റിച്ച പനായി

Richa Panai

തെന്നിന്ത്യൻ ചലച്ചിത്ര നടി.  1993- ൽ ഫെബ്രുവരിയിൽ ഹിമാചൽ പ്രദേശിൽ ജനിച്ചു. ശക്തിമാൻ സീരിയലിലെ കിൽവിഷ് എന്ന വില്ലനെ അവതരിപ്പിച്ച  നടൻ സുരേന്ദ്രപാലിന്റെ മകളാണ് റിച്ച പനായ്, അമ്മ ശകുന്തള പനായി. ലഖ്നൗവിലായിരുന്നു റിച്ച വളർന്നത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക് സ്കൂളിലായിരുന്നു റിച്ചയുടെ വിദ്യാഭ്യാസം. പന്ത്രണ്ടാം ക്ലാസിൽ പഠിയ്ക്കുമ്പോൾ റിച്ച പനായി മിസ് ലഖ്നൗ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം റിച്ച മോഡലിംഗ് ചെയ്യാൻ തുടങ്ങി. പക്ഷേ വീട്ടുകാർക്ക് മോഡലിംഗിനോട് എതിർപ്പുണ്ടായിരുന്നതിനാൽ താമസിയാതെ അതവസാനിപ്പിച്ച് റിച്ച വീണ്ടും പഠനത്തിലേർപ്പെട്ടു..

 ഡൽഹി യൂണിവേൾസിറ്റിയിൽ നിന്നും കറസ്പോണ്ടിംഗായി റിച്ച ബിരുദം നേടി. തുടർന്ന് കിംഗ് ഫിഷർ എയർലൈൻസിൽ എയർ ഹോസ്റ്റസായി ജോലിയിൽ പ്രവേശിച്ചു. ആ സമയത്താണ് റിച്ച പനായ് മലയാള പരസ്യ ചിത്രങ്ങളിൽ അഭിനയിയ്ക്കുന്നത്. അത് സിനിമയിലേയ്ക്കുള്ള പ്രവേശനത്തിന് സഹായകരമായി. 2011-ൽ  വാടാമല്ലി എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് റിച്ച പനായി സിനിമാഭിനയത്തിന് തുടക്കമിടുന്നത്. ആ വർഷം തന്നെ ബാങ്കോക്ക് സമ്മർ, സാൻവിച്ച് എന്നീ സിനിമകളിലും നായികയായി അഭിനയിച്ചു. സാൻവിച്ചിൽ കുഞ്ചാക്കോ ബോബന്റെ നായികയായതോടെയാണ് റിച്ച പനായ് ശ്രദ്ധിയ്ക്കപ്പെടുന്നത്. 2012-ൽ Yamudiki Mogudu എന്ന സിനിമയിലൂടെ തെലുങ്കിലും റിച്ച അഭിനയിയ്ക്കാൻ തുടങ്ങി. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പതിനഞ്ചോളം സിനിമകളിൽ റിച്ച പനായ് അഭിനയിച്ചിട്ടുണ്ട്.