ചേട്ടായീസ് - സിനിമാ റിവ്യൂ

Chettayees movie review

സിനിമ വിജയിക്കാൻ സൂപ്പർ താരങ്ങൾ വേണമെന്നില്ല എന്ന് ഭൂരിഭാഗം പ്രേക്ഷകരും തിരിച്ചറിഞ്ഞ 2011-12 ലാണ്  സൂപ്പർ താര പടങ്ങളേക്കാളും മറ്റുള്ള നടന്മാരുടേയും സംവിധായകരുടേയും തിരക്കഥാകൃത്തുക്കളുടേയുമൊക്കെ ചിത്രങ്ങൾക്ക് പ്രതീക്ഷ വെച്ചു തുടങ്ങിയത്. അങ്ങിനൊരു പ്രതീക്ഷയിലാണ് മെഗാസ്റ്റാറിന്റെ പടത്തിനൊപ്പം റിലീസ് ചെയ്ത “ചേട്ടായീസ്” എന്ന സിനിമയെ പ്രേക്ഷകൻ കാത്തിരുന്നത്. കഴിഞ്ഞ കുറച്ചു ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനായ ബിജുമേനോൻ, വില്ലത്തരത്തിനൊപ്പം കോമഡിയും അഭിനയിച്ചു ഫലിപ്പിക്കാനറിയുന്ന ലാൽ, പുതുമയുള്ള അന്തരീക്ഷം, കോമഡി നിറഞ്ഞ ടീസർ പ്രൊമോഷനുകൾ എന്നിങ്ങനെ പ്രേക്ഷകരെ ആകർഷിക്കുന്ന എന്റർടെയ്നറായിരിക്കും ചേട്ടായീസ് എന്നായിരുന്നു കണക്കുകൂട്ടൽ. ചേട്ടന്മാരായ അഞ്ചു പേരുടെ സൌഹൃദങ്ങളും ആഘോഷങ്ങളും വിഷയമാക്കിയ സിനിമ. അതുകൊണ്ട് തന്നെ മറ്റേതു ചിത്രത്തിനേക്കാളും ഈ ചിത്രം രസിപ്പിക്കും എന്നൊരു തോന്നൽ പരക്കെ ഉണ്ടായിരുന്നു. ഇതിനു പുറമേ ‘ചേട്ടായീസി”നു പ്രത്യേകതകൾ വേറെയുമുണ്ട്. നടൻ ബിജുമേനോനും സുരേഷ് കൃഷ്ണയും, ക്യാമറാമൻ പി സുകുമാറും, ചിത്രത്തിന്റെ തിരക്കഥാകൃത്തായ സച്ചിയും സംവിധായകനായ ഷാജുൺ കാര്യാലും നിർമ്മാതാക്കളാകുന്ന ചിത്രം, പി സുകുമാർ ക്യാമറക്ക് പിന്നിൽ നിന്ന് മുന്നിൽ വരുന്ന ചിത്രം, വടക്കുംനാഥനു ശേഷം ഷാജുൺ കാര്യാൽ സംവിധാനം ചെയ്യുന്ന ചിത്രം, ഇതിനൊക്കെപുറമേ ചിത്രത്തിലെ ഒരേയൊരു ഗാനം പാടിയിരിക്കുന്നത് നടന്മാരായ ബിജുമേനോനും ലാലും ചേർന്ന്. ഇങ്ങിനെ പ്രത്യേകതകൾ ഒരുപാടുണ്ട് ചേട്ടായീസിനു. പക്ഷെ രണ്ടു മണിക്കൂർ സിനിമ കണ്ടിരിക്കാൻ ഇതു മാത്രം പോരല്ലോ, അല്ലെങ്കിൽ ഇതല്ലല്ലോ വേണ്ടത്.

അഡ്വ. ജോൺ പള്ളൻ, കിച്ചു, ബാവ, രൂപേഷ് കൃഷ്ണ, ബാബുമോൻ എന്നീ ചെറുപ്പം വിട്ട് മധ്യവയസ്സിലേക്കെത്തുന്ന അഞ്ച് സുഹൃത്തുക്കളുടെ സൌഹൃദത്തിന്റേയും ഒത്തുകൂടലിന്റേയും ആഘോഷത്തിന്റേയും കഥയാണ് “ചേട്ടായീസ്”. ജോലിയുടേയും ഉത്തരവാദിത്വങ്ങളുടേയും ടെൻഷനുകളിൽ നിന്ന് എന്നും വൈകീട്ട് ഒത്തുചേരുന്ന കമ്പനി കൂടലിൽ അവർ തങ്ങളുടെ പ്രയാസങ്ങൾ തീർത്തുകളയുന്നു. ജോൺ പള്ളനും കിച്ചുവും വളരെ കാലമായി അടുത്ത സുഹൃത്തുക്കളാണ്. കിച്ചുവിന്റെ വിവാഹം നടത്തിക്കൊടുത്തതും ജോണും സുഹൃത്തുക്കളുമാണ്. കിച്ചുവിനു മറ്റാരേക്കാളും ജോൺ പ്രിയപ്പെട്ടവനാണ്. പുതുവർഷം ആഘോഷിക്കാൻ ഡിസംബർ 31 നു രാത്രി ഫ്ലാറ്റിൽ ഒത്തുകൂടിയ അഞ്ച് സുഹൃത്തുക്കൾ യാദൃശ്ചികമായി ഒരു പ്രശ്നത്തിൽ പെട്ടുപോവുകയും അതിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുമാണ് കഥാസന്ദർഭം.

