അന്നയും റസൂലും - സിനിമാറിവ്യൂ

Annayum Rasoolum

പ്രമുഖ ഛായാഗ്രാഹകൻ രാജീവ് രവിയുടേ ആദ്യ ചിത്രം ‘അന്നയും റസൂലും’ തീർച്ചയായും ഒരു പ്രണയചിത്രവും അതിലുപരി യഥാർത്ഥ ജീവിതത്തിന്റെ നേർപകർപ്പ് കൂടിയാണെന്ന് പറയാം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ എന്നീ ഭൂമികകളിലെ ജീവിതങ്ങളെ; അവരുടെ പ്രണയം, വിരഹം, വേദന, സന്തോഷം, ജീവിതമാകെത്തന്നെ അവരറിയാതെ ഒപ്പിയെടുത്ത പ്രതീതിയാണ് സിനിമക്ക്. അതിഭാവുകത്വവും ക്ലീഷേ സന്ദർഭ- സംഭാഷണങ്ങളും പാടേ ഒഴിവാക്കാൻ നടത്തിയ ശ്രമവും അഭിനേതാക്കളുടെ തന്മയത്ഥമാർന്ന പ്രകടനവും സാങ്കേതികത്തികവും സമീപകാലത്ത് മലയാളത്തിൽ വന്ന സിനിമകളിൽ നിന്ന് ‘അന്നയും റസൂലിനേയും’ വലിയൊരളവിൽ മാറ്റി നിർത്തുന്നു. സിനിമ വെറും കാഴ്ചകളിൽ നിന്ന് മനസ്സിലേക്ക് പതിക്കുകയും തിയ്യറ്ററ് വിട്ടിറങ്ങിപ്പോരുമ്പോൾ കൂടെപ്പോരുകയും സന്ദർഭങ്ങളും കഥാപാത്രങ്ങളും പിന്നീടും പിന്നീടും നമ്മുടെ മനസ്സിലേക്ക് കയറിവരികയും ചെയ്യുന്നു എന്നതാണ് ‘അന്നയും റസൂലും’ ഏറെ പ്രിയപ്പെട്ടതാക്കുന്നത്.

ഫോർട്ട് കൊച്ചിക്കാരനും ടാക്സി ഡ്രൈവറുമായ റസൂലിന്റേയും (ഫഹദ് ഫാസിൽ) എറണാകുളത്തെ ഒരു ടെക്സ്റ്റൈൽ ഷോപ്പിലെ സെയിത്സ് ഗേളായ വൈപ്പിൻ കാരി അന്നയുടേയും(ആൻഡ്രിയ) കണ്ടുമുട്ടലുകളും പ്രണയവും ജീവിതവുമാണ് മുഖ്യപ്രമേയം. കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

അന്നയും റസൂലും വെറുമൊരു സിനിമാക്കാഴ്ചയല്ല, സിനിമാ അനുഭവമാണ്. അത് അനുഭവിച്ചു തന്നെ അറിയണം. നാളിതുവരെയുള്ള മലയാള സിനിമാ ശീലങ്ങളിൽ നിന്ന്  മാറിയുള്ള ദൃശ്യാവിഷ്കാരമാണ് സിനിമയിൽ. മട്ടാഞ്ചേരിക്കാരന്റേയും വൈപ്പിൻകാരന്റേയും ഫോർട്ട് കൊച്ചിക്കാരന്റേയുമൊക്കെ യഥാതഥ ജീവിതം സിനിമയുടെ വെള്ളിവെളിച്ചത്തിന്റെ ഗരിമയില്ലാതെ ആവിഷ്കരിക്കാൻ സംവിധായകനു സാധിച്ചിരിക്കുന്നു. കൃത്യമായ ദൃശ്യഭാഷ ചമക്കുവാൻ ക്യാമറമാൻ മധു നീലകണ്ഠനും ജീവിതത്തോട് ചേർന്നു നിൽക്കുന്ന സന്ദർഭങ്ങളും സംഭാഷണങ്ങളുമൊരുക്കുവാൻ തിരക്കഥാകൃത്തുക്കളായ സന്തോഷ് എച്ചിക്കാനത്തിനും ജി സേതുനാഥിനും സാധിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ അന്നയും റസൂലിന്റേയും പ്രണയവും ജീവിതവും നമ്മൾ കാണുകയല്ല അവരുടെ ജീവിതത്തോട് ചേർന്ന് നിന്ന് അനുഭവിച്ചറിയുകയാണ്.

