ജയകൃഷ്ണൻ

Jayakrishnan

മലയാള ചലച്ചിത്ര, ടെലിവിഷൻ താരം. 1974 ഏപ്രിലിൽ കോട്ടയം ജില്ലയിലെ കുഴിമറ്റത്ത് പി എൻ നാരായണൻ കുട്ടിയുടെയും ശ്രീദേവിയുടെയും മകനായി ജനിച്ചു. അച്ഛൻ പി എൻ നാരായണൻ അദ്ധ്യാപകനും പ്രാണിക് ഹീലിംഗ് ചികിത്സകനുമായിരുന്നു. ജയകൃഷ്ണന്റെ വിദ്യാഭ്യാസം കുഴിമറ്റം എൻ എസ് എസ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി എൻ എസ് എസ് ഹിന്ദുകോളേജ് എന്നിവിടങ്ങളിലായിരുന്നു. അഭിനയത്തോടുള്ള താത്പര്യം കാരണം നാട്ടിലുള്ള ആർട്സ് ക്ലബുകളിലെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ജയകൃഷ്ണൻ തന്റെ കലാജീവിതത്തിന് തുടക്കമിടുന്നത്. 

ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത നിനവുകൾ നോവുകൾ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് ജയകൃഷ്ണൻ ദൃശമാധ്യമ രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ദൂരദർശനിലും സ്വകാര്യ ചാനലുകളിലുമായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. ചില തമിഴ് സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2000-ത്തിൽ സ്വയംവരപ്പന്തൽ എന്ന സിനിമയിലൂടെയാണ് ജയകൃഷ്ണൻ ചലച്ചിത്രാഭിനയം തുടങ്ങുന്നത്. തുടർന്ന് നഗരവധു, പുത്തൂരം പുത്രി ഉണ്ണിയാർച്ച, രൗദ്രം, പുലിമുരുകൻ, അബ്രഹാമിന്റെ സന്തതികൾ.. എന്നിവയുൾപ്പെടെ അൻപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സപ്പോർട്ടിംഗ് റോളുകളിലായിരുന്നു കൂടുതലും അഭിനയിച്ചിരുന്നത്. 

ജയകൃഷ്ണന്റെ വിവാഹം ചെയ്തത് പ്രിയയെയായിരുന്നു. 2000- ത്തിൽ ആയിരുന്നു അവരുടെ വിവാഹം. പ്രിയ ക്ലാസിക്കൽ ഡാൻസറാണ്. 2011-ൽ അവർ വേർപിരിഞ്ഞു. ജയകൃഷ്ണൻ - പ്രിയ ദമ്പതികൾക്ക് ഒരു മകനാണുള്ളത്. പേര് ദേവനാരായണൻ.