മോഹൻ സിത്താര

Mohan Sithara
Mohan Sithara-Music Director
സംഗീതം നല്കിയ ഗാനങ്ങൾ: 624
ആലപിച്ച ഗാനങ്ങൾ: 14
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

തൃശൂർ ജില്ലയില്‍ പെരുവല്ലൂർ കല്ലത്തോടിൽ കുമാരന്റെയും ദേവകിയുടെയും മകനായി 1959 ൽ ജനിച്ചു. ദാരിദ്രത്തിനിടയിലും സംഗീതം കൊണ്ട് സമ്പന്നമായ കുട്ടിക്കാലം ആയിരുന്നു മോഹന്റെത്. സ്കൂളില്‍ ചെറു ക്ലാസുകളില്‍ തന്നെ പദ്യങ്ങള്‍ സ്വന്തം ഈണത്തില്‍ ആയിരുന്നു ചൊല്ലിയിരുന്നത്. ഇത് ശ്രദ്ധിച്ച അധ്യാപിക സുനന്ദ ഭായ് ടീച്ചര്‍ ' കോഴി കൂവണ കേട്ടില്ലേ..' എന്നൊരു ഗാനം എഴുതി കൊടുക്കുകയും ആറാം ക്ലാസുകാരന്‍ ആയ മോഹനെകൊണ്ട് ഈണമിട്ട് പാടിപ്പിക്കുകയും ചെയ്തു. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഈ ഗാനം ഇഷ്ടപെടുകയും ചെയ്തു.

ജ്യേഷ്ഠന്‍ സിത്താര്‍ പഠിക്കാന്‍ പോയിരുന്ന കെ ജി സത്താര്‍ എന്ന അധ്യാപകന്‍റെ കീഴില്‍ ഹിന്ദുസ്ഥാനി വയലിന്‍ പഠിക്കാന്‍ വൈകാതെ മോഹനും ചേര്‍ന്നു. വയലിന്‍ നന്നായി വായിച്ചു തുടങ്ങിയതോടെ അധ്യാപകന്‍ തന്‍റെ പരിപാടികള്‍ക്ക് മോഹനേയും കൂട്ടിത്തുടങ്ങി. വയലിനിന്‍റെ കൂടെ കോങ്ഗോ ഡ്രംസും വേദികളില്‍ വായിച്ചിരുന്നു. 12-13 വയസ്സുള്ള ഒരു പയ്യന്‍ സ്റ്റേജില്‍ ഓടിനടന്നു വിവിധ ഉപകരണങ്ങള്‍ വായിക്കുന്നത് കാണികളില്‍ കൗതുകം ജനിപ്പിക്കുകയും അത് വഴി കുടുംബത്തിന് ആശ്വാസമാകുന്ന ചെറിയ വരുമാനം ലഭിക്കുകയും ചെയ്തു.

ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ തിരുവനന്തപുരത്തുള്ള തരംഗനിസരി സ്കൂളില്‍ ഇതിനോടകം സിത്താര്‍ അധ്യാപകനായി ജോലി ലഭിച്ച ജ്യേഷ്ഠന്റെ പുറകെ 1977ല്‍ ക്ലാസ്സിക്കല്‍ വയലിന്‍ വിദ്യാര്‍ഥിയായി മോഹനും എത്തിച്ചേര്‍ന്നു. 4 വര്‍ഷത്തെ സംഗീത കോഴ്സ് പൂര്‍ണമായും സൗജന്യമായി പഠിക്കാന്‍ യേശുദാസ് അവസരം നല്‍കി. കഠിനാധ്വാനത്തിലൂടെ സ്വന്തം ബാച്ചിലെ ഏറ്റവും നല്ല വയലിനിസ്റ്റ് ആയി മാറിയ മോഹന്‍ അപ്രതീക്ഷിതമായി അവിടെത്തന്നെ വയലിന്‍ അദ്ധ്യാപകന്‍ ആയി മാറി. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ അടുത്ത് നിന്നും കര്‍ണാടക സംഗീതവും പഠിച്ചെടുത്തു. 1981ല്‍ തരംഗിണി റെകോര്‍ഡിംഗ് സ്റ്റുഡിയോ തിരുവനന്തപുരത്ത് ആരംഭിച്ചതോടെ റിക്കോഡിംഗുകള്‍ക്ക് വയലിന്‍ വായിക്കാനും ദക്ഷിണാമൂര്‍ത്തി സ്വാമി, എം ജി രാധാകൃഷ്ണന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ആലപ്പി രംഗനാഥ് തുടങ്ങിയ സംഗീതസംവിധായകരുടെ സഹായി ആയും ഓര്‍ക്കസ്ട്ര അറേഞ്ചര്‍ ആയുമൊക്കെ പ്രവര്‍ത്തിക്കാനും തുടങ്ങി. ഇതിന്‍റെ ഒപ്പം സിത്താര എന്ന സംഗീത സംഘത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയും യേശുദാസ്, ജയചന്ദ്രന്‍ അടക്കമുള്ളവരുടെ ഗാനമേളകള്‍ക്ക് അകമ്പടി സേവിക്കുകയും ചെയ്തു.

