പ്രതാപ് സിംഗ്

Prathap Singh
സംഗീതം നല്കിയ ഗാനങ്ങൾ: 11

സംഗീത സംവിധായകൻ. 1935 ൽ ചെറായിയിൽ അദ്ധ്യാപക ദമ്പതികളുടെ മകനായി ജനിച്ചു. അദ്ദേഹത്തെ അമ്മ പ്രസവിച്ച സമയത്ത് വീട്ടിൽ വന്ന ഉത്തരേന്ത്യക്കാരനായ ഒരു ലാടവൈദ്യനാണ് പ്രതാപ് സിംഹൻ എന്ന പേര് നൽകിയത്. പിന്നീട് പ്രതാപ് തന്നെ പ്രതാപ് സിംഹൻ എന്ന പേര് പ്രതാപ് സിംഗ് എന്നാക്കി മാറ്റി. പ്രതാപ് സിങ്ങ് പാരമ്പര്യം പോലെ അദ്ധ്യാപകനായി തന്റെ ജീവിതം ആരംഭിച്ചുവെങ്കിലും പിന്നീട് വാട്ടർ അതോറിറ്റിയിൽ എഞ്ചിനീയറായി. ആദ്യനാളുകളില്‍ ഗാനമേളകളില്‍ പാടുകയും പതിനഞ്ചോളം നാടകങ്ങള്‍ക്ക് ഈണം നല്‍കുകയും ചെയ്ത അദ്ദേഹം ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല. സംഗീതാദ്ധ്യാപികയായ അമ്മയില്‍ നിന്നും കിട്ടിയ സംഗീതാഭിരുചിയായിരുന്നു ആകെയുള്ള കൈമുതല്‍. അമ്മ പാടുന്നതുകേട്ട് രാഗവും സ്വരസ്ഥാനങ്ങളും ഭാവങ്ങളും മനസില്‍ പതിഞ്ഞുകിടന്നതുമാത്രമാണ് തന്റെ സംഗീതപഠനമെന്നാണ് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

 പ്രതാപ് സിംഗ് പ്രശസ്ത സംവിധായകനായ എന്‍ എന്‍ പിഷാരടിയുടെ മുൾക്കിരീടം എന്ന ചിത്രത്തിനു സംഗീതം നൽകിക്കൊണ്ടാണ് സിനിമാ മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. ട്യൂണിനനുസരിച്ച് ഗാനങ്ങളെഴുതുകയെന്നത് മലയാള സിനിമയില്‍  കീഴ് വഴക്കമില്ലാതിരുന്ന കാലത്ത്, 1967-ല്‍ പുറത്തിറങ്ങിയ മുള്‍ക്കിരീടമെന്ന ചിത്രത്തിലെ നാലു ഗാനങ്ങള്‍ക്കും ചിട്ടവട്ടങ്ങള്‍ തെറ്റിച്ച് ആദ്യം ട്യൂണുണ്ടാക്കുകയും അതിനനുസരിച്ച് പി. ഭാസ്കരന്‍ വരികളെഴുതുകയുമാണ് ചെയ്തത്. ഇതില്‍ എസ് ജാനകി പാടിയ ‘കുളി കഴിഞ്ഞു കോടി മാറിയ... ‘ എന്ന ഗാനം മലയാളികളുടെ എക്കാലത്തെയും  പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്.

ഏകദേശം ഒരു ദശാബ്ദത്തിനുശേഷം 1976 ല്‍ എന്‍ എന്‍ പിഷാരടിയുടെ തന്നെ മുത്ത് എന്ന ചിത്രത്തിനു വേണ്ടി വീണ്ടും സംഗീതസംവിധാനം നിര്‍വ്വഹിച്ചു. മറ്റൊരു പുതിയ പരീക്ഷണത്തിനു തുടക്കമിട്ട സിനിമയായിരുന്നു അത്. ഒരു സ്റ്റുഡിയോയിലല്ലാതെ തൃശ്ശൂരിലെ ഒരു ഹാളില്‍ വെച്ചാണ് ഇതിന്റെ റെക്കോർഡിംങ്ങ് നടന്നത്. ഇതില്‍ പുതുമുഖ ഗായിക രാധ വിശ്വനാഥ് പാടിയ ‘വിമൂകശോക സ്മൃതികളുണര്‍ത്തി വീണ്ടും പൌര്‍ണ്ണമി വന്നു...‘ എന്ന ഗസല്‍ പലതരത്തിലും പ്രത്യേകതകളുള്ള ഒരു പാട്ടാണ്. അനിയത്തി പാടുന്നതുകേട്ടു പഠിച്ച രാധ വിശ്വനാഥ് ആദ്യമായും അവസാനമായും സിനിമയില്‍ പാടിയ ഗാനമിതാണ്. മുള്‍ക്കിരീടം, മുത്ത് എന്ന രണ്ടു സിനിമകള്‍ക്കു മാത്രം സംഗീതം നല്‍കി മലയാളസംഗീതത്തില്‍ വ്യത്യസ്തനായി നില്‍ക്കുന്ന സംഗീതസംവിധായകനാണദ്ദേഹം.

