പ്രതീക്ഷയുണർത്തുന്ന മാമ്പഴക്കാഴ്ചകൾ

സിനിമക്കുള്ളിലെ സിനിമ എന്നും നമ്മുടെ സിനിമാക്കാരുടെ ഇഷ്ട വിഷയമാണ് . ഒരു സിനിമയ്ക്കായുള്ള ശ്രമവും , അതിനിടയിലുണ്ടാകുന്ന പ്രതിസന്ധികളും പല സിനിമകളിലും പ്രതിപാദിക്കപ്പെട്ടവയാണ് . അത്തരത്തിൽ ഒരു പ്രമേയം തന്നെയാണ് മൺസൂൺ മാംഗോസ് എന്ന ചിത്രവും മുന്നോട്ട് വയ്ക്കുന്നത്. പൂർണ്ണമായും അമേരിക്കയിൽ വച്ച് ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ‘അക്കരെക്കാഴ്ചകൾ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ അഭി വർഗീസ് ആണ്.

മലയാള സിനിമ അധികം ഒന്നും പറഞ്ഞിട്ടില്ലാത്ത അമേരിക്കൻ മലയാളികളുടെ ജീവിതം ആണീ സിനിമയിൽ പശ്ചാത്തലമായി വരുന്നത് . കഥാപശ്ചാത്തലത്തിലും , അവതരണ രീതിയിലും ഉള്ള പുതുമ തന്നെയാണ് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത് ഒരു സിനിമാ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന ഡി.പി . പള്ളിക്കൽ എന്ന ചെറുപ്പക്കാരന്റെ കഥയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത് . ആദ്യന്തം സ്വാഭാവിക നർമ്മത്തിന്റെ മേമ്പൊടിയോട് കൂടി , വളരെ ലളിതമായി പറഞ്ഞു പോകുന്ന ചിത്രം , ഇsയക്ക് കുറിക്ക് കൊള്ളുന്ന ആക്ഷേപഹാസ്യത്തേയും ഉപയോഗപ്പെടുത്തുന്നുണ്ട് . വിവിധ വാണിജ്യ ചേരുവകൾ വേണ്ട വിധം യോജിപ്പിച്ച് പടച്ചുണ്ടാക്കുന്ന കച്ചവടസിനിമകളേയും, അനാവശ്യ ബുദ്ധിജീവി നാട്യങ്ങളുമായി എത്തുന്ന ചലച്ചിത്രരൂപങ്ങളെയും ഒരു പോലെ വിമർശിക്കുന്നുണ്ട് ചിത്രം .

ഫഹദ് ഫാസിൽ , താൻ എന്തു കൊണ്ട് മറ്റു യുവതാരങ്ങളിൽ നിന്ന് വ്യതസ്തനാകുന്നു എന്ന് തന്റെ പ്രകടനം കൊണ്ട് വീണ്ടും തെളിയിച്ചു . സിനിമയിൽ നിന്ന് തിരസ്കൃതനായി , അമേരിക്കയിൽ എത്തിപ്പെടുന്ന പഴയകാല നായകനായി അഭിനയിച്ച വിജയ് റാസ് തന്റെ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചു. എടുത്ത് പറയേണ്ട മറ്റൊന്ന് ചിത്രത്തിന്റെ ഛായാഗ്രാഹണ മികവാണ് . പശ്ചാത്തല ഭംഗിയും , നല്ല പ്രകൃതി ദൃശ്യങ്ങളും പകർത്തുക എന്നതിനപ്പുറം പലതും കാമറക്ക് ചെയ്യാനുണ്ട് എന്ന് ഓർമ്മിപ്പിക്കുകയാണ് ലുക്കാസ് പ്രുച്ച് നിക്കിന്റെ ഫ്രെയിമുകൾ . ഒരോ ഫ്രെയിമും സിനിമയുടെ വികാരത്തെ നമ്മിലേക്ക് എത്തിക്കുന്നുണ്ട് . ജേക്ക്സ് ബിജോയുടെ പശ്ചാത്തല സംഗീതവും സിനിമയെ ഒരു പ്രത്യേക തലത്തിലെത്തിക്കാൻ സഹായിക്കുന്നു.

ഡി പി പള്ളിക്കലിനേയും അയാളുടെ സിനിമാ ശ്രമങ്ങളേയും ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് നീങ്ങുന്നതെങ്കിലും , അതോടൊപ്പം അമേരിക്കൻ മലയാളികളുടെ ജീവിത സാഹചര്യങ്ങൾ വരച്ച് കാട്ടാനുള്ള ശ്രമം സംവിധായകൻ നടത്തുന്നുണ്ട് .പക്ഷേ , അത് പൂർണ്ണമായി കാണികളോട് സംവേദിക്കുന്ന രീതിയിൽ ആവിഷ്ക്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയമുണ്ട്. അതു പോലെ ഇടയ്ക്ക് മോട്ടിവേഷണൽ സിനിമകളുടെ രീതിയിലേക്ക് ചിത്രം തെന്നിപ്പോകുന്നതും അസ്വാരസമുണ്ടാക്കുന്നു . ഇടയ്ക്ക് പലപ്പോഴും വരുന്ന അതിസാധാരണമായ രീതിയിലുള്ള ചില രംഗങ്ങളും ഒഴിവാക്കേണ്ടതായിരുന്നു എന്നും തോന്നി .

ഇങ്ങനെ ചില്ലറ അരുചികൾ ഒക്കെ ഉണ്ടെങ്കിൽ പ്പോലും ഈ മാമ്പഴങ്ങൾ മധുരമുള്ളവ തന്നെയാണ് . അഭി വർഗീസ് എന്ന സംവിധായകൻ തീർച്ചയായും പ്രതീക്ഷ ഉണർത്തുന്നു .

എഡിറ്റിങ് ചരിത്രം

5 edits by
Updated date എഡിറ്റർ ചെയ്തതു്
18 Jan 2016 - 19:09 jishnu vp
18 Jan 2016 - 19:03 jishnu vp
18 Jan 2016 - 18:58 jishnu vp
18 Jan 2016 - 18:55 jishnu vp
18 Jan 2016 - 18:45 jishnu vp