കാറ്റേ കാറ്റേ നീ പൂക്കാമരത്തില്…പുതിയ “പഴയ” പാട്ട്

ആസ്വാദ്യതയേറുന്നതു കൊണ്ടായിരിക്കണം ഇന്ന് മലയാളികൾ കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്  ഇനിയും റിലീസ് ചെയ്യാത്ത ‘സെല്ലുലോയിഡ്’ ഇലെ  “കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളി വന്നോ“ എന്ന “പഴയ“ പാട്ട്.  സിനിമ ജെ. സി. ഡാനിയലിന്റെ ജീവിതകഥയായതു കൊണ്ട് ഒരു “പീരീഡ്” പാട്ട് പുനർനിർമ്മിക്കാൻ സംവിധായകനും സംഗീതമണച്ചവരും തീരുമാനിച്ചത് തീർച്ചയായും സംഗതവും ഔചിത്യമിയന്നതുമാണ്.

ആലാപനത്തിന്റെ ഭാവപരിസരവും  സൃഷ്ടിയ്ക്കുന്ന  വൈകാരികതലവുമാണ് ഈ പാട്ടിന്റെ പ്രധാന ആകർഷകവസ്തുക്കൾ. ഒരു പഴയ പാട്ടിന്റെ ഫീൽ ഉടനീളം തുളുമ്പുന്നത് ആദ്യം തന്നെ ശ്രദ്ധാഗ്രാഹിയുമാകുന്നുണ്ട്. സംഗീതനിർവ്വഹണത്തിന്റേയും ഓർക്കസ്റ്റ്രേഷന്റെയും അവതരണത്തിന്റേയും മൌലികത നിലനിർത്തി പഴയ പാട്ടുകളുടെ രീതികളുമായി സമരസപ്പെട്ടുപോകുന്നതിൽ ശ്രദ്ധ വയ്ക്കാൻ കിണഞ്ഞു  ശ്രമിച്ചിട്ടൂണ്ട് ഇത് മെനഞ്ഞെടുത്തവർ. ഉടനീളം  സൌമ്യത നിലനിർത്തുകയും നാടൻ ഈണമാണെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗായകരുടെ ടോൺ വളരെ സ്വാഭാവികവും ആണ്. ഉപകരണങ്ങളുടെ സംയോഗവും  പ്രയോഗങ്ങളും വളരെ മിതത്വമാർന്നതുമാണ്.  മെലഡി ഇഷ്ടപ്പെടുന്ന മലയാളി സംവേദനശീലങ്ങൾക്ക് ഒത്തുപോകുന്ന  ഈണവും മൃദുലമായ പരിചരണവുമാണ് എം. ജയചന്ദ്രനും കൂട്ടരും പൊതുസമക്ഷം വിളമ്പുന്നത്. കീബോർഡിൽ മാത്രം നിർമ്മിച്ചെടുക്കുന്ന ഉപകരണസങ്കലനം,  പാടാനുള്ളതാണ് പാട്ട് എന്ന ധാരണയിൽ നിന്നു അകലുക,  ശ്ബ്ദകോലാഹലമുഖരിതം എന്നൊക്കെയുള്ള, ഇന്നത്തെ പാട്ടുകളെക്കുറിച്ചുള്ള ആവലാതികൾ യഥാർഥമാണെന്ന് വിളിച്ചോതുകയാണ് ഈ പാട്ടിനു ലഭിച്ചിരിക്കുന്ന സ്വീകരണം.

