മീര ജാസ്മിൻ

Meera Jasmin
Meera Jasmine
Date of Birth: 
Wednesday, 15 February, 1984
ആലപിച്ച ഗാനങ്ങൾ: 1

ജാസ്മിൻ മേരി ജോസഫ് എന്ന് യഥാർത്ഥ നാമം.

ഡോക്ടർ ആവാൻ ആഗ്രഹിച്ച്,അപ്രതീക്ഷിതമായി സിനിമയിലെത്തി അഭിനയത്തിനു ദേശീയ അവാർഡ് വരെ കരസ്ഥമാക്കിയ ചരിത്രമാണ് മീര ജാസ്മിന്റേത്. 2001ൽ ചങ്ങനാശ്ശേരി അസ്സംപ്ഷൻ കോളേജിൽ സുവോളജി ബിരുദത്തിനു പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ലോഹിതദാസ് തന്റെ "സൂത്രധാരൻ" എന്ന സിനിമയിൽ നായിക ആയി മീരയെ സിനിമയിൽ അവതരിപ്പിയ്ക്കുന്നത്. തന്റെ അഭിനയശേഷി കൊണ്ട് പ്രേക്ഷക-നിരൂപകശ്രദ്ധ നേടിയ മീര, തുടർന്ന് കമൽ,ടി വി ചന്ദ്രൻ,സത്യൻ അന്തിക്കാട്,ശ്യാമപ്രസാദ്,ബ്ലെസ്സി തുടങ്ങിയ മുൻനിര സംവിധായകരുടെ സിനിമകളിൽ കരാർ ചെയ്യപ്പെടുകയും മികച്ച അഭിനയം കാഴ്ചവെയ്ക്കുകയും ചെയ്തു.

2003ൽ അഭിനയിച്ച "കസ്തൂരിമാൻ"(സംവിധാനം:ലോഹിതദാസ്), "പാഠം ഒന്ന് ഒരു വിലാപം"(സംവിധാനം:ടി വി ചന്ദ്രൻ) എന്നീ സിനിമകൾ മീരയ്ക്ക് ഒട്ടേറെ പുരസ്കാരങ്ങൾ നേടിക്കൊടുത്തു. കസ്തൂരിമാനിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരം നേടിയ മീര, പാഠം ഒന്ന് ഒരു വിലാപം എന്ന സാമൂഹികപ്രസക്തിയുള്ള സിനിമയിലെ, കൗമാരവിവാഹത്തിനു വിധേയ ആകേണ്ടി വന്ന 15 വയസ്സുകാരിയുടെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ചതിനു ആ വർഷത്തെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും നേടി. "പെരുമഴക്കാലം"(സംവിധാനം:കമൽ,2004), ഐ എഫ് എഫ് ഐ 2007ൽ ഇൻഡ്യൻ പനോരമ വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട "ഒരേ കടൽ"(സംവിധാനം:ശ്യാമപ്രസാദ്) എന്നീ സിനിമകളിലും മീരയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഒരേ കടലിലെ അഭിനയത്തിന് 2007ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാനപുരസ്കാരവും നേടി.

മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക്,കന്നഡ എന്നീ ഭാഷാസിനിമകളിലും അഭിനയിയ്ക്കുന്ന മീര ജാസ്മിൻ അവിടങ്ങളിലും മുൻനിര നടിമാരിൽ സ്ഥാനം നേടിയിട്ടുണ്ട്. 2002ൽ ലിംഗുസ്വാമി സംവിധാനം ചെയ്ത "റൺ" എന്ന സിനിമയിലൂടെയാണ് തമിഴ് സിനിമാപ്രവേശം. തുടർന്ന് ചെയ്ത "ബാല"(സംവിധാനം:ദീപക്),"ആയുധ എഴുത്ത്"(സംവിധാനം:മണിരത്നം),"മെർക്കുറിപ്പൂക്കൾ"(സംവിധാനം:എസ് എസ് സ്റ്റാൻലി) തുടങ്ങിയവയെല്ലാം ശ്രദ്ധേയങ്ങളായിരുന്നു. "റൺ" സിനിമയുടെ തെലുങ്ക് പതിപ്പിലൂടെയാണ് തെലുങ്ക് സിനിമയിൽ അരങ്ങേറുന്നത്. 2004ൽ "മൗര്യ" എന്ന സിനിമയിലൂടെ കന്നഡ സിനിമയിലും അഭിനയത്തിന് തുടക്കമിട്ടു. 2014 വരെ പന്ത്രണ്ട് തെലുങ്ക് സിനിമകളിലും അഞ്ച് കന്നഡ സിനിമകളിലും വേഷമിട്ടിട്ടുണ്ട് മീര ജാസ്മിൻ.

പത്തനംതിട്ടയിലെ തിരുവല്ല സ്വദേശിനിയാണ്. ജോസഫ്, ഏലിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തിരുവല്ല മാർത്തോമാ റെസിഡൻഷ്യൽ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 2014 ഫെബ്രുവരി 12ന് ദുബായിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ, തിരുവനന്തപുരം നന്ദാവനം സ്വദേശി അനിൽ ജോൺ ടൈറ്റസിനെ വിവാഹം കഴിച്ചു.