ലക്ഷ്മി

Lakshmi

തെന്നിന്ത്യൻ ചലച്ചിത്ര താരം. 1952- ഡിസംബറിൽ ചെന്നൈയിൽ തെലുങ്ക് - തമിഴ് ബ്രാഹ്മിൺ കുടുംബത്തിൽ ജനിച്ചു. യാരാഗുഡിപതി വരദ റാവുവായിരുന്നു പിതാവ്. അമ്മ കുമാരി രുഗ്മിണി തമിഴ് സിനിമാനടിയായിരുന്നു. അച്ഛൻ യാരാഗുഡിപതി വരദ റാവു തെലുങ്കു, തമിഴ്, കന്നഡ സിനിമകളിലെ നിർമ്മതാവും സംവിധായകനും, തിരക്കഥാകൃത്തുമൊക്കെയായിരുന്നു. യാരാഗുഡിപതി വെങ്കട മഹാ ലക്ഷ്മി എന്നായിരുന്നു ലക്ഷ്മിയുടെ യഥാർത്ഥ നാമം. 

തമിഴ് സിനിമയിലൂടെയായിരുന്നു ലക്ഷ്മിയുടെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. 1961-ൽ ശ്രീ വള്ളി എന്ന സിനിമയിൽ ബാല നടിയായിട്ടായിരുന്നു അരങ്ങേറ്റം. 1974-ൽ ചട്ടക്കാരി എന്ന സിനിമയിൽ നായികയായിട്ടാണ് ലക്ഷ്മി  മലയാളസിനിമയില്‍ പ്രവേശിക്കുന്നത്. ചട്ടക്കാരിയിലെ അഭിനയത്തിന് 1974-ൽ ലക്ഷ്മിയ്ക്ക് കേരള സംസ്ഥാനചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു. ചട്ടക്കാരി ഹിന്ദിലേയ്ക്ക് ജൂലി എന്ന പേരിലും, തെലുങ്കിലേയ്ക്ക് മിസ്സ് ജൂലി പ്രേമകഥ എന്ന പേരിലും റീമേയ്ക്ക് ചെയ്തു. ചട്ടക്കാരിയുടെ മികച്ച വിജയം ലക്ഷ്മിയെ മലയാളത്തിലെ മുൻ നിരനായികാ പദവിയിലേയ്ക്കുയർത്തി. തുടർന്ന് നിരവധി മലയാള സിനിമകളിൽ നായികയായി. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ, സിനിമകളിലും എഴുപതുകളിൽ പ്രധാന നായികയായിരുന്നു ലക്ഷ്മി. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി ലക്ഷ്മി അഭിനയിച്ചു. 1977-ൽ സിലനേരങ്ങളിൽ സില മനിതർഗള്‍ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് ലക്ഷ്മിയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു.

ജൂലി എന്ന സിനിമ വലിയ വിജയമായെങ്കിലും ലക്ഷ്മി  ഏഴോളം ഹിന്ദി സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ.. ദക്ഷിണേന്ത്യൻ സിനിമകളിലാണ് അവർ കൂടുതൽ ശ്രദ്ധകൊടുത്തത്. നായികാസ്ഥാനത്തുനിന്നും മാറിയതിനുശേഷം ലക്ഷ്മി കാരക്ടർ റോളുകളിലും അമ്മ വേഷങ്ങളിലും എല്ലാം അഭിനയിച്ചു വരുന്നു. 400-ൽ അധികം സിനിമകളിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. നാല് ഭാഷകളിൽ പ്രവീണയാണ് ലക്ഷ്മി. സിനിമകൾ കൂടാതെ ചാനലുകളിലെ ടോക്ക് ഷോകളിൽ ഹോസ്റ്റായും, റിയാലിറ്റി ഷോകളിൽ ജഡ്ജായുമെല്ലാം ലക്ഷ്മി പങ്കെടുക്കാറുണ്ട്.

ലക്ഷ്മി മൂന്നു വിവാഹം കഴിച്ചിട്ടുണ്ട്. 1969-ലായിരുന്നു ആദ്യ വിവാഹം ഒരു ഇൻഷൂറൻസ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ ഒരു മകളാണുള്ളത്. പ്രശസ്ത നടി ഐശ്വര്യ. 1974-ൽ ആ ബന്ധം പിരിഞ്ഞതിനുശേഷം 1975-ൽ മോഹൻ ശർമ്മ എന്ന നടനെ ലക്ഷ്മി വിവാഹം ചെയ്തു. ആ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. പിന്നീട് ലക്ഷ്മി സംവിധായകനും നടനുമായിരുന്ന ശിവചന്ദ്രനെ 1987-ൽ വിവാഹം ചെയ്തു. അവർ ഒരു കുട്ടിയെ ദത്തെടുത്ത് വളർത്തുന്നു. സംയുക്ത എന്നാണ് ആ മകളൂടെ പേര്.