ചാപ്റ്റേഴ്സ് - സിനിമാ റിവ്യൂ

Chapters movie poster

നവാഗതനായ സുനിൽ ഇബ്രാഹിമിന്റെ “ചാപ്റ്റേഴ്സ്” വ്യത്യസ്ഥ അദ്ധ്യായങ്ങളായി പറയുന്ന ചില ജീവിത കഥകളാണ്. ഓരോ കഥയിലും പല കഥാപാത്രങ്ങളും പലരീതിയിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നു. പല കോണിൽ നിന്നും പറയുന്ന പലരുടേയും ജീവിതകഥയിൽ പണത്തിനോടുള്ള അർത്തിയും അത്യാവശ്യവും അതിനുവേണ്ടിയുള്ള കുറുക്കുവഴിയും ചതിയും വഞ്ചനയുമൊക്കെ അടരുകളാകുന്നു. ക്യാമറക്ക് മുന്നിൽ യുവതാരങ്ങൾ കൂടുതലും പിന്നിൽ താ‍രതമ്യേന നവാഗതരും അണി നിരക്കുന്ന ഈ സിനിമ വ്യത്യസ്ഥ ആഖ്യാനത്താൽ നമ്മെ അത്ഭുതപ്പെടൂത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

ജോബി(വിജീഷ്) കൃഷ്ണകുമാർ(നിവിൻ പോളി) അൻവർ(ഹേമന്ത്) കണ്ണൻ (ധർമ്മജൻ ബോൾഗാട്ടി) എന്നീ നാലു ചെറുപ്പക്കാർ എങ്ങിനേയും പണമുണ്ടാക്കണം എന്ന് ശ്രമത്തിലാണ്. അതിനുവേണ്ടിയുള്ള കുറുക്കുവഴിയിൽ നാഗമാണിക്യം കണ്ടെത്തി വിൽക്കാം എന്നുള്ള ശ്രമത്തിലേക്കിറങ്ങുന്നു. സാമ്പത്തിക ബാദ്ധ്യതയും സഹോദരിയുടെ വിവാഹത്തിനു പണമാവശ്യമുള്ള കൃഷ്ണകുമാറിനെ സഹായിക്കുകയാണവരുടെ ഉദ്ദ്യേശം.

സിനിമയുടെ കഥാസാരവും മറ്റു വിശദവിവരങ്ങളും അറിയുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

നാലു കൂട്ടുകാരുടെ എളുപ്പ വഴിയിൽ പണമുണ്ടാക്കുന്ന ആദ്യ അദ്ധ്യായത്തിന്റെ അപ്രതീക്ഷിത അവസാനത്തിനു ശേഷം മറ്റൊരു അദ്ധ്യായത്തിലേക്കാണ് കഥ തുറക്കുന്നത് അവിടെ നിന്നു പിന്നേയും രണ്ടു വ്യത്യസ്ഥ അദ്ധ്യായത്തിലേക്ക്. ഓരോ അദ്ധ്യായത്തിലും ഓരോ പ്രമുഖ കഥാപാത്രമുണ്ട്, മറ്റു അദ്ധ്യായങ്ങളിൽ അവർ പ്രമുഖരല്ലാത്ത കഥാപാത്രമാകുന്നു, മുൻ അദ്ധ്യായങ്ങളിൽ വന്നു പോകുന്നവർ ഈ അദ്ധ്യായങ്ങളിൽ പ്രമുഖരാകുന്നു. ഇവരുടെ ജീവിതവും ആവശ്യങ്ങളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു.

ചിലയിടങ്ങളിൽ അല്പം അവിശ്വസനയീതയോ അത്ര കെട്ടുറപ്പില്ലായ്മയോ തോന്നിപ്പിക്കുമെങ്കിലും സിനിമയുടെ മൊത്തം ആസ്വാദനത്തിലോ കഥപറച്ചിലിലോ അത് തടസ്സമാകുന്നില്ല. ഒരല്പം ഇഴച്ചിലോടെ(?) അവസാനിക്കുന്ന ആദ്യപകുതി പക്ഷെ, ബോറഡിയും സൃഷ്ടിക്കുന്നില്ല. (ഒത്തിരി പരത്തിപ്പറഞ്ഞ ആദ്യ അദ്ധ്യായത്തിന്റെ വിശ്വസനീയതയും നീളവുമാണ് ആദ്യപകുതി ഇഴച്ചിൽ തോന്നിപ്പിക്കുന്നതെന്ന് കരുതുന്നു) ചിത്രത്തിന്റെ അവസാന ഭാഗമെത്തുമ്പോഴേക്കും കഥാപാത്രങ്ങളും സംഭവങ്ങളും ഇഴപിരിഞ്ഞ് നല്ലൊരു അനുഭവത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്നുണ്ട്. വ്യത്യസ്ഥമായി പറഞ്ഞ ആഖ്യാന രീതി തന്നെയാണ് ഈ സിനിമയുടേ പ്ലസ് പോയന്റ്. തിരക്കഥാകൃത്തുകൂടിയായ സംവിധായകനു തന്റെ ആദ്യ സംരംഭം വിജയിപ്പിക്കാനായി. തിരക്കഥയിലെ ചില ന്യൂനതകൾ കൂടി പരിഹരിക്കപ്പെട്ടിരുന്നെങ്കിൽ മറ്റൊരു തലത്തിലേക്ക് സിനിമക്ക് ഉയരാൻ കഴിയുമായിരുന്നു.

