കിളി പോയി - സിനിമാ റിവ്യൂ

Kili Poyi

യുവ നടന്മരായ ആസിഫ് അലിയും അജു വർഗ്ഗീസും പ്രധാന വേഷത്തിലഭിനയിക്കുന്ന പുതിയ ചിത്രം ‘കിളി പോയി’ പേരു സൂചിപ്പിക്കുന്ന പോലെ കോമഡി ട്രാക്കിലുള്ളൊരു സിനിമയാണ്. രണ്ടു ചെറുപ്പക്കാരുടെ ബാംഗ്ലൂർ നഗരജീവിതത്തിലെ ആഘോഷങ്ങൾക്കിടയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന പൊല്ലാപ്പുകളുമാണ് സിനിമയുടെ മുഖ്യപ്രമേയം.

കഞ്ചാവ് വലിച്ചാൽ ഉണ്ടാകുന്ന ഫിറ്റായ അവസ്ഥക്ക് ചെറുപ്പക്കാർക്കിടയിൽ പറയുന്ന ശൈലിയാണ് ‘കിളി പോയി’ എന്നത്. സിനിമയുടെ പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ചാക്കോയും(ആസിഫ് അലി) ഹരിയും(അജുവർഗ്ഗീസ്)മാണ് ഇവിടെ കഞ്ചാവ് വലി ശീലമായ ചെറുപ്പക്കാർ. ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ ജോലിചെയ്യുന്ന ഇരുവരും അമിതമായ ജോലിഭാരത്താലും ബോസിന്റെ ചീത്തവിളിയാലും മനം മടുത്ത് കുറച്ച് ദിവസം അവധിയെടുത്ത് ട്രിപ്പിനു പോകുന്നു. ഗോവയിലെ ആഘോഷത്തിനിടയിൽ അപരിചിതമായൊരു ബാഗ് ഇവരുടെ കൈവശം വരികയും അത് പിന്നീട് അവരുടെ ജീവിതത്തെ താളം തെറ്റിക്കുന്നതുമാണ് കഥാസാ‍രം.

സിനിമയുടെ വിശദാംശങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

പരാജയചിത്രങ്ങളുടെ തുടർച്ചയിലാണ് ആസിഫ് അലിയുടെ ‘കിളി പോയി‘ വരുന്നത്. ആസിഫ് അലി മോശമായില്ല എന്നു പറയാം. നായകനായ ആസിഫ് അലിയേക്കാൾ പ്രേക്ഷക കയ്യടി നേടുന്നത് കൂട്ടുകാരനായ അജു വർഗ്ഗീസാണ്. അജുവിന്റെ ഹരി പറയുന്ന കോമഡി ഡയലോഗുകളാണ് സിനിമയെ സജ്ജീവമാക്കുന്നത്. അജു വർഗ്ഗീസിന്റെ ഹരിയും ജോജു ജോർജ്ജ് മാളയുടെ ടോണിയുമൊക്കെ കൊള്ളാം. നായക കേന്ദ്രീകൃതമല്ലാത്ത കിളി പോയി സന്ദർഭങ്ങൾക്കും സംഭവങ്ങൾക്കുമാണ് പ്രാധാന്യം നൽകുന്നു. രണ്ടു ചെറുപ്പക്കാരുടെ നഗരജീവിത ആഘോഷത്തിലെ കുറച്ചു ദിവസങ്ങളെപ്പറ്റി പറയുക എന്നതിനപ്പുറം മറ്റൊരു വിഷയത്തിലേക്കോ കഥാപാത്രങ്ങളുടെ ജീവിതത്തിലേക്കോ ഒന്നും സിനിമ ഫോക്കസ് ചെയ്യുന്നുമില്ല. അതുകൊണ്ട് സിനിമ കണ്ടു തീരുമ്പോൾ പ്രേക്ഷകനിലേക്ക് യാതൊന്നും ബാക്കിവെക്കാ‍നും സിനിമക്കാകുന്നില്ല.

പഴയ ഹിറ്റ് സിനിമകളുടെ ഓർമ്മപ്പെടുത്തലുകൾ ട്രെൻഡായി മാറിയ മലയാളം പുതുതലമുറ ചിത്രങ്ങളുടെ ശ്രേണിയിൽത്തന്നെയാണ് ഈ സിനിമയും. പഴയ കാല താരം രവീന്ദ്രനും ഡിസ്കോ ഡാൻസും, ദാസനും വിജയനും ബോയിങ്ങ് ബോയിങ്ങിലെ ജഗതിയും അക്കരെയക്കരെയക്കരെയുമൊക്കെ ഈ സിനിമയിൽ സജ്ജീവ സാന്നിദ്ധ്യമാകുന്നുണ്ട്. പഴയ ഹിറ്റ് ചിത്രങ്ങളുടെ ആരാധകർക്ക് കയ്യടിക്കാനും അതു വഴി സിനിമയ്ക്ക് വിജയമൊരുക്കാനും ശ്രമിക്കുന്ന കേവല തന്ത്രമായല്ലാതെ പറയുന്ന വിഷയവുമായി കാര്യമായി ബന്ധപ്പെടുത്താനൊന്നും ഇത്തരം ശ്രമങ്ങൾക്ക് കഴിയുന്നുമില്ലെന്ന് ഈ സിനിമയും ഇതേ തന്ത്രം പ്രയോഗിച്ച മുൻ സിനിമകളും കാണിച്ചു തരുന്നുണ്ട്.

സിനിമ എന്റർടെയ്മെന്റാണെന്നു കരുതുന്ന പ്രേക്ഷകനു വേണ്ടിയാണ് ‘കിളി പോയി’. കേവലം ഒന്നേമുക്കാൽ മണിക്കൂറുള്ള സിനിമ അതുകൊണ്ടുതന്നെ കുറേയേറെ പ്രേക്ഷകനേയും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിലപ്പുറം ‘കിളി പോയി’യിൽ സിനിമയോ സിനിമാനുഭവമോ തന്നെ ആകുന്നില്ലെന്നു മാത്രമല്ല കണ്ടു മറന്ന പല ഭാഷാചിത്രങ്ങളേയും സീനുകളേയും ഓർമ്മപ്പെടുത്തുന്നുണ്ട്.

Contributors: 

എഡിറ്റിങ് ചരിത്രം

2 edits by
Updated date എഡിറ്റർ ചെയ്തതു്
3 Mar 2013 - 12:39 nanz
3 Mar 2013 - 12:37 nanz