എം എസ് തൃപ്പൂണിത്തുറ

M S

മലയാള ചലച്ചിത്രനടൻ. 1941 ഒക്റ്റോബർ 8ന് എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലെ തമിൾ ബ്രാഹ്മണ കുടുംബത്തിലാണ് എം എസ് തൃപ്പൂണിത്തുറ ജനിച്ചത്. "മഠത്തിപ്പറമ്പിൽ ശേഷയ്യർ വെങ്കിട്ടരാമയ്യർ" എന്നതാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ഒരു ഗണിതാദ്ധ്യാപകനായിരുന്ന എം എസ് തന്റെ ജോലിയോടൊപ്പം അഭിനയത്തിലും വലിയ താത്പര്യമുള്ളയാളായിരുന്നു. അമച്വർ നാടകങ്ങളിലും, പ്രൊഫഷണൽ നാടകങ്ങളിലും അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ നാടാകാഭിനയത്തോടുള്ള താത്പര്യം അദ്ധ്യാപന ജോലിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അതിൻഫലമായി ജോലി രാജിവയ്ക്കാൻ നിർബന്ധിതനായിത്തീരുകയും ചെയ്തു. 

 ധാരാളം വേദികളിൽ അദ്ദേഹം തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മോചനം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ആ അംഗീകാരം എം എസിന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തു. 1963 ൽ കടലമ്മ എന്ന സിനിമയിലൂടെയാണ് എം എസ് തന്റെ അഭിനയജീവിതത്തിന് തുടക്കമിടുന്നത്. തുടർന്ന് 300 ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഒരിടത്ത്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പെരുന്തച്ചൻ, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. എം എസ് തൃപ്പൂണിത്തറയുടെ ശബ്ദവും,സംഭാഷണ രീതിയും സിനിമാപ്രേക്ഷകർക്ക് പ്രിയമായിരുന്നു.

എം എസ് ഒരു കർണ്ണാടക സംഗീതഞ്ജ്യൻ കൂടിയായിരുന്നു. സംസ്കൃതത്തിലും ജ്യോതിഷത്തിലും അറിവുള്ളയാളായിരുന്നു. പാചകകലയിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. നാൽപ്പത്തഞ്ചാം വയസ്സിലായിരുന്നു എം എസിന്റെ വിവാഹം, ഭാഗ്യലക്ഷ്മിയാണ് ഭാര്യ. മൂന്നു മക്കൾ പൂർണ്ണിമ, പുഷ്പ, പൂജ.

2006 മാർച്ച് 8 ന് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു.