ഭരത് ഗോപി

Name in English: 
Bharath Gopi
Date of Birth: 
ചൊവ്വ, 02/11/1937
Date of Death: 
തിങ്കൾ, 28 January, 2008

അടി മുതൽ മുടി വരെ കഥാപാത്രമായി പരിണമിക്കുന്ന രീതികൊണ്ട് മലയാളസിനിമയിലെ അഭിനേതാക്കളിൽ എക്കാലവും വേറിട്ടു നിൽക്കുന്ന പ്രതിഭയാണ് ഭരത് ഗോപി.

കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെയും പാർവതിയമ്മയുടെയും നാലു മക്കളിൽ ഇളയവനായി ചിറയിൻകീഴിൽ ജനിച്ച ഗോപിനാഥൻ വേലായുധൻ നായരാണ് പിന്നീട് മലയാളത്തിലെ അതുല്യ നടനായ ഭരത് ഗോപിയായി വളർന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി എസ്‌ സി ബിരുദം നേടിയ അദ്ദേഹം ഇലക്ട്രിസിറ്റി ബോർഡിൽ ക്ലർക്കായി ജോലി ചെയ്തിരുന്നപ്പോഴാണ് നാടകത്തിലെത്തിപ്പെടുന്നത്.

ജി ശങ്കരപ്പിള്ളയുടെ പ്രസാധന ലിറ്റിൽ തീയറ്റേഴ്സിലൂടെ അഭിനയരംഗത്തെത്തിയ ഗോപിനാഥൻ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കാവാലം നാരായണപ്പണിക്കർക്കൊപ്പം തിരുവരങ്ങിലും പ്രവർത്തിച്ചു. അടൂരിന്റെ ചിത്രലേഖ ഫിലിം സൊസൈറ്റിയിലൂടെയാണ് അദ്ദേഹം സിനിമയെ സ്നേഹിച്ചു തുടങ്ങിയത്.

1972ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിൽ ഒരു ചെറിയ വേഷം ചെയ്താണ് സിനിമയിൽ അരങ്ങേറിയത്. പിന്നീടൊരവസരം ലഭിക്കാൻ 1977ൽ കൊടിയേറ്റം വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും, ആ സിനിമയിലൂടെ ദേശിയ പുരസ്കാരം വരെ ഉയരാൻ ഗോപിക്കു കഴിഞ്ഞു.

ഓർമ്മക്കായ്, യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി നെഞ്ചിലേറ്റിയ ഈ അനശ്വര പ്രതിഭ ആഗത്, മണികൗളിന്റെ സതഹ് സെ ഉഡ്താ ആദ്മി എന്നീ ചിത്രങ്ങളിലൂടെ ഹിന്ദിയിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

മുരളിയെ നായകനാക്കി 1979ൽ ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും, ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1989ൽ ഉത്സവപ്പിറ്റേന്ന് സംവിധാനം ചെയ്ത അദ്ദേഹം ഭരതൻ സംവിധാനം ചെയ്ത പാഥേയത്തിന്റെ നിർമ്മാതാവ് കൂടിയാണ്.

1986ൽ സ്ട്രോക്ക് വന്ന് തളർന്ന അദ്ദേഹം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 1992ൽ പാഥേയത്തിലൂടെയാണ് മടങ്ങിവന്നത്. ആരോഗ്യ സ്ഥിതി അനുവദിക്കാത്തതിനാൽ പിന്നീട് ഗോപി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമെ അഭിനയിച്ചുള്ളൂ. എന്റെ ഹൃദയത്തിന്റെ ഉടമ എന്ന ചിത്രം 2002-ൽ സംവിധാനം ചെയ്തു. നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു അത്മ. അൽഷിമേഴ്സ് എന്ന രോഗത്തെ ആധാരമാക്കി മറവിയുടെ മണം എന്നൊരു ചിത്രം 2005 -ൽ സംവിധാനം ചെയ്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അതു തീയേറ്ററിൽ എത്തിയില്ല. പിന്നീട് അമൃത ടിവിയിൽ ടെലി സീരിയലായാണു അതു പ്രദർശിപ്പിച്ചത്. 

2008 ജനുവരിയിൽ ഹൃദ്രോഗത്തെത്തുടർന്ന് അന്തരിച്ചു.

നാടക രംഗത്ത്

  • അഭിനയിച്ച നാടകങ്ങൾ - അഭയാർത്ഥികൾ (1962), മൃഗതൃഷ്ണ (1963), പേയ് പിടിച്ച കോലം (1964-66), പൂജാ മുറി (1967), ബെക്കറ്റ് വെയിറ്റിങ്ങ് ഫൊർ ഗൊഡൊറ്റ് (1973), ദൈവതർ, അവനവൻ കടമ്പ, ഭാഗവതജുകം, ഒറ്റയാൻ
  • എഴുതിയ നാടകങ്ങൾ - സൗമിത്രരേഖ (1973), രാജാവ് രാജ്യം രാജാക്കന്മാർ (1974), മുത്തുകൾ, ശിക്ഷ, സന്ധ്യ
  • സംവിധാനം ചെയ്ത നാടകങ്ങൾ - ഗുരുദക്ഷിണ (1973), രാജാവ് രാജ്യം രാജാക്കന്മാർ (1974), തിരുമുടി, അപ്രൈക്കൻ

പുരസ്കാരങ്ങൾ / ബഹുമതികൾ

  • ദേശീയ ചലച്ചിത്ര അവാർഡ് - സിനിമയെക്കുറിച്ചുള്ള മികച്ച ഗ്രന്ഥം (1994) - അഭിനയം അനുഭവം
  • പത്മശ്രീ പുരസ്കാരം (1991)
  • കേരള ഫിലിം ക്രിട്ടിക്ക് അവാർഡ് - ചലച്ചിത്ര രത്നം (2002) - ചലച്ചിത്ര രംഗത്തിനുള്ള സംഭാവനകൾക്കായി.
  • ബോംബെ മലയാളം ഫിലിം ക്രിട്ടിക്ക് അസോസിയേഷൻ സൂപ്പർ ആക്ടർ അവാർഡ് (1983)
  • കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് - നാടക രംഗത്തെക്കുറിച്ചുള്ള മികച്ച ഗ്രന്ഥം (2002) - നാടക നിയോഗം
  • കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് (1994)
  • സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ്പ് (1993)
  • അഭിനവ പുരസ്കാരം അവാർഡ് - സംഗീത, യു.കെ (2002)
  • ചലച്ചിത്ര സപര്യ പുരസ്കാരം - മാതൃഭൂമി (2002)

ജൂറിയിൽ

  • കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി 1991
  • ദേശീയ ചലച്ചിത്ര അവാർഡ് - സിനിമയക്കുറിച്ചുള്ള മികച്ച ഗ്രന്ഥം - ജൂറി 2001

ഗ്രന്ഥങ്ങൾ

  • ഫിലോസഫി ഓഫ് ആക്ടിങ്ങ്
  • നാടക നിയോഗം
  • അഭിനയം അനുഭവം

ഇതിനു പുറമെ വിവിധ മാധ്യമങ്ങളിലായി കവിതകളും ഒട്ടേറെ ലേഖനങ്ങളും  എഴുതിയിട്ടുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് bharatgopy.com സന്ദർശിക്കുക