പി എൻ മേനോൻ

Name in English: 
P N Menon

പൂർണനാമം: പാലിശ്ശേരി നാരായണൻകുട്ടി മേനോൻ

സ്റ്റുഡിയോയിക്കുള്ളിൽ ഒതുങ്ങിനിന്ന മലയാളസിനിമയെ 1969 ൽ 'ഓളവും തീരവും' എന്ന ചിത്രത്തിലൂടെ' വാതിൽപ്പുറത്തേക്ക് കൊണ്ടുവന്നപ്പോൾ, പി എൻ മേനോൻ ചരിത്രത്തിലിടം നേടിയ ഒരു വിപ്ലവത്തിനാണ് നാന്ദികുറിച്ചത്. സംവിധായകന്‍, കലാസംവിധായകന്‍, പോസ്റ്റര്‍ ഡിസൈനര്‍, കഥാകൃത്ത്‌, നിര്‍മ്മാതാവ്‌ മാത്രമല്ല നല്ലൊരു സംഗീതജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം.

1928 ൽ വടക്കാഞ്ചേരിയിൽ ജനിച്ച പി എൻ മേനോന് ചെറുപ്പത്തിൽ തന്നെ ചിത്രരചനയില്‍ അഭിരുചിയുണ്ടായിരുന്നു. തൃശൂർ സ്കൂൾ ഓഫ് ആർട്ടിൽ പഠിച്ചിറങ്ങിയ മേനോൻ നേരെ മദ്രാസിലേക്ക് വണ്ടികയറി.തുടർന്ന് മദ്രാസില്‍ വിജയവാഹിനി, പ്രസാദ്‌ സ്റ്റുഡിയോകളില്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. തമിഴില്‍ 'പേശും പടം' തെലുങ്കില്‍ 'ഡിക്‌ടര്‍' എന്നീ മാസികകള്‍ക്കായി അക്കാലത്ത്‌ ചിത്രങ്ങളും വരച്ചിട്ടുണ്ട്‌. സെറ്റ് പെയിന്റർ, വിഷ്വൽ ആർട്ടിസ്റ്റ്, പോസ്റ്റർ ഡിസൈനർ എന്നീ മേഖലകളിലാണ് സിനിമയിൽ ഹരിശ്രീ കുറിച്ചത്. അമ്പതുകളുടെ തുടക്കത്തില്‍ തമിഴ്‌നാട്ടില്‍ സേലം മോഡേണ്‍ തീയേറ്റേഴ്‌സിലും രത്‌ന സ്‌റ്റുഡിയോയിലും കുറച്ചുകാലം ജോലി ചെയ്‌ത അദ്ദേഹത്തിനു ചില നാടക കലാകാരന്‍മാരുമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധമാണ്‌ പി എന്‍ മേനോനെ നാടക കലാസംവിധായകനായത്. തുടർന്ന് 1960 മുതൽ തമിഴ് സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചു തുടങ്ങി.

തമിഴ്‌ ചലച്ചിത്രരംഗത്തു കലാസംവിധായകനെന്ന നിലയില്‍ പേരെടുത്ത പി എന്‍ മേനോനെ മലയാളത്തിലെത്തിച്ചത് പി ഭാസ്‌കരനാണ്. അദ്ദേഹത്തിന്റെ 'ലൈലാ മജ്‌നു' എന്ന ചലച്ചിത്രത്തിലൂടെയാണ്‌ മേനോന്‍ മലയാളത്തില്‍ തന്റെ സാന്നിദ്ധ്യമറിയിച്ചത്‌. തുടർന്ന് നിരവധി മികച്ച സിനിമകള്‍ക്കുവേണ്ടി മേനോന്‍ സെറ്റൊരുക്കി. ഭാഗ്യജാതകം, നിണമണിഞ്ഞ കാല്‍പാടുകള്‍, മണവാട്ടി, അരക്കില്ലം, ചെകുത്താന്റെ കോട്ട, നിശാഗന്ധി തുടങ്ങിയ സിനിമകൾ കലാസംവിധാന മികവു കൊണ്ട്‌ ശ്രദ്ധനേടി. 'ചിലമ്പൊലി' എന്ന ചിത്രത്തിന്റെ കലാസംവിധായകനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ്‌ ആ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌ മണിസ്വാമിയുമായി മേനോൻ പരിചയപ്പെടുന്നത്‌. ഈ പരിചയമാണു മോനോനെ പിന്നീട് സംവിധായകനാക്കിയത്. 1965 ല്‍ വൃന്ദാവന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മണിസ്വാമി നിര്‍മ്മിച്ച 'റോസി' ആണ് പി എൻ മേനോന്റെ ആദ്യ സംവിധാനസംരംഭം. പി എൻ മേനോന്റെ ഗായത്രി 1973 ലെയും മലമുകളിലെ ദൈവം 1983 ലെയും മികച്ച പ്രാദേശിക ചിത്രത്തിനുളള ദേശീയ പുരസ്‌കാരങ്ങള്‍ നേടി. 2002ലെ ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവായ അദ്ദേഹത്തിന്‌ നിരവധി സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഓളവും തീരവും1970 ലെ മികച്ച ചിത്രം, സംവിധായകന്‍ എന്നീ സംസ്ഥാനപുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു.

2004 ൽ പുറത്തിറങ്ങിയ നേർക്കുനേർ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. 2008 സെപ്റ്റംബർ 9 ന് പി എൻ മേനോൻ അന്തരിച്ചു.

പ്രശസ്ത സംവിധായകനായിരുന്ന ഭരതന്റെ ചെറിയച്ഛനായിരുന്നു പി എൻ മേനോൻ എന്ന കൗതുകം ഉണ്ട്.