 പഴയ പാട്ടിന്റെ സ്വഭാവങ്ങൾ പേറി ഒരു പുനർനിർമ്മാണമാണ് സാധിച്ചെടുത്തത് എന്ന് നിസ്സംശയം പറയാം.  വളരെ സൂക്ഷ്മതയോടെ ആണ് പാട്ട്  പഴയതാക്കി എടുത്തിരിക്കുന്നത്. ആലാപനത്തിന്റെ വ്യവഹാരരീതിയിലും ഓർക്കെസ്ട്രേഷന്റെ സ്പഷ്ടമായ പഴമയിലും പൌരാണികത സ്ഥാപിച്ചെടുക്കപ്പെട്ടിരിക്കുകയാണ്.   ക്ലാരിനറ്റും മൃദംഗവും ഹാർമോണിയവും ആണ് ബി ജി എമ്മിന് ഉപയുക്തമാക്കിയിരിക്കുന്നത്. ആലാപനമാകട്ടെ കേട്ടിട്ടുള്ള എതൊക്കെയോ പാട്ടുകളുടെ ഓർമ്മ ഉണർത്തുന്നതാണ്.  ഉടനീളം സ്ഥായി മുകളിലാക്കി ഉറക്കെയാണ് പാടിയിരിക്കുന്നത്, പഴക്കം ചെന്ന പാട്ടുകുളിലെപ്പോലെ.  നാടകങ്ങളിൽ ഉറക്കെപ്പാടി ശീലിച്ചവരായിരുന്നു 1930-40 കളിലെ പാട്ടുകാർ. റെക്കോർഡിങ്ങിന്റെ പരിമിതികളും ഇങ്ങനെ പാടിയുള്ള തഴക്കവും പാട്ടുകാരെ കുറച്ച് ഉറക്കെത്തന്നെ പാടാൻ പര്യാപ്തമാക്കിയിരുന്നു.  ഇത്തരം ആലാപനരീതിയുടെ ഒരു ഉദാഹരണമായിക്കാണാവുന്നതാണ് 1941ൽ എം. കെ. ത്യാഗരാജഭാഗവതർ  ‘അശോക് കുമാർ”  എന്ന സിനിമയ്ക്കു വേണ്ടി പാടിയ, ജോൻപുരി രാഗത്തിൽ ചിട്ടപ്പെടുത്തിയ “സത്വ ഗുണ ബോധൻ“ എന്ന പാട്ട്. ‘കാറ്റേ കാറ്റേ” യിലെപ്പോലെ മൃദംഗവും ക്ലാരിനറ്റും ഈ പാട്ടിലും വാദ്യവൃന്ദത്തിൽ പെടുന്നുണ്ട്. “സത്വഗുണ ബോധൻ” ഒരു പ്രോടോടൈപ് ആയി സംഗീതസംവിധായകൻ എടുത്തിട്ടുണ്ടായിരിക്കണം സെല്ലുലോയിഡിലെ ഈ പാട്ട് ചിട്ടപ്പെടുത്തിയപ്പോൾ.. ത്യാഗരാജഭാഗവതർ തന്നെ “‘ഹരിദാസ്“ എന്ന സിനിമയ്ക്ക് വേണ്ടി പാടിയ ചാരുകേശി രാഗം ആധാരമാക്കിയ “മന്മഥലീലയൈ വെന്റ്രാർ ഉണ്ടോ“ എന്ന പാട്ടും ഇതേ സംഗീതഘടനയിലാണ്. “കാറ്റേ കാറ്റേ’ യുടെ സംഗീതവും ഇവയുമായി സമരസപ്പെട്ടുപോകുന്നതാണ്.  ഏതായാലും 1930 കളിലും 40 കളിലും കാണപ്പെടുന്ന സാങ്കേതികതകളും അവതരണസവിശേഷതകളുമാണ്  ‘കാറ്റെ കാറ്റേ…’ യിൽ കാണുന്നത് എന്നത് കൌതുകകരമാണ്.

സത്വ ഗുണ ബോധൻ‘ ഇവിടെ കേൾക്കാം:

മന്മഥലീലൈയേ വെണ്ട്രോർ ഉണ്ടോ‘ ഇവിടെ കേൾക്കാം:

