ലിജിൻ ജോസ്

Lijin Jose

ആലപ്പുഴ കൈനകരി സ്വദേശിയായ ലിജിൻ ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം "സി-ഡിറ്റി"ൽ നിന്ന് ഫിലിം മേക്കിംഗ് പഠിച്ചു. ഫോട്ടോഗ്രഫിയിൽ കമ്പമുണ്ടായിരുന്നതിനാൽ ക്യാമറമാനായി സിനിമയിലെത്തണമെന്ന് ആഗ്രഹിച്ചിരുന്ന ലിജിൻ, സംവിധായകൻ വി കെ പ്രകാശിന്റെ സംവിധാന സഹായിയാണ് സിനിമയിൽ തുടക്കം കുറിച്ചത്.തുടർന്ന് ടി.കെ രാജീവ് കുമാർ, ദിപു കരുണാകരൻ, ലിജി പുല്ലേപ്പള്ളി, സുനിൽ കാര്യാട്ടുകര എന്നീ സംവിധായകരോടൊത്ത് വിവിധ ചിത്രങ്ങളിൽ പ്രവർത്തിച്ചു.

ഫഹ്ദ് ഫാസിൽ നായകനായി എത്തിയ "ഫ്രൈഡേ" ആണ് ആദ്യമായി സ്വതന്ത്ര സംവിധാനം നിർവ്വഹിച്ച ചിത്രം. സുഹൃത്തായ നജിമുമൊത്ത് ചെയ്യാനുദ്ദേശിച്ച ചെറുഫിലിമുകളാണ് ഫ്രൈഡേ എന്ന പേരിൽ ചലച്ചിത്രമായി രൂപപ്പെട്ടത്. രണ്ടാമത്തെ ചിത്രം കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച "ലോ പോയിന്റ്". ലിജിൻ സി-ഡിറ്റിനു വേണ്ടി സംവിധാനം ചെയ്ത "Night is difficult to Cut" എന്ന ചലച്ചിത്രം 2002ൽ യുജിസിയുടെ മികച്ച സ്റ്റുഡന്റ് ഫിലിം എന്ന അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയിരുന്നു. ലിജിൻ സംവിധാനം ചെയ്ത "Conditions Apply" എന്ന ഷോർട് ഫിലിമും ശ്രദ്ധേയമായിരുന്നു.