സിത്താര സംഘത്തിന്‍റെ പരിപാടികള്‍ക്ക് ഇടയ്ക്ക് മിമിക്രി അവതരിപ്പിക്കാന്‍ വന്നവരില്‍ ഒരാള് പില്‍ക്കാലത്ത് സംവിധായകനായി പ്രസിദ്ധനായ ടി കെ രാജീവ്കുമാര്‍ ആയിരുന്നു. വൈകാതെ നവോദയ പ്രോടക്ഷനില്‍ എത്തിച്ചേര്‍ന്ന രാജീവ്കുമാര്‍ വഴിയാണ് മോഹന്‍ സിത്താരയുടെ ചലച്ചിത്ര പ്രവേശനം. 1986ല്‍ നവോദയ നിര്‍മ്മിച്ച്‌ രഘുനാഥ് പലേരി തിരകഥ എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ ആണ് മോഹന്‍ സിത്താരയുടെ ആദ്യ ചലച്ചിത്രം. സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കണം എന്നൊന്നും അറിയിക്കാതെ ആണ് രാജീവ്കുമാര്‍ മോഹനെ എറണാകുളത്തേക്ക് വരുത്തിയത്. നിര്‍മ്മാതാക്കളെയും സംവിധായകനെയും കണ്ട മോഹനോട് ഒരു താരാട്ട് ഗാനത്തിന് പറ്റിയ ഒരു ഈണം ഉണ്ടാക്കാമോ എന്നാണ് ചോദിച്ചത്. രണ്ട് മനോഹര ഈണങ്ങള്‍ ആണ് മോഹന്‍ അവരെ കേള്പ്പിച്ചത്. അതില്‍ രണ്ടാമത്തെ ഈണം ഇഷ്ടപ്പെട്ടു എന്നും തങ്ങളുടെ സിനിമയില്‍ ഉപയോഗിക്കാന്‍ പോകുന്നു എന്നും പറഞ്ഞപ്പോളാണ് താന്‍ സിനിമാ സംഗീത സംവിധായകന്‍ ആകാന്‍ പോകുന്നു എന്ന കാര്യം അദ്ദേഹം മനസിലാക്കിയത്. ഈ ഈണത്തിലേക്ക് ഇതിലേക്ക് ഒഎന്‍വി വരികള്‍ എഴുതുകയും ജി വേണുഗോപാലിന്റെയും ചിത്രയുടെയും ശബ്ദത്തില്‍ പുറത്ത് വരികയും ചെയ്ത  'രാരീ രാരിരം രാരോ..' വളരെയധികം ശ്രദ്ധ നേടി. (ഇതില്‍ നിരസിക്കപ്പെട്ട ആദ്യ ഈണം ആണ് പില്‍ക്കാലത്ത്‌ കുടുംബപുരാണം എന്ന ചിത്രത്തില്‍ താലോലം താനേ താരാട്ടും എന്ന് തുടങ്ങുന്ന ഗാനമായി മാറിയത്). തന്‍റെ പേരിന്‍റെ കൂടെ സിത്താര എന്ന് കൂടി ചേര്‍ത്ത വിവരം മോഹന്‍ അറിഞ്ഞത്  സിനിമയുടെ പ്രൊമോഷന്‍ വാര്‍ത്തകളിലൂടെയാണ്. വലിയൊരു സംഗീത സംവിധായകന്‍റെ പിറവി ആയിരുന്നു അത്. ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കേണ്ട ചുമതലയും മോഹന്‍റെ ചുമലില്‍ വന്നതും അപ്രതീക്ഷിതമായിട്ടായിരുന്നു എങ്കിലും അവിടെയും അദ്ദേഹം ശോഭിച്ചു.

തൊട്ടടുത്ത വര്ഷം ഇറങ്ങിയ വര്‍ഷങ്ങള്‍ പോയതറിയാതെ  എന്ന ചിത്രത്തിലെ 'ഇല കൊഴിയും ശിശിരത്തില്‍' മികച്ച രീതില്‍ സ്വീകരികപെട്ടതോടെ കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു തുടങ്ങി. ലളിതവും ഫോക്ക് സ്പര്‍ഷവുമുള്ള ഈണങ്ങള്‍ ആയിരുന്നു മോഹന്‍ സിത്താര ഗാനങ്ങളുടെ സവിശേഷത. ചാണക്ക്യന്‍, ഹിസ്‌ ഹൈനസ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം ശ്രദ്ധിക്കപെട്ടതോടെ തിരക്ക് വര്‍ദ്ധിച്ചു. വന്‍ താരനിരകള്‍ ഇല്ലാത്ത ചെറിയ കുടുംബ - ഹാസ്യ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് 90കളില്‍ മോഹന്‍ സിത്താര കൂടുതലായും പ്രവര്‍ത്തിച്ചത്. 90കളുടെ അവസാനത്തോടെ ദീപസ്തംഭം മഹാശ്ചര്യം, മഴവില്ല്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ എല്ലാം വലിയരീതിയില്‍ സ്വീകരികപെട്ടതോടെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകന്‍ ആയി മാറി. രണ്ടായിരങ്ങളുടെ പാതി വരെ അത് തുടരുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ആണ് വിധു പ്രതാപ്, ജോത്സ്ന, അഫ്സല്‍, ഫ്രാങ്കോ തുടങ്ങി ഒരുപിടി പുതുമുഖ ഗായകരെ വെച്ച് പുതുതലമുറയ്ക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള ഗാനങ്ങള്‍ ചെയ്തു മോഹന്‍ സിത്താര തരംഗം തീര്‍ത്തത്.

മൂന്നര പതിറ്റാണ്ടായി മലയാള സിനിമയില്‍ സജീവമായി തുടരുന്ന മോഹന്‍ സിത്താര ഇരുന്നൂറിനടുത്ത് സിനിമകള്‍ക്ക്‌ വേണ്ടി 700ല്‍ അധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. സൂഫി പറഞ്ഞ കഥ എന്നാ ചിത്രത്തിലെ ' തിക്കിനി കോലായ..' എന്ന ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

മകന്‍ വിഷ്ണു മോഹന്‍ സിത്താരയും അച്ഛന്റെ വഴി പിന്തുടര്‍ന്ന് സിനിമയില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തിക്കുന്നു.