ക്ലാരിനറ്റിന്റെ ചില പ്രയോഗങ്ങളാണ്  പഴക്കം സൂചിപ്പിക്കാൻ നിയുക്തമാക്കിയിരിക്കുന്നത്. ഹാർമോണിയവും കൂടെ ഉണ്ട്, സ്വൽപ്പം മന്ദ്രമായി. താളത്തിനു മൃദംഗവും. ഈ മൂന്നിന്റേയും ഉചിത സമ്മിശ്രണം ഒരളവോളം  പാട്ടിനു പൌരാണികത അണയ്ക്കുന്നുണ്ട്. മൃദംഗത്തിന്റെ സുന്ദരമായ ലളിതവിന്യാസങ്ങളാണ് ഈ പാട്ടിൽ. 1950 കളുടെ ആദ്യപാതിയിൽത്തന്നെ തബല മുഖ്യ വാദ്യമായി സിനിമാപ്പാട്ടുകളിൽ ഇടം പിടിച്ചിരുന്നു. മിക്ക പാട്ടുകളും ഹിന്ദി ഗാനങ്ങളുടെ കോപ്പി ആയിരുന്നതിനാൽ ഇത് അനിവാര്യവുമായിരുന്നു. ഭക്തിഗാനങ്ങളാണ് കൂടുതലും  അക്കാലത്ത് ശാസ്ത്രീയസംഗീത ചിട്ട അനുസരിച്ച് രൂപപ്പെടുത്തിയിരുന്നത്. പിന്നീട് വന്ന നാടകഗാനങ്ങളും തബല തന്നെ പ്രധാന താളവാദ്യമായി ഉപയോഗിച്ചു പോന്നു. ‘കാറ്റേ കാറ്റേ‘ യിൽമൃദംഗം തന്നെ ഉപയോഗിക്കാൻ തീരുമാനിച്ച കമ്പോസറുടെ ഔചിത്യം  ഉചിതം തന്നെ.

    ആലാപനത്തിൽ കച്ചേരി മട്ടിന്റെ പ്രസരം കാണപ്പടുന്നത് അന്നത്തെ പാട്ടുകളുടെ മുഖമുദ്ര തന്നെ. ഗമകങ്ങളാൽ സുഭിക്ഷമാക്കപ്പെടുക എന്ന രീതി ‘കാറ്റേ കാറ്റേ…’ യിലും സമൃദ്ധമാണ്. പഴക്കം തോന്നിക്കാൻ ഇത് സഹായിക്കുന്നു. പല വാക്കുകളും ഇതിനുദാഹരണമാണ്. “വാഴ‘ “ചൂടിൽ” കരിഞ്ഞൊരു”  തല” “ഓടിവായോ” ചൊല്ലാമോ “നേരാമോ”എന്നീ വാക്കുകളൊക്കെ ഗമകങ്ങളോടെയാണ് തീർത്തെടുക്കുന്നത്.  ചില വാക്കുകൾ ഒന്നു നീട്ടി നിറുത്തുക എന്ന രീതിയും പിൻ തുടരുന്നുണ്ട്.  വാക്കുകൾ കൃത്യമായി ഉച്ചരിക്കുകയും തെല്ല് ബലാഘാതം കൊടുക്കുകയും ചെയ്യുന്നുണ്ട് പണ്ടത്തെ രീതിയിൽ. “തത്തിവരൂ”, “തത്തകളേ““കാത്തിരിപ്പൂ“  
 എന്നിവയൊക്കെ ഇത്തരം ഉച്ചാരണസവിശേഷത പേറുന്നുണ്ട്.  

