മാമുക്കോയ

Mamukkoya
Date of Birth: 
Friday, 5 July, 1946
Date of Death: 
Wednesday, 26 April, 2023

Mamukkoya - Malayalam Actor

മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാൾ. കോഴിക്കോടാണ് സ്വദേശം. ഹാസ്യപ്രധാനമായ റോളുകൾ മികച്ച കൈയടക്കത്തോടെ ചെയ്തുവന്ന മാമുക്കോയ ഇപ്പോൾ ഹാസ്യനടൻ എന്നതിലുപരി സ്വഭാവനടൻ എന്ന രീതിയിൽ അംഗീകരിയ്ക്കപ്പെടുന്നു. കേരള സർക്കാർ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്കാരം ഏർപ്പെടുത്തിയപ്പോൾ, ആ വർഷം  അത് ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു.

ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ 5ന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനിച്ചു.കോഴിക്കോട് എം എം ഹൈസ്‌കൂളിൽ നിന്ന് പത്താം തരം പാസായ അദ്ദേഹം കല്ലായിയിൽ മരമളക്കുന്ന ജോലിയിൽ പ്രവേശിച്ചു.നാടകാഭിനയത്തിൽ തല്പരനായിരുന്ന മാമുക്കോയ നാടകവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ സമർത്ഥനായിരുന്നു. നിലമ്പൂർ ബാലൻ, വാസു പ്രദീപ്, കുഞ്ഞാണ്ടി തുടങ്ങിയവരുടെയെല്ലാം കൂടെ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവരുമായുള്ള സൗഹൃദം സിനിമയിലേക്കുള്ള വഴികാട്ടിയായി.

1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത "അന്യരുടെ ഭൂമി" എന്ന ചിത്രത്തിലൂടെയാണ് സിനിമാജീവിതത്തിന് അദ്ദേഹം തുടക്കമിടുന്നത്.തന്റെ തനതായ കോഴിക്കോടൻ മാപ്പിള സംഭാഷണശൈലിയിലൂടെ  അദ്ദേഹം ശ്രദ്ധേയനായിത്തീർന്നു .സത്യൻ അന്തിക്കാട് സിനിമകളിലൂടെ ജനപ്രീതിയാർജ്ജിച്ച മാമുക്കോയ ഹാസ്യനടൻ എന്ന നിലയിൽ പേരെടുത്തെങ്കിലും ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് പെരുമഴക്കാലം എന്ന ചിത്രത്തിലൂടെ തെളിയിക്കുകയുണ്ടായി.2004 ലെ കേരള സംസ്ഥാന പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായതാണ് പെരുമഴക്കാലത്തിലെ ആ കഥാപാത്രം. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവെന്ന് പറയാവുന്ന കഥാപാത്രമാണ് ഈയടുത്തു റിലീസ് ആയ കുരുതി എന്ന സിനിമയിലെ മൂസ ഖാദർ എന്ന കഥാപാത്രം.

കോഴിക്കോട് സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ ജീവിതപങ്കാളി സുഹ്റയാണ്. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ.

 

കോഴിക്കോടിന്റെയും കോഴിക്കോട്ടെ നാടക-സിനിമാ പ്രവർത്തനങ്ങളുടെയും ചരിത്രകാരൻ കൂടിയായ അദ്ദേഹം, അത് താഹ മാടായി എഴുതിയ രണ്ട് പുസ്തകങ്ങളിലായി ക്രോഡീകരിച്ചിട്ടുണ്ട്.  

"ചരിത്രം ന്നു പറഞ്ഞാല് ങ്ങള് പറയ്ന്നത് പോലെ യുദ്ധങ്ങള് മാത്രല്ല. മനുഷ്യന്മാരുടെ പാട്ടുകളും ദേശകഥകളും ഒക്കെ ചരിത്രം തന്നെ. യുദ്ധത്തിന്റെ കഥകള് പരീക്ഷാപ്പേപ്പറിലെ മാര്‍ക്ക് കിട്ടുന്ന ചരിത്രാ. ഞമ്മള് പറയ്ന്ന ചരിത്രത്തിനു ആരും മാര്‍ക്കൊന്നും തരൂല. പഠിക്കാനോ എഴുതാനോ വേണ്ടീട്ടല്ല ഈ കഥകള്. ഓര്‍മിക്കാന്‍ വേണ്ടി മാത്രം. കൊറേ ആളോള്‍ടെ കൂട്ടായ്മയിലാണ് ഓരോ കാലത്തും ചരിത്രംണ്ടാവ്ന്നത്. പറഞ്ഞ് പറഞ്ഞ് വരുമ്പം ഓരോര്ത്തര്‍ക്കുംണ്ടാവും ഓരോ കഥകള്. ഒറങ്ങുമ്പം ഓര്‍ത്തുനോക്ക്.

ഇങ്ങക്കെന്തോ പറയാനില്ലേ?എന്തോ ഒരു കഥ?വെറുതേങ്കിലും ഓര്‍ത്തുനോക്കീന്ന്.....ണ്ടാവും പഹയാ..ങ്ങളെന്നെ വല്യൊരു ചരിത്രാണ്...ഓരോ ആളും ഓരോ ചരിത്രാണ്"

-ജീവിതം-മാമുക്കോയ,കോഴിക്കോട്(താഹ മാടായി/മാമുക്കോയ)