ലക്ഷ്മി ഗോപാലസ്വാമി

Lakshmi Gopalaswami

തെന്നിന്ത്യൻ ചലച്ചിത്ര നടി. ഗോപാലസ്വാമിയുടെയും ഉമയുടെയും മകളായി ബാംഗ്ലൂരിൽ ജനിച്ചു. സംഗീതജ്ഞ്യയായ അമ്മയാണ് ലക്ഷ്മിഗോപാലസ്വാമിയുടെ സംഗീതത്തിലെ ആദ്യഗുരു. സംഗീതത്തോടൊപ്പം നൃത്ത പഠനവും തുടങ്ങിയ ലക്ഷ്മി നല്ലൊരു ഭരതനാട്യം നർത്തകിയായിമാറി.  2000- ത്തിൽ മമ്മൂട്ടി നായകനായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി ആദ്യമായി അഭിനയിയ്ക്കുന്നത്. ആ സിനിമയിലെ അഭിനയത്തിന് 2000- ത്തിലെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കി. തനിയെ, പരദേശി എന്നീ സിനിമകളിലെ അഭിനയത്തിന് 2007- ൽ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വീണ്ടും ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് ലഭിച്ചു.

മലയാള സിനിമകൾ കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചിട്ടുണ്ട്. 2010- ൽ കന്നഡ സിനിമയായ Aptharakshaka- യിൽ ദുരാത്മാവ് ആവേശിച്ച നർത്തകിയായി അവർ അഭിനയിച്ചു. വിഷ്ണുവർദ്ദൻ നായകനായ ഈ സിനിമ വലിയ സാമ്പത്തിക വിജയമാവുകയും ലക്ഷ്മിയുടെ അഭിനയം വലിയതോതിൽ നിരൂപക പ്രശംസ നേടുകയും ചെയ്തു. 2014-ൽ  Vidaaya എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കർണ്ണാടക സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലക്ഷ്മി ഗോപാല സ്വാമിയ്ക്ക് ലഭിച്ചു. മുപ്പതിലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും ലക്ഷ്മി അഭിനയിച്ചു വരുന്നു. 

 കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം കേരളത്തിൽ വളരെ പ്രശസ്തമായി.  സിനിമകളെക്കാൾ നൃത്തത്തിന് പ്രാധാന്യം കൊടുക്കുന്ന ലക്ഷ്മി ഗോപാലസ്വാമി ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.