ബിയാട്രീസ്

Beatrice

ഫോർട്ട് കൊച്ചിയിലെ ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബമായ ഇലഞ്ഞിക്കൽ വക്കോ-മറിയം ദമ്പതികളുടെ മകളായാണ് ബിയാട്രീസ് ജനിച്ചത്. എട്ടാമത്തെ വയസ്സ് മുതൽ കലാരംഗത്ത് പ്രവർത്തിച്ച് തുടങ്ങിയ ബിയാട്രീസ് പി ജെ ആന്റണിയുടെ നാടകങ്ങളിലൂടെയാണ് പ്രശസ്ഥയാവുന്നത്. പി ജെ തിയറ്റേഴ്സിന്റെ “ഞങ്ങളുടെ മണ്ണ്, വിശപ്പ്” എന്നീ നാടകങ്ങളിൽ ഖാൻ സാഹിബ്, എൻ ഗോവിന്ദൻ കുട്ടി, എഡ്ഡി മാസ്റ്റർ തുടങ്ങിയ പ്രശസ്തരോടൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1957 മുതൽ കെ പി എ സിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാരംഭിച്ചു. “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി” യിലെ മാല, “മുടിയനായ പുത്രനിലെ” രാധ തുടങ്ങി അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സൂര്യസോമ, സംഗമിത്ര, പൂഞ്ഞാർ നവധാര തുടങ്ങി കേരളത്തിലെ പല പ്രശസ്തമായ നാടക ട്രൂപ്പുകൾക്കുമൊപ്പം പ്രവർത്തിച്ചു.

1988ൽ കേരള സംഗീത അക്കാദമി പുരസ്ക്കാരം, അങ്കമാലി പൂജയുടെ “ദേശവിളക്ക്” എന്ന നാടകത്തിലൂടെ 1988ൽ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡ് എന്നീ പുരസ്ക്കാരങ്ങളും ലഭ്യമായി. ഭർത്താവ് ജോസഫ് അകാലത്തിൽ മരിച്ച് പോയതിനു ശേഷം കൊച്ചിയിലെ കൂവപ്പാടം എന്ന പ്രദേശത്ത് മകൾ ആശയോടും കുടുംബത്തോടുമൊപ്പം കഴിയുകയാണ് ബിയാട്രിസ്. മലയാള സിനിമയിലും നല്ല വേഷങ്ങൾ അവതരിപ്പിച്ചു.