എം ബാവ

M Bawa
mohammed bawa
Date of Birth: 
Thursday, 12 November, 1970
ആർട്ട് ഡയറക്ടർ ബാവ

കോഴിക്കോട്ടുകാരനായ മുഹമ്മദ് ബാവ ജനിച്ചത് ചെന്നെയിലാണ്. പിതാവിനു ചെന്നെയിലായിരുന്നു ജോലി, അതുകൊണ്ട് ബാവ പഠിച്ചതും വളർന്നതും അവിടെത്തന്നെ.

സാബു സിറിൾ ആയിരുന്നു കലാസംവിധാന രംഗത്ത് ഗുരു. സാബു സിറിളിനൊപ്പം കിലുക്കത്തിന്റെ ഹിന്ദി റീമേക്കായ “മുസ്ക്കുരാഹത്ത്” ൽ തുടങ്ങി അഞ്ചോളം ഹിന്ദി സിനിമകളിൽ അസിസ്റ്റ് ചെയ്തു. ഒപ്പം മലയാളത്തിലും കാലാപാനി അടക്കമുള്ള സാബു ചിത്രങ്ങളിൽ കലാസംവിധാന സഹായി ആയിരുന്നു ബാവ.

സ്വതന്ത്രമായി കലാസംവിധാനം ചെയ്ത ആദ്യ ചിത്രമായ “അഴകിയ രാവണ“നിലൂടെ തന്നെ ബാവ ചലച്ചിത്ര ലോകത്തും പ്രേക്ഷക മനസിലും ശ്രദ്ധിക്കപ്പെട്ടു. അതിലെ പാട്ടുരംഗങ്ങളിൽ ഒരു കലാസംവിധായകന്റെ ശ്രദ്ധേയമായ ഒരുക്കങ്ങളുണ്ടായിരുന്നു. തുടർന്ന് മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾക്ക് ബാവ കലാസംവിധാനം ഒരുക്കി.

രണ്ടു തവണ സംസ്ഥാന അവാർഡുകളും നേടി; 2003 ൽ “മുല്ലവള്ളിയും തേന്മാവും/ സി ഐ ഡി മൂസ” എന്നീ ചിത്രങ്ങൾക്കും 2013 ൽ “ആമേൻ” എന്ന ചിത്രത്തിനും. ആമേനു വേണ്ടി ഒരുക്കിയ കായലോരത്തെ പഴയ പള്ളി വളരെയധികം ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. സംസ്ഥാന അവാർഡുകൾ കൂടാതെ ഒട്ടനവധി മാധ്യമ അവാർഡുകളും നേടിയിട്ടുണ്ട് ബാവ.

മലയാളത്തിലെ നിരവധി പരസ്യചിത്രങ്ങൾക്ക് സെറ്റുകൾ ഒരുക്കിയിട്ടുള്ള ബാവ, “കിളിപോയി”, “ട്രിവാണ്ട്രം ലോഡ്ജ്” എന്നിവ അടക്കം കുറച്ചു സിനിമകളിൽ ശ്രദ്ധേയമായ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്.

ഭാര്യ ഷെമ്മി, മകൾ ലിയാൻ എന്നിവർക്കൊപ്പം കൊച്ചിയിൽ താമസിക്കുന്നു.