ജോർജ്ജ് ഓണക്കൂർ

George Onakkoor
Date of Birth: 
Friday, 14 November, 1941
കഥ: 4
സംഭാഷണം: 6
തിരക്കഥ: 7

എറണാകുളം ജില്ലയിലെ മുവാറ്റുപുഴയിലാണ് ജോർജ്ജ് ഓണക്കൂർ ജനിച്ചത്. കഥാകാരൻ, സാഹിത്യവിമർശകൻ, തിരക്കഥാകൃത്ത്, സഞ്ചാര സാഹിത്യകാരൻ എന്നീ നിലകളിലൊക്കെ പ്രശസ്തനാണ് അദ്ധേഹം. കൗമുദി വാരികയിലെ ബാലപംക്തിയിലാണ് ജോർജ്ജ് ഓണക്കൂറിന്റെ ആദ്യ കഥ അച്ചടിച്ചു വരുന്നത്. അത് പിന്നീട് അകലെ ആകാശം എന്ന നോവലായി. ബാലകൈരളി വിജ്ഞ്യാന കോശത്തിന്റെ ശില്പിയായ ജോർജ്ജ് ഓണക്കൂർ ബാലസാഹിത്യ ഇൻസ്റ്റിസ്റ്റ്യൂട്ട് ഡയറക്റ്ററായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ജവഹർലാൽ നെഹ്രു പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. കേരള ഭാഷാഗംഗ ആണ് ജോർജ്ജ് ഓണക്കൂറിന്റെ ആദ്യം പ്രസിദ്ധീകരിച്ച ഗ്രന്ഥം.

ഇല്ലം, ഉൾക്കടൽ, കൽത്താമര, സമതലങ്ങൾക്കപ്പുറം, എഴുതാപ്പുറങ്ങൾ, ഹൃദയത്തിൽ ഒരു വാൾ, പർവതങ്ങളിലെ കാറ്റ്.. എന്നിവയുൾപ്പെടെ പതിഞ്ചിലധികം നോവലുകളും നിരവധി ചെറുകഥകളും ജോർജ്ജ് ഓണക്കൂർ എഴുതിയിട്ടുണ്ട്. കൂടാതെ നായക സങ്കൽപ്പം മലയാള നോവലിൽ എന്ന ഗവേഷണ പ്രബന്ധവും മൂന്ന് യാത്രാ വിവരണ ഗ്രന്ഥങ്ങളും  ജീവചരിത്ര പഠന ഗ്രന്ഥങ്ങളും ബാലസാഹിത്യ കൃതികളും സാഹിത്യവിമർശന ഗ്രന്ഥങ്ങളും ജോർജ്ജ് ഓണക്കൂർ രചിച്ചിട്ടുണ്ട്. കൂടാതെ  ഹൃദയരാഗങ്ങൾ എന്ന ആത്മകഥയും അദ്ധേഹം എഴുതിയിട്ടുണ്ട്. ഹൃദ്യയരാഗങ്ങൾക്ക് 2021 -ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

1978 -ൽ കൈതപ്പൂ എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് ജോർജ്ജ് ഓണക്കൂർ ചലച്ചിത്രമേഖലയിലേയ്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ഏഴ് സിനിമകൾക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. അവയിൽ ഏറ്റവും പ്രശസ്തമായ സിനിമ ഉൾക്കടൽ ആയിരുന്നു.

അവാർഡുകൾ - 

  • 1980 - കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം / നോവൽ - ഇല്ലം
  • 1996 - സഹോദരൻ അയ്യപ്പൻ പുരസ്കാരം - എം. പി. പോൾ: കലാപത്തിന്റെ തിരുശേഷിപ്പുകൾ.
  • 2004 - കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം / യാത്രാവിവരണം - അടരുന്ന ആകാശം
  • 2006 - കെ.സി.ബി. സി. അവാർഡ്‌ - ഹൃദയത്തിൽ ഒരു വാൾ
  • 2006 - കേരളശ്രീ അവാർഡ് - ഹൃദയത്തിൽ ഒരു വാൾ
  • 2006 - തകഴി അവാർഡ് - ഹൃദയത്തിൽ ഒരു വാൾ
  • 2009 - കേശവദേവ് സാഹിത്യ അവാർഡ് - പർവതങ്ങളിലെ കാറ്റ്
  • 2021- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം / ആത്മകഥ - ഹൃദയരാഗം

വിവരങ്ങൾക്ക് കടപ്പാട് റിജു അത്തോളി