    ആലാപനശൈലിയിലെ അകൃത്രിമത്വം  തീർച്ചയായും പാട്ടിനെ ആകർഷകമാക്കുന്നുണ്ട്.  നാടൻ ഉച്ചാരണരീതി തെളിഞ്ഞുകാണാം.  എസ്. ജാനകിയും പി സുശീലയും മലയാളത്തിൽ ഒരു “ജെനെറിക്’ ഉച്ചാരണ ശൈലി കൊണ്ടു വന്നിരുന്നു. സംസ്കൃതീകരിച്ച ഉച്ചാരണശൈലിയും ശബ്ദയോജനയുമാണ് ഇവർക്ക് ഉണ്ടായിരുന്നത്. ഇതിനു വൻപിന്തുണയാണ് പിന്നീട് ലഭിച്ചത്. ‘കാറ്റേ കാറ്റേ‘ യിലെ സ്ത്രീ ശബ്ദമായ വൈക്കം വിജയലക്ഷ്മി ഈ ബാദ്ധ്യത വിട്ട് കെ പി എ സി സുലോചനയുടേയോ ജാനമ്മ ഡേവിഡിന്റേയോ മലയാളം പാടൽ തിരിച്ചു കൊണ്ടു വന്നിരിക്കയാണ്.  ജി. ശ്രീറാമും ഈ വഴിക്കാണ്. ശ്രീറാമിനാകട്ടെ നേരത്തെ തന്നെ പഴയ ആലാപനശൈലി സ്വായത്തമാണ്. ദേവരാജന്റേയും കെ. എസ് ജോർജ്ജിന്റേയുമൊക്കെ തനിമ അതേ പടി ജീവിപ്പിച്ചെടുക്കാനുള്ള മിടുക്ക് പണ്ടേ തെളിയിച്ചു കഴിഞ്ഞ ഗായകനാണ് ശ്രീറാം. ആയാസരഹിതമായും കൃത്യതയോടേയും  ഈ  ശൈലി അദ്ദേഹം പിൻ തുടർന്നിരിക്കുന്നു. രണ്ടുപേരും അതീവഹൃദ്യമായും ഒന്നോടൊന്നു ചേർന്നും ആലപിച്ചിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല.

