശബ്ദവും ആകാര ഭംഗിയും മികച്ച പ്രകടനവും കൊണ്ടും ലിഷോയ് നാടക ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടവനായി.

ഈ നാടകങ്ങളുടെ വിജയങ്ങളിൽ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് മതിലകത്ത് "ആദംസ്" കലാകേന്ദ്രം രൂപപ്പെടുന്നത്.

കഴിമ്പ്രം വിജയന്‍, കഴിമ്പ്രം തീയറ്റെഴ്സ് ഉണ്ടാക്കുന്നതും ലിഷോയിയുടെ നാടക ഭ്രാന്തു കണ്ടത് കൊണ്ടായിരുന്നു. കഴിമ്പ്രം തീയേറ്റഴ്സിന്‍റെ എല്ലാ നാടകങ്ങളിലും എണ്‍പത്തിഅഞ്ചോളം സിനിമകളിലും നിരവധി സീരിയലുകളിലും ലിഷോയി കഥാപാത്രങ്ങളായി.

മകൾ ലിയോണ ലിഷോയ് മലയാള സിനിമകളിൽ നായികയാണ് .