പരസ്യചിത്രങ്ങളുടേ ഛായാഗ്രാഹകനായ ക്രിഷ് കൈമളുടെ ആദ്യ മലയാള സിനിമാ സംരംഭം കൂടീയാണ് ചാപ്റ്റേഴ്സ്. സിനിമയുടേ അന്തരീക്ഷവും ഭാവവും ദൃശ്യഭംഗിയിലും ദൃശ്യഭാഷയിലും പറയാൻ ക്രിഷ് കൈമൾക്കായിട്ടുണ്ട്. പല സ്വഭാവം പുലർത്തുന്ന പല അദ്ധ്യായങ്ങളുടേയും വ്യത്യസ്ഥ ശൈലി കൊണ്ടുവരാൻ കഴിഞ്ഞത് അഭിനന്ദാർഹം. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം വി സാജന്റെ എഡിറ്റിങ്ങ് മെജോ ജോസഫിന്റെ പശ്ചാത്തല സംഗീതം എന്നിവ ചിത്രത്തെ വിജയിപ്പിക്കുന്നതിൽ പ്രധാന ഘടകങ്ങളായിട്ടുണ്ട്. സുന്ദരമായ ടൈറ്റിത്സും പോസ്റ്ററുകളും ഈ ചിത്രത്തിന്റെ ആകർഷണങ്ങളാണ്.

അഭിനേതാക്കളിൽ പലരും നല്ല പ്രകടനം കാഴ്ച വെച്ചു. ശ്രീനിവാസൻ, കെ പി എ സി ലളിത, ലെന എന്നിവരൊക്കെ നന്നായിട്ടുണ്ട്. യുവതാരങ്ങളൊന്നും മോശമായില്ല. എടുത്തു പറയേണ്ട ഒരു പ്രകടനം ചിത്രത്തിൽ ‘ചൂണ്ട’ എന്ന കഥാപാത്രമായി വരുന്ന ‘ഷൈൻ’ എന്ന നടന്റെയാണ്. അപ്രധാന വേഷങ്ങളിൽ വരാറുള്ള ഈ നടൻ (ജൂനിയർ ആർട്ടിസ്റ്റ്) തികച്ചും അപ്രതീക്ഷിതമായി പ്രേക്ഷകരെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നടൻ സുരേഷ് കൃഷ്ണ തന്റെ ശബ്ദസാന്നിദ്ധ്യത്തിലൂടെ ചിത്രത്തിന്റെ ഭാഗമാകുന്നു.

ഗഹനമായതോ തീർത്തും പുതിയതോ ആയ പ്രമേയമൊന്നുമല്ല ചാപ്റ്ററിന്റേത്. പക്ഷെ ചിരപരിചിതമായ ഇടങ്ങളിൽ നിന്നും രീതികളിൽ നിന്നും വഴിമാറി വ്യത്യസ്ഥ ആഖ്യാനത്തിൽ പറയാൻ കഴിഞ്ഞു എന്നതാണതിന്റെ പ്രത്യേകത. സാങ്കേതിക ഘടകങ്ങളും അഭിനേതാക്കളുടെ പ്രകടനവും മികച്ചു നിൽക്കുന്ന, പതിവു രീതികളിൽ നിന്നും വഴിമാറിയുള്ള “ചാപ്റ്റേഴ്സ് “ കാണാൻ മറക്കണ്ട, മടിക്കണ്ട. (താരാരാധനയുള്ള ഫാൻസുകാരേയും ദ്വയാർത്ഥമുള്ള തമാശ പ്രതീക്ഷിച്ചെത്തുന്നവരേയും ചിത്രം തൃപ്തിപ്പെടുത്തണമെന്നില്ല.)

Contributors: 

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
8 Dec 2012 - 10:39 nanz