ഇ എം മാധവൻ

E M Madhavan
മാധവൻ
അസിസ്റ്റന്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ

1945 ൽ പങ്കുണ്ണി നായരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ തൃത്താല മേഴത്തൂർ ഇരിക്കപ്പാട്ടിൽ മങ്ങാട്ട് വീട്ടിൽ ജനിച്ചു. തൃത്താല ഹൈസ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷമാണ് മാധവൻ സിനിമാരംഗത്തേയ്ക്കെത്തുന്നത്. 1968 ൽ സിനിമാമോഹവുമായി മാധവൻ മദ്രാസിലെത്തി. അദ്ദേഹത്തിന്റെ ജ്യേഷ്ടന്റെ സുഹൃത്തായിരുന്ന പ്രശസ്ത ഫിലിം എഡിറ്റർ കെ ശങ്കുണ്ണിയുടെ അടുത്താണ് മാധവൻ അവസരം ചോദിച്ചെത്തിയത്. ശങ്കുണ്ണി തന്റെ അപ്രന്റിസായി മാധവനെ ജോലിക്കെടുത്തു. 1969 ൽ മൂലധനം എന്ന സിനിമയിലാണ് ഇ എം മാധവൻ ആദ്യമായി ശങ്കുണ്ണിയുടെ സഹായിയായി പ്രവർത്തനം തുടങ്ങിയത്.

1970- ൽ റിലീസായ രക്തപുഷ്പം എന്ന സിനിമയിലൂടെ മാധവൻ കെ ശങ്കുണ്ണിയുടെ അസിസ്റ്റന്റ് എഡിറ്ററായി മാറി. പിന്നീട് മുന്നൂറിലധികം സിനിമകളിൽ ശങ്കുണ്ണിയോടൊപ്പം പ്രവർത്തിച്ചു. 1986 ൽ ഒ എസ് ഗിരീഷ് സംവിധാനം ചെയ്ത കട്ടുറുമ്പിനും കാതുകുത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര എഡിറ്ററായി. തുടർന്ന് ഇരുപത്തിയഞ്ചോളം സിനിമകളിൽ എഡിറ്ററായി പ്രവർത്തിച്ചു. 2000- ത്തിൽ ഇറങ്ങിയ തെക്കേക്കര സൂപ്പർഫാസ്റ്റ് ആയിരുന്നു മാധവൻ ചിത്രസംയോജനം നിർവഹിച്ച അവസാന ചിത്രം. അതിനുശേഷം അദ്ദേഹം സജീവ സിനിമാജീവിതത്തിൽ നിന്നും വിട്ടുനിന്നു. പി ഭാസ്കരൻ, ശശികുമാർ, എ ബി രാജ്,  കൃഷ്ണൻ നായർ, ശ്രീകുമാരൻ തമ്പി, ഉദ്യോഗസ്ഥ വേണു, ലിസ ബേബി, ജോഷി, പ്രിയദർശൻ, കൊച്ചിൻ ഹനീഫ, ഡെന്നീസ് ജോസഫ്, തമ്പി കണ്ണന്താനം, ടി എസ് സുരേഷ് ബാബു, ജോമോൻ, റോയ് പി തോമസ്, താഹ തുടങ്ങി ഒട്ടേറെ പ്രമുഖ സംവിധായകരുടെ സിനിമകളിൽ ഇ എം മാധവൻ ചിത്രസംയോജന മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇ എം മാധവന്റെ ഭാര്യ പ്രസന്ന. മൂന്നു മക്കൾ പ്രമോദ്, പ്രബിത, പ്രജിത 

 

 

വിവരങ്ങൾക്ക് കടപ്പാട് - മാതൃഭൂമി പത്രം.