റസൂലായി അഭിനയിച്ച ഫഹദ് ഫാസിലെ എത്ര അഭിനന്ദിച്ചാലാണ് തൃപ്തിയാകുക?! സ്വാഭാവിക സംഭാഷണങ്ങളാലും നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ റസൂലെന്ന കഥാമാത്രമാകാൻ ഫഹദിനു കഴിഞ്ഞിരിക്കുന്നു. കഥാപാത്രങ്ങൾക്ക് ചേരുന്ന നടീ നടന്മാരെ തിരഞ്ഞെടുത്തതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. റസൂലിന്റെ സഹോദരൻ ഹൈദറായി സംവിധായകൻ ആഷിക് അബുവും,അന്നയായ ആൻഡ്രിയയും റസൂലിന്റെ കൂട്ടുകാരായി വന്ന കോളിൻ (സൌബിൻ സാഹിർ) ആഷ്ലി (സണ്ണി വെയ്ൻ) അബു (ഷൈൻ ടോം ചാക്കോ) ഫസില(സൃന്ദ അശബ്) എന്നിവരൊക്കെ നടീ നടന്മാരായല്ല കഥാപാത്രങ്ങളായാണ് പ്രേക്ഷകനു മുന്നിൽ അനുഭവപ്പെടുന്നത്. ഇവരുടെ ‘അഭിനയമല്ല‘ സ്വാഭാവികമായ പെരുമാറ്റമാണ് സിനിമയുടെ ജീവൻ ആദ്യന്തം നിലനിർത്തുന്നതും. (നായികയും അച്ഛനും അനിയനുമായിവന്ന നടന്മാർ പോലും ഒരൊറ്റ സംഭാഷണമില്ലാതെ തന്നെ എത്ര നന്നായി പെർഫോം ചെയ്തിരിക്കുന്നു!)

സിനിമയുടെ സ്വാഭവികഥക്ക് സ്പോട്ട് ഡബ്ബിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്. (സൌണ്ട് ഡിസൈൻ : തപസ് നായിക്). ബി അജിത് കുമാറിന്റെ ചിത്രസന്നിവേശം, സമീറസനീഷിന്റെ വസ്ത്രാലങ്കാരം മനോജിന്റെ ചമയം, നാഗരാജിന്റെ കലാസംവിധാനം ഒപ്പം ‘കെ’യുടെ സംഗീതം എന്നിവ സിനിമയെ വിജയിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരിക്കുന്നു. ശ്യാം കൌശൽ ഒരുക്കിയ സംഘട്ടന രംഗങ്ങളും കച്ചവട സിനിമയിലെ സ്ഥിരം രംഗങ്ങളായല്ല തികച്ചും സ്വാഭാവികമായിത്തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. പലപ്പോഴും നിശബ്ദതയും സംഗീതമാകുന്ന പശ്ചാത്തലസംഗീതം ചിത്രത്തിനു സൌന്ദര്യം കൂട്ടുന്നു.

നായിക അന്ന എന്തൊക്കെയോ ജീവിത നൈര്യാശ്യങ്ങളും പ്രാരാബ്ദങ്ങളും പേറുന്നൊരു നാട്ടിൻ പുറത്തുകാരി പെണ്ണാണ്. അതുകൊണ്ടുതന്നെ അന്ന പലപ്പോഴും നിശബ്ദയുമാണ്, വല്ലപ്പോഴും പറയുന്ന സംഭാഷണങ്ങളാകട്ടെ മന്ത്രിക്കുന്നതുപോലെ. നീണ്ട ‘സംഭാഷണ പ്രസംഗ‘ങ്ങളുടെ അകമ്പടിയില്ലാതെ അന്നയുടെ മാനസികഭാവങ്ങളും ചുറ്റുപാടുകളും പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാൻ തിരക്കഥാകൃത്തുക്കൾക്കും അന്നയായി അഭിനയിച്ച ആൻഡ്രിയക്കും സാധിച്ചു. പരിമിതമായ സംഭാഷണങ്ങളാണ് സിനിമയിൽ, പലപ്പോഴും കഥാപാത്രങ്ങളുടെ മാനസിക ഭാവങ്ങൾക്ക്/പ്രതികരണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ദൃശ്യഭാഷയാണ്. ഒപ്പം തത്സമയം രേഖപ്പെടുത്തിയ പശ്ചാത്തല ശബ്ദങ്ങളും സന്ദർഭങ്ങൾക്ക് ചേരുന്ന പശ്ചാത്തല സംഗീതവും.

