ചന്ദ്രമോഹൻ

Chandramohan

തിരുവനന്തപുരം സ്വദേശി. ആകാശവാണിയിലൂടെ പ്രശസ്തരായ പി ഗംഗാധരൻ നായരുടേയും ടി പി രാധാമണിയുടെയും മൂന്ന് ആണ്മക്കളിലൊരുവനായി ജനനം. റേഡിയോ ലോകത്ത് വളരെ പ്രശസ്തനായ റേഡിയോ അമ്മാവൻ എന്ന പേരിലായിരുന്നു അച്ഛൻ പി ഗംഗാധരൻ നായർ അറിയപ്പെട്ടിരുന്നത്. അമ്മ ടി പി രാധാമണി ആകാശവാണിയിലെ ഡ്രാമാ ആർട്ടിസ്റ്റും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു. ഡബ്ബിംഗ് രംഗത്ത് ഏറെ പരിചയമുള്ള ചന്ദ്രമോഹൻ നായകനടന്മാരുടെ ശബ്ദത്തിലൂടെ ആണ് ശ്രദ്ധേയനാവുന്നത്.  ശങ്കറിന്റെ തുടക്കകാലം മുതൽ ശങ്കറിന് ശബ്ദം കൊടുത്തു, ഏകദേശം 170 സിനിമകൾ വരെ ശങ്കറിന് ശബ്ദമായത് ചന്ദ്രമോഹനാണ്. ശങ്കറിനു പുറമേ റഹ്മാൻ, സുരേഷ് ഗോപി, ഷാനവാസ്, രാജ്കുമാർ, രവീന്ദ്രൻ എന്ന് തുടങ്ങി മലയാള സിനിമയിൽ ഏറ്റവും ദീർഘകാലം നായക ശബ്ദത്തിന് ഡബ്ബ് ചെയ്തു എന്നത് ചന്ദ്രമോഹന് മാത്രം അവകാശപ്പെടാവുന്ന കാര്യമാണ്.

ആകാശവാണിയിൽ അമ്മ ടിപി രാധാമണിക്കൊപ്പം പോയ പരിചയം മാത്രമാണ് ചന്ദ്രമോഹനുണ്ടായിരുന്നത്. മദ്രാസിൽ വാര്യർ & വാര്യർ അസോസിയേറ്റ്സിൽ ജോലി ചെയ്യുമ്പോൾ സുഹൃദ് വലയത്തിലുണ്ടായിരുന്ന എഡിറ്റർ ശങ്കുണ്ണി വഴിയാണ് ഡബ്ബിംഗിലേക്കെത്തുന്നത്. ആശീർവാദം എന്ന സിനിമയിൽ കമലഹാസന് വേണ്ടി ഡബ്ബ് ചെയ്ത് മലയാള സിനിമയിൽ തുടക്കമിട്ടു. മലയാളത്തിനു പുറമേ മലയാളത്തിലേക്ക് മൊഴിമാറ്റിയ ചിത്രങ്ങളിൽ ചിരഞ്ജീവിക്കും ശബ്ദമായിരുന്നു ചന്ദ്രമോഹൻ. ഏകദേശം 42 വർഷക്കാലം മദ്രാസിൽ കഴിഞ്ഞ ചന്ദ്രമോഹൻ ഡബ്ബിംഗ് ആർട്ടിസ്റ്റു കൂടിയായ അമ്പിളിയെയായാണ് വിവാഹം കഴിച്ചത്. ചെറുപ്പകാലത്ത് തന്നെ പരസ്പരം അറിയാമായിരുന്ന ചന്ദ്രമോഹൻ-അമ്പിളിയുടേത് പ്രണയവിവാഹമായിരുന്നു. എട്ടാമത്തെ വയസ്സിൽ ഭക്ത മാർക്കണ്ഠേയ എന്ന കുട്ടികളുടെ സിനിമയിൽ ഡബ്ബ് ചെയ്ത് തുടങ്ങിയ അമ്പിളി മലയാള സിനിമയിൽ മോനിഷയുടെ സ്ഥിരം ശബ്ദമായിരുന്നു.

മലയാള സിനിമ പയ്യെ മദ്രാസിൽ നിന്ന് കേരളത്തിലേക്ക് മാറിത്തുടങ്ങിയ സമയത്ത് അമ്പിളിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവുമായി മദ്രാസിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറിയ ചന്ദ്രമോഹന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞെങ്കിലും ടെലിവിഷനിലും സീരിയൽ രംഗത്തുമൊക്കെ സജീവമായിരുന്നു. എന്നാൽ 2018 ഓഗസ്റ്റിൽ അമ്പിളി ബ്രെയിൻ ട്യൂമർ ബാധിച്ച് അപ്രതീക്ഷിതമായി മരണപ്പെട്ട ശേഷം ചന്ദ്രമോഹൻ പത്തനാപുരം ഗാന്ധിഭവനിലേക്ക് എത്തപ്പെട്ടു. 2005ലെ ക്രിട്ടിക്സ് അവാർഡ് നേടിയ ചന്ദ്രമോഹൻ ഗാന്ധിഭവനു വേണ്ടിയും ഡബ്ബ് ചെയ്തിരുന്നു. അവസരങ്ങളിനിയും ലഭ്യമായാൽ രംഗത്ത് തുടരണമെന്ന് ആഗ്രഹിക്കുന്ന ചന്ദ്രമോഹന് സമാനഹൃദയരും പ്രായക്കാരുമൊക്കെയുള്ള ഗാന്ധിഭവനാണ് ജീവിതം അപ്രതീക്ഷിതമായി കൊണ്ടു വന്ന ശൂന്യതയിൽ നിലവിലുള്ള ആശ്വാസം.

റഹ്മാൻ, വിനീത്, നഹാസ്, വിക്രം തുടങ്ങിയ നടന്മാർക്കും, പിന്നെ ഞാൻ ഗന്ധർവ്വനിലെ ഗന്ധർവ്വനായ നിതീഷ് ഭരദ്വാജിനുമൊക്കെ ശബ്ദം കൊടുത്ത് പ്രൊഫഷണൽ രംഗത്തുള്ള നന്ദകുമാർ ചന്ദ്രമോഹന്റെ സഹോദരനാണ്.   

വാർത്തകൾക്കും പ്രൊഫൈലിനും അവലംബം : മനോരമ ആർട്ടിക്കിൾ