സാജു കൊടിയൻ

Saju Kodiyan

മലയാള ചലച്ചിത്ര, മിമിക്രി ആർട്ടിസ്റ്റ്. എറണാംകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. മിമിക്രി വേദികളിലൂടെയാണ് സാജു കൊടിയൻ പ്രശസ്തനായത്. സാജു കൊടിയന്റെ "ആമിനത്താത്ത" എന്ന കാരക്ടർ വളരെയധികം ജനപ്രീതിയാർജ്ജിച്ചതായിരുന്നു. ഹരിശ്രീ മിമികി ട്രൂപ്പിലൂടെയാണ് സാജു വളർന്നത്. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി കസറ്റിലും സാജു തന്റെ കഴിവു തെളിയിച്ചിരുന്നു. " അടൽ ബിഹാരി വാജ്പെയ്,  ഉഷ ഉദുപ്പ് " എന്നിവരെയെല്ലാം സാജു കൊടിയൻ അനുകരിച്ചിരുന്നു. അവയൊക്കെ അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ഇനങ്ങളായിരുന്നു.

1995-ൽ കളമശ്ശേരിയിൽ കല്യാണയോഗം എന്ന സിനിമയിലൂടെയാണ് സാജു കൊടിയൻ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് എഴുപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. എല്ലാം തമാശ റോളുകളായിരുന്നു. സിനിമാലയടക്കം പല ടെലിവിഷൻ കോമഡി ഷോകളിലും ചില സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാല് സിനിമകൾക്ക് തിരക്കഥയും ഒരു സിനിമയ്ക്ക് കഥയും സാജു കൊടിയൻ എഴുതിയിട്ടുണ്ട്.

സാജു കൊടിയന്റെ ഭാര്യയുടെ പേര് മിനി. രണ്ടുമക്കളാണ് അവർക്കുള്ളത്. അഞ്ജന, അഞ്ജിത്ത്.