വിനി വിശ്വലാൽ

Vini Vishwalal

1985ൽ വിശ്വനാഥൻ പിള്ളയുടെയും, ഡോ.നിർമ്മലാദേവിയുടെയും മകനായി പത്തനംത്തിട്ടയിൽ ജനിച്ചു. അൽഫറോക്ക് റെസിഡൻഷ്യൽ സ്ക്കൂളിൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിച്ച അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചീനിയറിങ്ങ് ആൻഡ് ടെക്നോളജിയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീനിയറിങ്ങ് ചെയ്തു.

പഠനശേഷം സുഹൃത്തായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ കഥ, തിരക്കഥ, സംഭാഷണം ചെയ്ത് സിനിമാരംഗത്തേയ്ക്ക് കാലെടുത്ത് വെച്ചു.പിന്നെ "സ്റ്റാറിങ്ങ് പൗർണ്ണമി" എന്ന ചിത്രത്തിന്റെ സ്ക്രിപ്ട് ചെയ്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഈ സിനിമ പുറത്തിറങ്ങിയില്ല. തുടർന്ന് കൂതറ,തീവ ണ്ടി തുടങ്ങിയ ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ സ്ക്രിപ്ട് ചെയ്തു.  ആദ്യമായി അഭിനയിച്ച സിനിമ "ലഡു" എന്ന ചിത്രമാണെങ്കിലും, നടനെന്ന നിലയിൽ ആദ്യമിറങ്ങിയത് തീവണ്ടിയായിരുന്നു. തുടർന്നിറങ്ങിയ "കൽക്കി" എന്ന സിനിമയിലെ വില്ലന്റെ അനിയൻവേഷം ശ്രദ്ധിക്കപ്പെട്ടു. സുകുമാര കുറുപ്പിന്റെ കഥ പറയുന്ന "കുറുപ്പ്" എന്ന സിനിമയിൽ നടനായും, ക്രിയേറ്റീവ് ഡയറക്ടറായും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. നടി ഗൗതമി നായർ സംവിധാനം ചെയ്ത വൃത്തത്തിലും അദ്ദേഹം ഒരു വേഷം ചെയ്തിട്ടുണ്ട്.

തീവണ്ടിയിലെ "വിജനതീരമേ" എന്ന ഗാനമെഴുതിയത് ഇദ്ദേഹത്തിന്റെ അമ്മയാണ്. ഈ ഗാനം സംഗീതം ചെയ്ത്പാടിയതും, ഈ ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹത്തിന്റെ അനിയൻ നിവി വിശ്വലാലാണ്.  കോളേജ്  കാലത്ത് ജൂനിയറായി പഠിച്ച റിനീഷ വിനിയാണ് ഭാര്യ. മകൾ യുവ അമേയ. കൊച്ചിയിലാണ് ഇപ്പോൾ ഇദ്ദേഹം താമസിക്കുന്നത്.

Vini Viswa Lal