പോപ്പിൻസ് - സിനിമാ റിവ്യൂ

Poppins movie

വ്യത്യസ്ഥതക്കുള്ള ശ്രമങ്ങളുമായാണ് പലപ്പോഴും വി കെ പ്രകാശിന്റെ സിനിമകളുടെ വരവ്. പക്ഷേ,പലപ്പോഴും അവ സാങ്കേതികതയുടെ പുതുമയിലും ഉപയോഗത്തിലു ഒതുങ്ങാറാണ് പതിവ്. പുനരധിവാസം മുതൽ പോപ്പിൻസ് വരെയുള്ള സിനിമകൾ അതുകൊണ്ടു തന്നെ (സാങ്കേതികമായി) വിവിധ പ്രത്യേകതകൾ ഉൾക്കൊള്ളൂന്നവയാണ്. പല സാങ്കേതിക ഘടകങ്ങളും മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും വി കെ പിയുടെ സിനിമകൾക്കവകാശപ്പെട്ടതുതന്നെ.

വിജയകരമായ ബ്യൂട്ടിഫുൾ, ട്രിവാണ്ട്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം  വി കെ പ്രകാശ് സംവിധാനം ചെയ്ത “പോപ്പിൻസ്” പ്രമേയത്തിലും അതിന്റെ അവതരണത്തിലും തീർത്തും വ്യത്യസ്ഥയും പുതുമയും പുലർത്തുന്നുണ്ട്. അത് എത്രത്തോളം വിജയകരമായി എന്നത് സംശയിക്കത്തക്കതാണെങ്കിലും. പ്രമുഖ നാടകരചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ വിവിധ ലഘുനാടകങ്ങളെ - വിഭിന്ന നിറ-രുചി ഭേദങ്ങളുള്ള പോപ്പിൻസ് മിഠായി കണക്കെ- ഒരു സിനിമയാക്കി കോർത്തിണക്കിക്കൊണ്ട്  വിവിധ കഥകളുടെ ഒരു സിനിമാവിഷ്കാരം. .

നാടോടിക്കഥകളും ചേരുന്ന ആറോളം ലഘുനാടകങ്ങൾ കൂട്ടിയിണക്കിയിരിക്കുന്ന സിനിമ. സംവിധായകനാകാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായും ഓർമ്മകളായും ഭാവനകളായും പല കഥകൾ പുരോഗമിക്കുന്നു. കഥാസാരവും മറ്റു വിശദാംശങ്ങളും ഡാറ്റാബേസ് പേജിൽ നിന്നും വായിക്കാം.

അലസനാ‍യ കാന്തന്റേയും ഭാര്യ കാന്തയുടേയും ആദ്യ കഥ, സിനിമാ കൊട്ടകയും അതിനോട് ചേർന്ന ജീവിതപരിസരങ്ങളും അനുഭവങ്ങളും ഭാവനകളും കൊണ്ട് സിനിമ ചെയ്യാനിറങ്ങിപ്പുറപ്പെട്ട ഹരി എന്ന ചെറുപ്പക്കാരൻ, കാഴ്ചകളെ വ്യക്തമാക്കാൻ സഹായിക്കുന്ന കണ്ണട നഷ്ടപ്പെട്ടവരുടേയും ഒടുക്കം കണ്ണട തിരിച്ചു കിട്ടുന്നതിലൂടെ കാഴ്ചകൾ സുഖകരവും തെളിമയുള്ളതുമാകുന്ന മറ്റൊരു കഥ, ഹരിയുടേ മകൾ ചക്കിയുടേയും അവളുടേ കൂട്ടുകാരൻ ചങ്കരന്റേയും കഥ, അഭിനയിക്കുന്ന കഥാപാത്രത്തിന്റേയും സ്വന്തം ജീവിതത്തിന്റേയും ഇടയിൽ ഇവ രണ്ടും തൊട്ടു തൊട്ടില്ലെന്ന മട്ടിലാകുന്ന ഒരു അഭിനേതാവിന്റെ കഥ, ഹരിയുടേ സിനിമയിൽ, ജീവിതത്തിലാദ്യമായി ഒരു ‘കണ്ണാടി’ സ്വന്തമായി കിട്ടുകയും അതിലൂടെ തങ്ങളുടേതല്ലാത്ത മുഖങ്ങൾ കാണുകയും ചെയ്യുന്ന ഭാര്യയുടേയും ഭർത്താവിന്റേയും കഥ, പെണ്ണുകാണലിൽ തുടങ്ങി വിവാഹശേഷവും പായസമൂട്ടുന്ന ഭാര്യയുടേയും  പായസമുണ്ണുന്ന ഭർത്താവിന്റേയും ‘പായസ’ക്കഥ. ഇങ്ങിനെ കഥകളുടെ ദൃശ്യാവിഷ്കാരമാണ് ജയപ്രകാശ് കുളൂരിന്റേയും വി കെ പ്രകാശിന്റേയും പോപ്പിൻസ്.