കൊമേഴ്സ്യൽ സിനിമയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഒരു നല്ല സിനിമ ഉണ്ടാക്കാൻ സാധിക്കുമെന്ന് അന്നയും റസൂലും ഭംഗിയായി തെളിയിച്ചിരിക്കുന്നു. പശ്ചിമ കൊച്ചിയെന്നാൽ ക്വൊട്ടേഷൻ സംഘങ്ങളും അധോലോകവും തീവ്രവാദികളുമാണെന്ന പുതിയ മലയാള സിനിമാ ശൈലിക്കും ഈ സിനിമ നല്ലൊരു മറുപടിയാണ്. ഇതിനൊക്കെയുമപ്പുറം ഇവിടം ജീവിതങ്ങളുണ്ടെന്നും ആ കാഴ്ചകളിലേക്കും കണ്ണ് തിരിക്കണമെന്നും സിനിമ പറയാതെ പറയുന്നു. സ്ഥിരം സിനിമാ കാഴ്ചാശീലങ്ങളെയും ആഖ്യാന രീതികളേയും സിനിമാ ഏറെ തള്ളിക്കളയുന്നുണ്ട്. തിരശ്ശീലയിലെ സിനിമയെന്നാൽ ഗ്ലാമർ നിറഞ്ഞ ഒന്നാണെന്നും കഥാപാത്രങ്ങളെല്ലാം അതീവ സൌന്ദര്യമുള്ളവരാണെന്നുമുള്ള വാണിജ്യ സിനിമാ കാഴ്ചപ്പാടുകളോടും അതിന്റെ സ്ഥിരം ആസ്വാദകരോടും ഒട്ടും ഗ്ലാമറില്ലാത്ത പച്ചയായ ജീവിതവും ഇവിടെയുണ്ടെന്ന് ‘അന്നയും റസൂലും’ പറയുന്നു. ലേഖനത്തിന്റെ ആദ്യം പറഞ്ഞതുപോലെ, ‘അന്നയും റസൂലും‘ വെറുമൊരു സിനിമാ കാഴ്ചയല്ല, അനുഭവമാണ്. സൌഹൃദങ്ങളുടെ, പ്രണയത്തിന്റെ, ജീവിതത്തിന്റെ നേരായ അനുഭവം.വാൽക്കഷ്ണം : നിശബ്ദത സംഗീതമാകുന്ന ഒട്ടനവധി സന്ദർഭങ്ങളും സിനിമയിലുണ്ട്. അതാസ്വദിക്കുവാൻ ബുദ്ധിമുട്ടുള്ളവർ ആ വഴിക്ക് പോകാതിരിക്കുന്നത് നല്ലതായിരിക്കും. നല്ല പ്രേക്ഷകന്റെ ആസ്വാദനത്തെ എന്തിനു വെറുതെ തടസ്സപ്പെടുത്തണം? അന്നയും റസൂലും ചുംബിക്കാനടുക്കുമ്പോഴോ ആലിംഗനം ചെയ്യാനൊരുങ്ങുമ്പോഴോ തിയ്യറ്ററാകെ അശ്ലീലകമന്റു വർഷിക്കുന്ന പ്രേക്ഷകരിൽ നിന്നും ഈ നല്ല സിനിമയെ രക്ഷിച്ചെടുക്കണമേ എന്നു മാത്രമേ ഒരു പ്രേക്ഷകനെന്ന നിലക്കു പറയാനുള്ളു.

Contributors: 

എഡിറ്റിങ് ചരിത്രം

4 edits by
Updated date എഡിറ്റർ ചെയ്തതു്
6 Jan 2013 - 12:36 nanz
6 Jan 2013 - 12:36 nanz
6 Jan 2013 - 12:24 Kiranz
6 Jan 2013 - 11:59 nanz

പിന്മൊഴികൾ

മനോഹരം ആയ ഒരു കവിത വായിക്കുന്ന പോലെ ആണ് ഞാന്‍ ഈ സിനിമ കണ്ടത്. നിശബ്ദതക്കും ഇത്ര ശക്തി ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത്‌. ഒന്നുകൂടെ കാണണം ഏതായാലും

മൂന്നു മണിക്കൂറോളം നീളുന്ന സിനിമ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുകയും തീയറ്റര്‍ വിട്ടു പുറത്തിറങ്ങിയിട്ടും പിന്തുടരുകയും ചെയ്യുന്നത് ഈ സിനിമയില്‍ ജീവിതമുള്ളത് കൊണ്ട് മാത്രമാണ്.
റിയലിസ്റ്റിക് ഫിലിം മേക്കിങ്ങിന്‍റെ അങ്ങേ അറ്റമാണ് ഈ സിനിമ.
നിശബ്ദതയെ ഇത്ര ഭീകരമാം വിധം ഉപയോഗിച്ച മലയാള സിനിമകള്‍ അപൂര്‍വമായിരിക്കും.

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവരെ ഈ സിനിമ വേട്ടയാടികൊണ്ടിരിക്കും.
പ്രണയത്തിനും മരണത്തിനും ഒരേ തണുപ്പാണെണെന്ന് അന്നയും റസൂലും ഓര്‍മിപ്പിക്കുന്നു.

സമ്മിലൂനീ സമ്മിലൂനീ -
എന്നെ പുതപ്പിക്കൂ,
എനിക്കല്‍പം ചൂടു തരൂ..

നായികയുടെ അച്ഛനായി വന്നത് ജോയ് മാത്യുവാണ്. ജോണ്‍ അബ്രഹാമിന്‍െറ അമ്മ അറിയാനിലെ നായകന്‍. ലാലും ശ്രീനിവാസനും അഭിനയിച്ച ഷട്ടര്‍ എന്ന ചിത്രത്തിന്‍െറ സംവിധായകന്‍. സങ്കടല്‍ പോലുള്ള നാടകങ്ങളുടെ രചയിതാവും സംവിധായകനും.