    ക്ലാരിനറ്റിന്റെ   സമർത്ഥമായ ഉപയോഗം പൂർവ്വകാലത്തെ അനുസ്മരിപ്പിക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞു. ചെറിയ ട്രിക്കുകൾ വേറെയുമുണ്ട്. ചരണങ്ങളുടെ ഇടയ്ക്കുള്ള ക്ലാരിനറ്റ് നിർമ്മിച്ചെടുക്കുന്ന റ്റ്യൂൺ ‘നൊസ്റ്റൽജിക്’ എന്നു വിശേഷിപ്പിക്കാം. ഓരൊ വരികളും അവസാനിക്കുമ്പോൾ വയലിൻ/ഫ്ലൂട്/ക്ലാരിനറ്റ് നിശ്ചിത സ്വരസംഘാതം ചേർക്കുകയും അത് അടുത്ത വരിയുമായി ബന്ധിപ്പിക്കാനുതകുകയും ചെയ്യുക എന്നത് പഴയ പാട്ടുകളിൽ ധാരാളം കാണാവുന്നതാണ്. ഈ പാട്ടിലും ഈ പ്രയോഗരീതി അനുബന്ധിച്ച ക്ലാരിനറ്റ് ബിറ്റ്സ് കേൾക്കാം. പാട്ടിന്റെ ഈണത്തോടൊപ്പിച്ച് വാദ്യവൃന്ദങ്ങൾ സമാന്തരമായി പോകുക എന്ന പഴയ രീതിയും ഈ പാട്ടിൽ നിബന്ധിച്ചിട്ടുണ്ട്. അത് ചിലപ്പോൾ ഹാർമോണിയത്തോടൊപ്പവുമാണ്.  ‘കാതിൽ തേന്മൊഴി ചൊല്ലാമോ“ എന്ന ഭാഗത്ത് ഇത് കൃത്യമായി കേൾക്കാം.  ഗഞ്ചിറയുടെ ചുറ്റുമുള്ള മണികളുടേത്  പോലെ ചില കിലുക്കങ്ങളുമുണ്ട് ഇക്കൂടെ. മൃദംഗത്തിന്റെ പ്രയോഗങ്ങളിലും ചില പഴയ പാട്ടുകളുടെ നടവിന്യാസങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.  കർണാടകസംഗീതാനുസാരിയായി താളവാദ്യത്തിന്റെ ബീറ്റ്സ് ഓരോ വാക്കുകളിലോ അക്ഷരങ്ങളിലോ കൃത്യമായി തൊടുക്കുന്ന വിദ്യ ദേവരാജനും മറ്റും യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്. ചരണങ്ങളിലെ വരികളുടെ അക്ഷരവിന്യാസമനുസരിച്ച് തബലയുടേയോ മൃദംഗത്തിന്റേയോ നടകൾ മാറ്റിയെടുക്കുന്ന കലാകൃതി. ‘കാറ്റേ കാറ്റേ‘ യിലും ഈ പ്രകടനം കാണാം. ആദ്യത്തെ നാലുവരികൾ കഴിഞ്ഞ് മൃദംഗത്തിന്റെ നടകൾ മുറുകിയ കാലത്തിലേക്ക് പ്രവേശിക്കുകയാണ്. ആദ്യചരണത്തിൽ ‘കുഞ്ഞിളം കൈ വീശി‘ എന്നു തുടങ്ങുത്തിടത്തും രണ്ടാം ചരണത്തിൽ ‘ഇത്തിരിപ്പൂ’ എന്നു തുടങ്ങുന്നിടത്തുമാണ് മൃദംഗത്തിന്റെ നടകൾ ഇങ്ങനെ മാറുന്നത്.  ചരണങ്ങളിലെ രണ്ടാം വരിയുടെ അവസാനവും മൃദംഗം ചില പ്രത്യേക പ്രയോഗങ്ങൾ ഇട്ടുകൊടുക്കുന്നുണ്ട്.  ഒരോ ചരണഖണ്ഡവും പല്ലവിയുടെ ആവർത്തനത്തോടെ മുഴുമിക്കുമ്പോൾ മാത്രമല്ലാതെ പാട്ടിന്റെ അവസാനവും മൃദംഗം മുത്തായിപ്പ് തീർക്കുന്നത് സവിശേഷത തന്നെ. കീ ബോർഡുകളിലെ കട്ടകൾ ഇട്ടുകൊടുക്കുന്ന ഏകതാനതയിൽ നിന്നും വിഭിന്നപ്പെടാൻ വെല്ലുവിളി സ്വീകരിച്ച  എം. ജയചന്ദ്രനെ ശ്ലാഖിച്ചേ മതിയാവൂ. സാങ്കേതികതയുടെ സൂക്ഷ്മതകൾ എന്തു തന്നെയായാലും സൌമ്യത, ലാളിത്യം, നാടൻ മട്ടിലുള്ള ആലാപനം ഇവയൊക്കെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നു എന്നത് സത്യം തന്നെ. പഴമ പുനർ നിർമ്മിച്ചപ്പോൾ പഴയകാല സംഗീത സംവിധായകരായ ബ്രദർ ലക്ഷ്മണോ പി. എസ്. ദിവാകറോ ചെയ്തുവച്ചതിന്റെ അനുകരണം ആണെന്ന് തോന്നിപ്പിക്കുന്നുമില്ല.

