അനില ശ്രീകുമാർ

Anila Sreekumar

മലയാള ചലച്ചിത്ര സീരിയൽ താരം.  കോഴിക്കോട് ചേവായൂരാണു അനിലയുടെ സ്വദേശം. മെഡിക്കൽ കോളജിലെ ചീഫ് റേഡിയോഗ്രഫറായിരുന്ന പീതാംബരന്റെയും നേഴ്സായിരുന്ന പത്മാവതിയുടെയും മകളാണ് അനില. ചേവായൂർ പ്രസ്ന്റേഷൻ സ്കൂളിലായിരുന്നു അനിലയുടെ പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പത്തിലേ അനില നൃത്തം പഠിച്ചിരുന്നു. കലാമണ്ഡലം സരസ്വതി ടീച്ചറും കലാമണ്ഡലം ക്ഷേമാവതി ടീച്ചറുമായിരുന്നു ഗുരുക്കന്മാർ.ഒാട്ടൻതുള്ളലിൽ അനിലയുടെ ഗുരു കലാമണ്ഡലം പ്രഭാകരനാണ്...

 1992-ൽ ഹരിഹരന്റെ സർഗ്ഗം എന്ന ചിത്രത്തിലാണ് അനില ആദ്യമായി അഭിനയിക്കുന്നത്, വളരെ ചെറിയ ഒരു വേഷം. കുട്ടികളുമൊത്ത് പാട്ടു പാടുന്ന രംഗം.
 പിന്നീട് ഹരിഹരന്റെ പരിണയത്തിൽ വിനീതിന്റെ അനുജത്തിയായി അഭിനയിച്ചു. സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളിലായിരുന്നു കൂടുതലും അഭിനയിച്ചത്. സിനിമകളേക്കാൾ കൂൢടുതൽ ടെലിവിഷൻ സീരിയലുകളിലായിരുന്നു അനില അഭിനയിച്ചിരുന്നത്. സീരിയലുകളിലാണ് അവർക്ക് നല്ല വേഷങ്ങൾ ലഭിച്ചിരുന്നത്. ദൂരദർശൻ സംപ്രേഷണം ചെയ്ത ‘ദീപനാളത്തിനു ചുറ്റും’ ആണ് അനില ശ്രീകുമാർ ആദ്യമായി അഭിനയിച്ച സീരിയൽ. തുടർന്ന് വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ച് അനില കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി. ജ്വാലയായ് എന്ന ദൂരദർശൻ സീരിയലിലെ ത്രേസ്യാമ്മ എന്ന 65-കാരിയുടെ വേഷാമാണ് അനിലയെ പ്രശസ്തയാക്കിയത്. തന്റെ 21- വയസ്സിലാണ് അനില ആ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. പതിഞ്ചോളം സിനിമകളിലും അൻപതിലധികം സീരിയലുകളിലും അനില ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. 

തിരുവനന്തപുരം വഴുതക്കാട് ‘നവരസ ഡാൻസ് അക്കാദമി’ എന്ന പേരിൽ അനില ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്. അഭിനയജീവിതത്തിനിടയിൽ ധാരാളം അവാർഡുകളും അനിലയെ തേടിയെത്തി. ആദ്യത്തെ അവാർഡ് ‘താമരക്കുഴലി’യിലെ അഭിനയത്തിനായിരുന്നു, ‘ദ്രൗപദി’യിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അനില ശ്രീകുമാർ കരസ്ഥമാക്കി.

സീരിയൽ നിർമ്മാതാവും നടനുമായിരുന്ന ആർ പി ശ്രീകുമാറാണ് അനിലയുടെ ഭർത്താവ്. രണ്ടുമക്കളാണ് അവർക്കുള്ളത്, മകൻ - അഭിനവ്, മകൾ- ആദിലക്ഷ്മി.