ഷട്ടർ-സിനിമാറിവ്യൂ

Shuttar movie

ലളിതമായൊരു ആഖ്യാനപരിസരത്തിൽ ഒട്ടും ലളിതമല്ലാത്തതും പുതുമയുള്ളതുമായൊരു പ്രമേയം തികഞ്ഞ കയ്യടക്കത്തോടെ കൈകാര്യം ചെയ്തു എന്നതാണ് ഷട്ടറിന്റെ പ്രത്യേകത. അതി നാടകീയമായ രംഗങ്ങളും ആവശ്യമില്ലാത്ത കഥാപാത്രങ്ങളും കടന്നു വരാതെ (അസഭ്യം പറയാവുന്ന സന്ദർഭങ്ങളുണ്ടാക്കാൻ സാദ്ധ്യത വേണ്ടുവോളമുണ്ടായിട്ടും അതിനു ശ്രമിച്ചില്ല എന്നത് എടുത്തുപറയണം) വിഷയത്തിലേക്ക് ഫോക്കസ് ചെയ്തുകൊണ്ടും പ്രേക്ഷകനെ കൂടെക്കൂട്ടിക്കൊണ്ടും ഒതുക്കത്തോടെ പറയുവാൻ ജോയ് മാത്യ എന്ന കന്നിസംവിധായകനായി.

ഗൾഫ് മലയാളിയായ റഷീദിന്റെ വീടിനു സമീപത്തെ റഷീദിന്റെ തന്നെ കടമുറികെട്ടിടത്തിലൊന്ന് പ്രവർത്തിക്കുന്നില്ല. റഷീദും കൂട്ടുകാരും രാത്രിയിൽ ഒത്തുചേരുന്നതും മദ്യപിക്കുന്നതും അതിനുള്ളിലാണ്. മകളുടെ വിവാഹാവശ്യത്തിനു വന്ന റഷീദും തന്റെ സുഹൃത്തുക്കളും കൂടി ഒരുദിവസം രാത്രിയിൽ അവിടെ കൂടുന്നു. റഷീദിനു മദ്യം എത്തിച്ചു കൊടുക്കുന്നത് ഓട്ടോഡ്രൈവറായ സുരയാണ്. സുരയാകട്ടെ രാവിലത്തെ തന്റെ ഓട്ടത്തിനിടയിൽ ഒരു സിനിമാ സംവിധായകൻ മറന്നു വെച്ച ബാഗുമായാണ് ആ രാത്രിയിലെത്തിയത്. മദ്യപാനത്തിനു ശേഷം ബസ്റ്റ് സ്റ്റോപ്പിൽ നിന്ന് ഒരു പെണ്ണിനെ (ലൈംഗിക തൊഴിലാളിയെ) സുര റഷീദിനുവേണ്ടി കൊണ്ടുവരുന്നു. എന്നാൽ ചില അപ്രതീക്ഷിത സംഭവങ്ങളാൽ റഷീദും പെണ്ണും കടമുറിക്കുള്ളിൽ കുടുങ്ങുകയും സുരയെ പോലീസ് പിടിക്കുകയും ചെയ്യുന്നു. റഷീദിനും പെണ്ണിനും സുരക്ഷിതമായി ഷട്ടറിൽ നിന്നും പുറത്തുകടക്കണമെങ്കിൽ ഷട്ടർ പൂട്ടിയിട്ടുപോയ സുര മടങ്ങിയെത്തണം. മനോഹരൻ എന്ന സംവിധായകനു തന്റെ ബാഗ് തിരികെ കിട്ടണമെങ്കിലും സുര മടങ്ങിയെത്തണം. സുരയാണെങ്കിൽ പോലീസ് സ്റ്റേഷനിലകത്തുമായി. ഷട്ടറിനകത്തെ ചെറിയ തുരുമ്പിച്ച ജനാലയിലൂടെ റഷീദിനു തന്റെ വീടും അവിടത്തെ നിഴലാട്ടങ്ങളും കാണാം.

കഥാസാരവും വിശദാംശങ്ങളും അറിയുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