    കഥാപാത്രങ്ങളുടെ  സ്വപ്നസാക്ഷാത്കാരത്തിനുള്ള പ്രതീക്ഷകൾ പൂവണിയുന്ന ഭാവപരിസരമാണ് രചനയ്ക്ക്. പാട്ട് ഇതുമായി യോജിച്ചു പോകുന്നുണ്ട്. കാണാമരത്തിനു പൂവും കായും വരുന്നതും കദളിവാഴപ്പൂക്കളിൽ തേൻ നിറയുന്നതും സുന്ദരസ്വപ്നം  സഫലമാകുന്നതിന്റെ സൂചനകൾ തന്നെ. പക്ഷേ പഴയ പാട്ടുകളിലെ പ്രയോഗങ്ങളോ  ശൈലികളോ റഫീക് അഹമ്മദ് കടം കൊണ്ടില്ല എന്നത് ഒരു ന്യൂനത തന്നെയാണ്. അക്കാലത്തെ പാട്ടുകളിൽ വരാൻ സാദ്ധ്യതയില്ലാത്ത പ്രയോഗങ്ങൾ അസ്വാരസ്യം ഉളവാക്കുന്നുണ്ട്. ‘പൂക്കാമരം’ ‘കാണാമരം’ കുഞ്ഞിളം കൈ വീശി‘ എന്നതൊക്കെ വളരെ പിന്നിട്ട കാലഘട്ടത്തിൽ മാത്രം വന്നു കയറിയ പ്രയോഗങ്ങളാണ്. 50 കളിലെ പാട്ടുകളിൽ പോലും കാണാത്ത ഇത്തരം പ്രയോഗങ്ങൾ 1930-40 കളിലേത് എന്നു സംഗീതപരമായി സമർത്ഥിക്കുന്ന പാട്ടിൽ കടന്നു വരാതെ സൂക്ഷിക്കാമായിരുന്നു.  വ്യാകുലരാവ്, ഞാലിപ്പൂങ്കദളി എന്നൊക്കെ ചില വികലപ്രയോഗങ്ങളുമുണ്ട്. (ഞാലിപ്പൂങ്കദളി-ഞാലിപ്പൂവനും കദളിയും ചേർന്ന സങ്കരയിനം?) പൊന്നുഷസ് കുഞ്ഞിളം കൈ വീശി വരുന്നത് എങ്ങിനെയാണെന്ന് കവിയ്ക്കു മാത്രമേ ഭാവനയിൽ കൊണ്ടുവരാൻ സാധിയ്ക്കൂ. മുത്തണിപ്പൂന്തൊട്ടിലാട്ടി കിന്നരിക്കാൻ ഓമനിക്കാൻ പൊന്നുഷസ്സണോ വരേണ്ടത് എന്നും വ്യക്തമല്ല. കാറ്റ് ആയിരിക്കാൻ സാദ്ധ്യതയില്ല. അങ്ങനെയാണെങ്കിൽ കാതിൽ തേന്മൊഴി ചൊല്ലേണ്ടതും ഉഷസായിരിക്കണമല്ലൊ. ഇത് എങ്ങനെയെന്ന് കവിയ്ക്ക് മാത്രമറിയാം. രണ്ടാം ചരണം പരസ്പരബന്ധമില്ലാത്ത ആശയങ്ങളാൽ കോർത്തെടുത്തതാണ്. വെള്ളിനിലാവിൻ തേരു വന്ന രാവ് വ്യാകുലമാകുന്നത് എങ്ങനെയെന്തോ.  ഇതിനിടയ്ക്കാണ് പുത്തരിപ്പാടം പൂത്തുലയുന്നത്. അർത്ഥസമ്പുഷ്ടമായ വരികളെഴുതാൻ ഇന്ന് ഗാനരചയിതാക്കൾ തീരെയില്ല എന്നത് ദയനീയം തന്നെ.

    കീബോർഡ് കമ്പോസേഴ്സിനിടയിൽനിന്നും എം. ജയചന്ദ്രനെപ്പോലെയുള്ളവർ അകലുകയും സ്വന്തം നിലപാട് പ്രഖ്യാപിച്ച് തലയുയർത്തി നിൽക്കുകയും ചെയ്യുന്നുണ്ടെന്നുള്ളത് അഭിമാനകരം തന്നെ.

പിന്മൊഴികൾ

The song and the scenes are matching. Since we are familiar with the life of J C Daniel, our heart will feel pain.. Good work

The lyrics portion should have been given to Yusafali Kechery. He is a genuine poet and could have created the feelings of olden days.

ശബ്ദത്തില്‍ പഴയകാലഗായികമാരെ അനുസ്മരിപ്പിക്കുന്നത് ഡിജിറ്റല്‍ തരികിടയാണെന്നു തോന്നുന്നു. ഒന്നും വിശ്വസിക്കാന്‍ മേല ഡിജിറ്റല്‍ യുഗത്തില്‍! പി ജയചന്ദ്രന്റെ പാട്ട് 33% സ്പീഡ് കൂട്ടി ഒന്ന് ഓടിച്ചാല്‍ തന്നെ പി ലീലയാകും! പിന്നെയല്ലെ.

I am clean bowled by both the song and the review.
Vijayalaksmi is known to me. She is so versatile and beyond my ability to comment.
Balendu