കേരളകഫേ പോലെയുള്ള ഒരു ആന്തോളജി സിനിമയുടെ രൂപത്തിലാണ് പോപ്പിൻസും. കണ്ടു ശീലിച്ച ആസ്വാദന ശീലങ്ങളുള്ള സ്ഥിരം മലയാളി പ്രേക്ഷകനെ ആകർഷിക്കാനോ തൃപ്തിപ്പെടുത്താനോ ഈ സിനിമക്ക് കഴിഞ്ഞെന്നു വരില്ല, പക്ഷെ പോപ്പിൻസിന്റെ പരസ്യത്തിൽ പറയുന്നപോലെ എരിവും പുളിയും മസാലയുമൊന്നും പോപ്പിൻസിലില്ല, തികച്ചും മധുരം മാത്രം. അതുകൊണ്ടുതന്നെ  പോപ്പിൻസ്  കൌതുകകരമായ കാഴ്ചയും ശീലങ്ങളിൽ നിന്നുള്ള മാറ്റത്തിന്റെ സുഖവും നല്ല ദൃശ്യവിരുന്നും സമ്മാനിക്കുന്നുണ്ട്. തിയ്യറ്ററിന്റെ ആൾബഹളത്തിൽ നിന്ന് നമുക്കാസ്വദിക്കാൻ ഒരുപക്ഷേ തടസ്സമായേക്കാമെങ്കിലും. അല്പമിടങ്ങളിൽ കൂട്ടിച്ചേർക്കലിന്റെ പോരായ്മയും ആവിഷ്കാരത്തിന്റെ പരാജയവും പോപ്പിൻസിനെ വളരെ ഉയരത്തിലേക്ക് ഉയർത്താൻ കഴിയുന്നില്ലെങ്കിലും രസകരമായൊരു കാഴ്ചാനുഭവം സമ്മാനിക്കാൻ കഴിയുന്നുണ്ട്. രണ്ടര മണിക്കൂറിൽ പറയുന്ന നായകന്റെ വീര സാഹസ്യവും നാട്ടിൻപുറത്തിന്റെ നന്മയും ന്യൂ ജനറേഷൻ നഗര സന്തതികളുടെ പുതിയ ശീലങ്ങളുമൊക്കെ ആവർത്തന വിരസങ്ങളുമാകുന്ന സിനിമകൾക്കിടയിൽ പോപ്പിൻസിന്റെ വ്യത്യസ്ഥത അല്പം രസകരമാകുന്നുണ്ട് എന്ന് പറയാതെ വയ്യ.

മൂന്നു ഛായാഗ്രാഹകരാണ് ഈ സിനിമയുടെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ദൃശ്യഭംഗിയും കഥകളുടെ വ്യത്യസ്ഥതയും ദൃശ്യവിരുന്നിലൂടെ സമ്മാനിക്കുന്നുണ്ട്. സിനിമയുടെ കലാസംവിധാനം പക്ഷെ പലപ്പോഴും പരാധീനത പുലർത്തുന്നുണ്ട്. ആദ്യ കഥയിലെ കാന്തന്റേയും കാന്തയുടേയും വീട്, കണ്ണാടി എന്ന കഥാഖണ്ഠത്തിലെ കൽമണ്ടപം എന്നിവയുടെയൊക്കെ കൃത്രിമത്വം പലപ്പോഴും എടുത്തുനിൽക്കുന്നു. വസ്ത്രാലങ്കാരവും ചമയവുമൊക്കെ പല കഥകളിലും നന്നായി എങ്കിലും ചിലതിൽ അല്പം മുഴച്ചു നിൽക്കുന്നുണ്ട്. രതീഷ് വേഗ ഈണമിട്ട ഗാനങ്ങളിൽ ജി വേണുഗോപാലും സിതാരയും പാടിയ “ മഴ മഴ മഴ മഴയേ....” സന്തോഷ് കേശവ് പാടിയ “നിനക്കായി മാത്രം..” ജയചന്ദ്രൻ പാടിയ “ മന്ദാനില പരിലാളിതേ..” എന്ന ഗാനങ്ങൾ കേൾക്കാൻ ഇമ്പമാർന്നതാണ്. നടി നിത്യാമേനോൻ പാടിയ ‘പായസം..” എന്ന ഗാനം ചിത്രീകരണത്തിലും ഈണത്തിലും ഇമ്പം തോന്നിയില്ല.