മലയാളത്തിൽ പുതുമയുള്ളൊരു പ്രമേയം. ജീവിതത്തോട് ചേർന്നു നിൽക്കുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളും. ആഖ്യാനമാകട്ടെ പലപ്പോഴും ക്ലീഷേയിൽ നിന്നും കുതറി മാറുന്നുമുണ്ട്. (മലയാളത്തിൽ സ്ഥിരം കണ്ടു വരുന്ന ‘പ്രേക്ഷകനു മനസ്സിലാകുമോ എന്ന് സംശയിക്കത്തക്ക രീതിയിൽ ഓരോ കാര്യവും വിശദീകരിച്ച് കാണിക്കുന്ന’ രീതിയിൽ നിന്ന് മാറി ഏറെ subtle ആയി പറയുന്നുമുണ്ട് ). ഒരു ഷട്ടറിനപ്പുറവും ഇപ്പുറവുമായി നിരവധി ജീവിതങ്ങളെപ്പറ്റിയും അഥവാ ജീവിതത്തെപ്പറ്റിത്തന്നെയും സംസാരിക്കുന്നതാണ് ഈ സിനിമ. കൃത്യമായ കാസ്റ്റിങ്ങ്, അഭിനേതാക്കളുടെ ഗംഭീരമായ പ്രകടനങ്ങൾ, നിശ്ശബ്ദതയും പങ്കുചേരുന്ന മികച്ച പശ്ചാത്തലസംഗീതം, ഗിമ്മിക്കുകളില്ലാത്ത ദൃശ്യപരിചരണം. സ്വാഭാവികമായ സംഭാഷണങ്ങൾ ഇതൊക്കെയും ഷട്ടറിനെ കൊള്ളാവുന്നൊരു സിനിമയാക്കുന്നുണ്ട്. എങ്കിലും പ്രമേയത്തിന്റെ സാദ്ധ്യതകളെ കുറേക്കൂടി ഉപയോഗിക്കാമായിരുന്നു എന്നൊരു ചിന്ത സിനിമക്കു ശേഷം നമ്മിൽ ബാക്കിവെയ്ക്കുന്നുണ്ട് എന്നതാണൊരു നിരാശ.

ലാലിന്റെ റഷീദ് മികച്ചൊരു പ്രകടനമായിരുന്നു. വിനയ് ഫോർട്ടിന്റെ സുര, സജിത മഠത്തിലിന്റെ സ്ത്രീ, റിയ സൈറയുടെ ലൈല ഇവരൊക്കെയും ചെറുവേഷങ്ങളിൽ വന്ന ജൂനിയർ ആർട്ടിസ്റ്റുകളും വരെ മികച്ചതാക്കി. ശ്രീനിവാസന്റെ മനോഹരൻ പലപ്പോഴും ശ്രീനിവാസൻ തന്നെയാകുന്നുണ്ട്. രഘുനാഥ് രവിയുടെ ശബ്ദസംവിധാനം, ബിജിത് ബാലയുടെ എഡിറ്റിങ്ങ് എന്നിവയൊക്കെ ഷട്ടറിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെപ്പറ്റി ചിത്രാദ്യം മുതൽ അന്ത്യം വരെ ആവർത്തിച്ചുകൊണ്ടിരുന്നത് കല്ലുകടിയായി തോന്നി.

ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാനി’ലെ നടനായിരുന്ന ജോയ് മാത്യുവിന്റെ കന്നി സംവിധാനം മോശമായില്ല. ഈയടുത്തകാലത്തിറങ്ങിയ ചിത്രങ്ങളിൽ കൊള്ളാവുന്ന ഒന്നായി ഷട്ടർ മാ‍റിയിട്ടുണ്ട്; ആദ്യചിത്രമെന്നതിന്റെ അലോസരങ്ങൾ അവിടവിടെ കാണാമെങ്കിലും. “ലോകസിനിമയിലേക്ക് തുറക്കുന്ന മലയാളത്തിന്റെ ഷട്ടർ” “ a poetic violence on celluloide" എന്നൊക്കെയാണ്  “ഷട്ടർ” സിനിമയുടെ പരസ്യവാചകങ്ങൾ. ഈ വാചകങ്ങളെ അവഗണിച്ചോ മറന്നോ ഈ സിനിമ കാണാൻ പോയാൽ മികച്ചൊരു സിനിമാനുഭവമായിരിക്കും ഷട്ടർ. പ്രേക്ഷകരെ ആകർഷിക്കാനുള്ള കേവല പരസ്യ വാചകങ്ങൾ മാത്രമാണിതെന്ന് കണ്ടാൽ മതി.കാരണം അത്രമാത്രമൊരു ‘ലോകസിനിമ’യൊന്നുമല്ല ഷട്ടർ എന്നുകൂടി കൂട്ടിച്ചേർക്കട്ടെ.

വാൽക്കഷ്ണം : ഷട്ടറിലെ ലാലിന്റെ പ്രകടനത്തോട് ഒഴിമുറിയിലെ ലാലിന്റെ പ്രകടനം കൂടി ചേർത്തു വെച്ചാൽ കഴിഞ്ഞ വർഷത്തെ മികച്ച നടനായി ലാലിനപ്പുറം മറ്റൊരാളുണ്ടാവുമായിരുന്നില്ല. ചരിത്രവുമായി ബന്ധപ്പെട്ടൊരു കഥാപാത്രം ചെയ്തു എന്നതൊഴിച്ചാൽ പൃഥീരാജിന്റെ ദാനിയേലിനു ലാലിന്റെ പ്രകടനത്തിനു താഴെ നിൽക്കാനേ കഴിയൂ.

Relates to: 
Contributors: 

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
6 Mar 2013 - 23:29 nanz