 1974 ല്‍ മികച്ച നാടക സംഗീതത്തിനുള്ള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. സിനിമ കൃത്രിമത്വത്തിന്റെയും നാട്യത്തിന്റെയും  ലോകമാണെന്നും, ആത്മാര്‍ത്ഥമായ സ്നേഹബന്ധങ്ങള്‍ക്ക് അവിടെ പ്രസക്തി കുറവാണെന്നും, അവിടെയുള്ള പരിഹാസങ്ങള്‍, പ്രകടനാത്മകത,വിലകുറഞ്ഞ ഫലിതങ്ങള്‍, ഇവയൊന്നും തന്റെ വ്യക്തിത്വത്തിനു ചേര്‍ന്നവയല്ലെന്നുമുള്ള തിരിച്ചറിവാണ്  ഇത്രനാളും സിനിമാലോകത്തില്‍ നിന്നു വിട്ടു നില്‍ക്കാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു. ഔദ്യോഗികജീവിതത്തിനോടുള്ള പ്രതിബദ്ധതയാണ് സംഗീതത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ മറ്റൊരു കാരണം. നാലുദശാബ്ദങ്ങള്‍ക്കു ശേഷം  സംഗീതലോകത്തേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്  പ്രതാപ് സിങ്ങ്. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ ഈണം നല്‍കിയ, ലോകം കേള്‍ക്കാത്ത  ശ്രുതിമധുരമായ മെലഡികള്‍ പുതിയ പശ്ചാത്തലസംഗീതത്തില്‍ , വേണുഗോപാലിന്റെയും ഗായത്രിയുടെയും മഞ്ജരിയുടേയുമൊക്കെ ശബ്ദത്തില്‍ ആല്‍ബമാക്കി ഇറക്കി.

എഴുപതാം വയസ്സിൽ സംഗീതസംബന്ധിയായ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച പ്രതാപ് സിംഗ് എഴുപത്തി ആറാംവയസ്സിൽ സാഹിത്യമേഖലയിലേയ്ക്ക് തിരിഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മകളും അനുഭവങ്ങളും ക്രോഡീകരിച്ച് കഥാരൂപത്തിലാക്കി എഴുപത്തി എട്ടാംവയസ്സിൽ സമയാന്തരം എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു. അതിന്റെ തുടർച്ചയായി പാതി പാടിയ ഗസൽ, പാവക്കയ്ക്ക് പന്തുവരാളി, എന്നീ കഥാസമാഹാരങ്ങൾ കൂടി ഇറക്കി. ദ്വയം, അപരകാലം, അമേയ, ബ്രോക്കർ,  എന്നീ നോവലുകളും, അരളി ഒരു മരമല്ല, വെള്ളരിക്കാപട്ടണം, ത്രയംബകം, ഇന്നു നീ നാളെ ഞാൻ.. എന്നീ ചെറുകഥാസമാഹാരങ്ങളും ഉൾപ്പെടെ ആറ് വർഷത്തിനുള്ളിൽ പതിനൊന്ന് പുസ്തകങ്ങൾ അദ്ധേഹം പ്രസിദ്ധീകരിച്ചു.

പി.എച്ച്.ഇ.ഡി.യില്‍ ഡ്രാഫ്റ്റ്സ്മാനായിരിക്കേ 1961-ല്‍ തങ്കമണിയെ വിവാഹം കഴിച്ചു. മൂന്നു മക്കള്‍- ശ്രീകല, ശ്രീലത, പ്രദീപ്. മേല്‍‌വിലാസം:- പ്രതാപ് സിംഗ്, ശ്രീരാഗം, ശാന്തി നഗര്‍, ഇരിങ്ങാലക്കുട നോര്‍ത്ത് P. O.