ശ്രുതി മേനോൻ

Shruthi Menon

മലയാള ചലച്ചിത്ര നടി. അവതാരിക... 1984 ഏപ്രിൽ 19 ന്  ശ്രീവത്സൻ ഉണ്ണി മേനോന്റെ മകളായി മുംബൈയിൽ ജനിച്ചു. മുംബൈയിൽ മാസ് മീഡിയയിൽ അഡ്വടൈസിംഗ് കോഴ്സ് കഴിഞ്ഞ ശ്രുതി മേനോൻ മാസ്റ്റർ ഓഫ് സെറിമണീസിൽ പ്രൊഫെഷണലുമാണ്. അതിനുശേഷം കേരളത്തിലെത്തിയ ശ്രുതി ഇവിടെ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും മിസ് കേരള റണ്ണറപ്പാകുകയും ചെയ്തു.

അതിനു ശേഷമാണ് സിനിമയിലേയ്ക്കെത്തുന്നത്. 2004 ൽ ലിജി ജെ പുല്ലപ്പള്ളി സംവിധാനം ചെയ്ത സഞ്ചാരം എന്ന സിനിമയിലായിരുന്നു ശ്രുതി ആദ്യമായി അഭിനയിച്ചത്. രണ്ടുപെൺകുട്ടികളൂടെ പ്രണയവും സ്വവർഗരതിയും വിഷയമാക്കിയ സിനിമയിൽ ശക്തമായ ലഗ്സ്പിയൻ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. സഞ്ചാരം ദേശീയ അന്താരാഷ്ട്ര മേളകളിൽ ശ്രദ്ധിയ്ക്കപ്പെട്ട ചിത്രമായിരുന്നു. അതിനുശേഷം മുല്ല എന്ന സിനിമയിൽ നല്ലൊരു വേഷം ചെയ്തു. അപൂർവരാഗം, ഇലക്ട്ര, കിസ്മത്ത്.. എന്നിവയുൾപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.  കിസ്മത്ത് ലെ ശ്രുതിയുടെ അഭിനയം നിരുപക പ്രശംസ നേടിയിരുന്നു.

സിനിമകൾ കൂടാതെ ടെലിവിഷൻ, സ്റ്റേജ് ഷോകളുടെ അവതാരിക എന്ന നിലയിൽ പ്രശസ്തയാണ് ശ്രുതി മേനോൻ. 2006 - 2007 കാലത്ത് അമൃത ടിവി സൂപ്പർ സ്റ്റാർ സീസൺ 1 അവതാരികയായിട്ടായിരുന്നു ശ്രുതിയുടെ ആങ്കറിംഗ് രംഗത്തെ തുടക്കം. തുടർന്ന് പല മലയാളം ചാനലുകളുടെയും റിയാലിറ്റി ഷോകളുടെ അവതാരികയായി. സോനു നിഗത്തിന്റെ ലോകമെമ്പാടുമുള്ള മ്യൂസിക് ഷോകളുടെ അവതാരികയായിരുന്നു. ശ്രുതി മേനോൻ 2017 ൽ ബിസിനസുകാരനായ സാഹിൽ ടിംബാഡിയയെ വിവാഹം കഴിച്ചു.