പ്രഭു

Prabhu

തെന്നിന്ത്യൻ ചലച്ചിത്ര നടൻ.  1956 ഡിസംബറിൽ പ്രശസ്ത തമിഴ് ചലച്ചിത്രതാരം ശിവാജി ഗണേശന്റെയും കമലയുടെയും മകനായി മദ്രാസിൽ ജനിച്ചു. ബിഷപ്പ് കോട്ടൻ സ്കൂൾ ബംഗ്ലൂരിലായിരുന്നു പ്രഭുവിന്റെ വിദ്യാഭ്യാസം. പഠനത്തിനുശേഷം എക്സിക്യുട്ടീവ് പ്രൊഡ്യൂസറായി പ്രഭു സിനിമാ നിർമ്മാണമേഖലയിലേയ്ക്ക് പ്രവേശിച്ചു. അദ്ദേഹത്തിന്റെ അമ്മാമൻ വി സി ഷണ്മുഖത്തിന്റെ കൂടെയായിരുന്നു പ്രഭു വർക്ക് ചെയ്തത്.

സി വി രാജേന്ദ്രൻ സംവിധാനം ചെയ്ത Sangili ആയിരുന്നു പ്രഭു അഭിനയിച്ച ആദ്യ സിനിമ. 1982-ലായിരുന്നു സിനിമ റിലീസ് ചെയ്തത്. അച്ഛൻ ശിവാജി ഗണേശനോടൊപ്പമായിരുന്നു പ്രഭു അഭിനയിച്ചത്.  തുടർന്ന്  Kozhi Koovuthu, Pudhiya Sangamam എന്നീ സിനിമകളിൽ ആ വർഷം തന്നെ നായകനായി .  Kozhi Koovuthu പ്രഭുവിന്റെ ആദ്യ വിജയചിത്രമായി. താമസിയാതെ എൺപതുകളിലെ മുൻ നിര നായകപദവിയിലേയ്ക്ക് പ്രഭു ഉയർന്നുവന്നു. Aruvadai Naal,  Paalaivana Rojakkal,  രജനീകാന്തിനൊപ്പം അഭിനയിച്ച  Guru Sishyan, മണിരത്നത്തിന്റെ Agni Natchathiram  ഇവയെല്ലാം പ്രഭു അഭിനയിച്ച് സാമ്പത്തികമായി വിജയം നേടിയ സിനിമകളാണ്. 1991-ൽ പി വാസു സംവിധാനം ചെയ്ത് പ്രഭു നായകനായ Chinna Thambi തമിഴ് സിനിമയിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണ്. പ്രഭുവിന്റെ നായികയായി അഭിനയിച്ചത് ഖുശ്ബുവായിരുന്നു. പ്രഭു - ഖുശ്ബു ജോഡി തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരമായി. തുടർന്ന് ഇവർ ഒന്നിച്ചഭിനയിച്ച പല ചിത്രങ്ങളും വിജയംകൊയ്തു. 1996-ലാണ് പ്രഭു മലയാളസിനിമയിൽ അഭിനയിയ്ക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി  ആയിരുന്നു പ്രഭുവിന്റെ ആദ്യ മലയാള ചിത്രം. തുടർന്ന് 2002-ൽ ജയറാമിനൊപ്പം മലയാളിമാമന് വണക്കം എന്ന സിനിമയിൽ അഭിനയിച്ചു. 2010-ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രമാണി എന്ന ചിത്രത്തിൽ പ്രഭു അഭിനയിച്ചു. 2020- ൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലും അഭിനയിച്ചു. എട്ട് മലയാള ചിത്രങ്ങളിൽ പ്രഭു അഭിനയിച്ചിട്ടുണ്ട്. 1980 -90 കാലങ്ങളിൽ തമിഴിലെ മുൻ നിരനായകനായിരുന്ന പ്രഭു 2000- ത്തിനുശേഷം സപ്പോർട്ടിംഗ് റോളുകളിലേയ്ക്കും കാരക്ടർ റോളുകളിലേയ്ക്കും മാറി. 

പ്രഭുവിന്റെ ഭാര്യ പുനീത, രണ്ടു മക്കളാണ് പ്രഭു - പുനീത ദമ്പതികൾക്കുള്ളത്. മകൻ വിക്രം പ്രഭു, മകൾ ഐശ്വര്യ പ്രഭു. മകൻ വിക്രം പ്രഭു സിനിമാ താരമാണ്.