കഥാപാത്രങ്ങൾ പലതും നർമ്മത്തിന്റെ മേമ്പൊടിയുള്ളവയാണ്. പല മുഖ്യ കഥാപാത്രങ്ങളും ഉപ കഥാപാത്രങ്ങളും മികച്ചു നിന്നു. എങ്കിലും സംവിധായകൻ പ്രിയനന്ദനന്റെ സംവിധായകവേഷം ചിത്രത്തിൽ മുഴച്ചു നിന്നു. സ്വാഭാവികതയില്ലാത്ത സംഭാഷണ ശൈലിയും കൃത്രിമം കലർന്ന അംഗവിക്ഷേപങ്ങളും ചിത്രത്തിനു ചേരുന്നില്ല്ല. കുഞ്ചാക്കോ ബോബൻ, നിത്യാമേനോൻ, ജയസൂര്യ, മേഘ്നാരാജ്, ഇന്ദ്രജിത്, പി ബാലചന്ദ്രൻ, മോളി കണ്ണമ്മാലി എന്നിവരൊക്കെ നന്നായിട്ടുണ്ട്.

കഥാപാത്രങ്ങളും കഥയും പലപ്പോഴും കാരിക്കേച്ചറിന്റെ സ്വഭാവം പുലർത്തുന്നുണ്ട്. ചില കഥകൾ നാടോടിക്കഥകളുടെ സ്വഭാവം പേറുന്നതിനാൽ യഥാതഥശൈലിയിൽ നിന്നും മാറ്റി നാടകീയമായ ശൈലിയും ഉപയോഗിച്ചിട്ടുണ്ട്. ഉപകഥകളിൽ ചിലതിനു മൊത്തം കഥകളുമായി കാര്യമായ ബന്ധം പുലർത്തുന്നില്ല എന്നതും തന്റെ തന്നെ ചില ഹിറ്റു ചിത്രത്തിലെ ഗാനത്തെ കോമഡിക്കു വേണ്ടി ഉപയോഗിച്ചതും സിനിമയെ കുറച്ച് ലാഘവത്തോടെ സമീപിച്ചു എന്നതുമൊക്കെ പോപ്പിൻസിന്റെ പോരായ്മയായി പറയാം. ആവിഷ്കരണത്തിൽ കുറേക്കൂടി ഗൌരവം പുലർത്തിയിരുന്നെങ്കിൽ കുറേക്കൂടി മികച്ചൊരു വ്യത്യസ്ഥ സിനിമയാകാൻ പോപ്പിൻസിനു കഴിയുമായിരുന്നു. പ്രേക്ഷകർ സ്ഥിരം കണ്ടു വരുന്ന സിനിമകളിൽ നിന്നും പെട്ടെന്നുള്ളൊരു വ്യത്യാസമായതിനാൽ, പ്രത്യേകിച്ച് ബ്യൂട്ടിഫുള്ളും ട്രിവാൻഡ്രം ലോഡ്ജും കഴിഞ്ഞ് ഇങ്ങിനെയൊരു സിനിമ വി കെ പിയിൽ നിന്ന് പ്രതീക്ഷിക്കാത്തതുകൊണ്ടും പല പ്രേക്ഷകനും ഈ സിനിമ തിയ്യറ്ററിൽ ആസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല (കഴിഞ്ഞില്ല എന്ന് തിയ്യറ്റർ പ്രതികരണം വ്യക്തമാക്കുന്നു) വലിയ അവകാശവാദങ്ങളൊന്നും നിരത്താനില്ലെങ്കിലും ആവർത്തന സിനിമകളിൽ നിന്ന് വ്യത്യസ്ഥമായതുകൊണ്ടും നർമ്മത്തിന്റെ മേമ്പൊടിയുള്ളതുകൊണ്ടും കൌതുകകരമായ കഥപറച്ചിലായതുകൊണ്ടും പോപ്പിൻസ് എന്ന സിനിമ രുചി ഭേദങ്ങളുള്ള നിറഭേദങ്ങളുള്ള പോപ്പിൻസ് മിഠായി പോലെ നുണഞ്ഞാസ്വദിക്കാവുന്നതുമാണ്.

Contributors: 

എഡിറ്റിങ് ചരിത്രം

2 edits by
Updated date എഡിറ്റർ ചെയ്തതു്
5 Dec 2012 - 13:52 nanz
5 Dec 2012 - 13:49 nanz

പിന്മൊഴികൾ

ഞാന്‍ കരുതിയത് എനിക്കു മാത്രമേ സംഗതി കുഴപ്പമില്ലെന്ന് തോന്നിയുള്ളൂ എന്നാണ്. ഏതായാലും ഇപ്പോള്‍ ഒരാള്‍ കൂടിയായി! :)