വള്ളത്തോൾ

Vallathol
Date of Death: 
Thursday, 13 March, 1958
എഴുതിയ ഗാനങ്ങൾ: 3

1878 ഒക്ടോബർ 16 -ന് കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി മലപ്പുറം ജില്ലയിലെ തിരൂരിൽ ജനിച്ചു.അമ്മാവനായിരുന്ന വള്ളത്തോൾ രാവുണ്ണിമേനോന് കീഴിൽ നടന്ന സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു..പന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതിത്തുടങ്ങി. കിരാത ശതകം, വ്യാസാവതാരം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകാല കൃതികൾ. 1894 -ൽ ഭാഷാപോഷിണി മാസികയുടെ കവിതാ പുരസ്‌കാരം അദ്ദേഹം നേടി. തുടർന്ന് ഭാഷാപോഷിണി, കേരള സഞ്ചാരി, വിജ്ഞാന ചിന്താമണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി  1907 -ൽ വള്ളത്തോൾ നാരായണ മേനോൻ വാത്മീകി രാമായണം മലയാളം തർജ്ജമ പൂർത്തിയാക്കി. 1908 -ൽ ഒരു രോഗബാധയെ തുടർന്ന് കേഴ്വിശക്തി നഷ്ഠപ്പെട്ടു. ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത അദ്ദേഹം രചിക്കുന്നത്. 1915 -ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി.

ആധുനിക മലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകത കൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാള ഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിച്ചതും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി ചെറുതുരുത്തിയിൽ കേരള കലാമണ്ഡലം സ്ഥാപിച്ചതും വള്ളത്തോൾ നാരായണ മേനോനായിരുന്നു. 1924 -ൽ വൈക്കം സത്യാഗ്രഹകാലത്ത് വള്ളത്തോൾ മഹാത്മാ ഗാന്ധിയെ നേരിട്ടുകണ്ടു, ഗാന്ധിജിയുടെ ആരാധകനായ വള്ളത്തോൾ മഹാത്മജിയെപ്പറ്റിയെഴുതിയ ‘എന്റെ ഗുരുനാഥൻ’ പ്രശസ്തമാണ്. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു ഇദ്ദേഹം. 

വിവർത്തകനെന്ന നിലയിൽ വള്ളത്തോളിന്റെ സംഭാവനകൾ മഹത്താണ്. വാല്മീകി രാമായണത്തിന് പുറമെ അഭിജ്ഞാന ശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മ പുരാണം, മാർക്കണ്ഡേയപുരാണം, വാമന പുരാണം, മത്സ്യ പുരാണം, ഊരുഭംഗം, മധ്യമ വ്യായോഗം, അഭിഷേക നാടകം, സ്വപ്ന വാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവർത്തനം ചെയ്ത ഇദ്ദേഹത്തിന്റെ നിരവധി കവിതകൾ മലയാള ചലച്ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ജീവിതനൗക എന്ന സിനിമയിലായിരുന്നു വള്ളത്തോൾ കവിത ചലച്ചിത്ര ഗാനമായി ആദ്യം ഉപയോഗിച്ചത്. അതിനുശേഷം സുശീല, അഭയം എന്നീ സിനിമകളിലും വള്ളത്തോൾ കവിതകൾ ഗാനങ്ങളായി.

1958 മാർച്ച് 13 -ന്  വള്ളത്തോൾ അന്തരിച്ചു.