കഥാസാരവും മറ്റു വിശദാംശങ്ങളും ഡാറ്റാബേസ് പേജിൽ നിന്നും വായിക്കാം.

നല്ലൊരു പശ്ചാത്തലമായിട്ടുപോലും തിരക്കഥാകൃത്തായ സച്ചിക്ക് അവയെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല എന്നു പറയാം. നല്ലൊരു എന്റർടെയ്നറിനുള്ള സാദ്ധ്യതകൾ ഈ കഥാപരിസരത്തുണ്ടായിട്ടും പ്രത്യേകിച്ചൊന്നും പറയാനില്ലാതെ പോകുന്ന ആദ്യപകുതിയിൽ ത്രൂ‍ഔട്ട് കോമഡിക്കുള്ള സ്പേസ് ഉണ്ടായിരുന്നു. ഇടക്കിടയുള്ള ചില തമാശകളല്ലാതെ വെർബൽ കോമഡിയോ സിറ്റുവേഷൻ കോമഡിയോ വേണ്ടവിധം ഒരുക്കാനും സച്ചിയിലെ കോമഡി എഴുത്തുകാരൻ മിനക്കെട്ടു കണ്ടില്ല. രണ്ടാം പകുതിയിൽ വിശദീകരിക്കുന്ന പ്രശ്നങ്ങളും പൂർണ്ണമായി സ്വാഭാവികമാക്കാനും ജോണിന്റേയും കിച്ചുവിന്റേയും സൌഹൃദത്തിന്റെ ആഴത്തെ വിശദീകരിക്കാനും വിശ്വസനീയമാക്കാനും തിരക്കഥാകൃത്തിനു കഴിഞ്ഞില്ല.

“വടക്കുംനാഥൻ” എന്ന ചിത്രത്തിനു ശേഷം ഏറെ ഇടവേളയിലായിരുന്ന സംവിധായകൻ ഷാജുൺ കാര്യാൽ നിർമ്മാണപങ്കാളിയും സംവിധാനവും ഒരുമിച്ചെടുത്താണ് ചേട്ടായീസിലൂടെ തിരിച്ചു വന്നിരിക്കുന്നത്. ചിത്രത്തെ രസകരമാക്കാനും വൃത്തിയോടെ പറഞ്ഞു വെക്കാനുമൊക്കെ സംവിധായകനായിട്ടുണ്ട്. എങ്കിലും സച്ചിയുടെ തിരക്കഥയിൽ പറഞ്ഞതിനപ്പുറം സിനിമയെ ഉയർത്തിക്കൊണ്ടുവരാൻ ഷാജുണിനായില്ല.  സിനിമയുടെ ഏറെഭാഗവും ഒരു ഫ്ലാറ്റിന്റെ ഉള്ളിൽ തന്നെയാണ് അതിനുള്ളിൽ നിന്ന് ഏറെ ആകർഷമായി ദൃശ്യങ്ങൾ പകർത്താൻ ക്യാമറമാൻ വിനോദ് ഇല്ലമ്പിള്ളിക്കു കഴിഞ്ഞു. വിശാലമായ മുറികളിലൂടെയുള്ള ക്യാമറയുടേ ചലനങ്ങളും ലൈറ്റിങ്ങും ആകർഷകമാണ്. കലാസംവിധായകൻ സന്തോഷ് രാമന്റെ കരവിരുതിലാണ് ഫ്ലാറ്റിന്റെ ഉൾവശം സെറ്റ് ചെയ്തിരിക്കുന്നത്. അഞ്ചു സുഹൃത്തുക്കളുടെ ജീവിതത്തിന്റെ പ്രതിഫലനമെന്നോണം ഫ്ലാറ്റ് റൂമിനെ റിച്ചായി രൂപപ്പെടുത്താൻ സന്തോഷ് രാമനു കഴിഞ്ഞു. ബിജിത് ബാലയുടെ എഡിറ്റിങ്ങും ചിത്രത്തിനു ചേരുന്നു. രാജീവ് നായരെഴുതി ദീപക് ദേവ് ഈണമിട്ട ഗാനം ആലപിക്കുന്നത് ബിജുമേനോനും ലാലും ചേർന്നാണ്. സിനിമയുടേ തുടക്കത്തിൽ സുഹൃത്തുക്കളുടെ ആഘോഷ ജീവിതം കാണിക്കാനാണ് പ്രസ്തുത ഗാനം. ഇരുവരും നന്നായി ആലപിച്ചിട്ടുണ്ട്.

അഭിനയത്തിൽ സുരേഷ് കൃഷ്ണയുടെ സിനിമാ നടൻ രൂപേഷ് കൃഷ്ണ ഇതുവരെ അവതരിപ്പിച്ച സ്ഥിരം വേഷത്തിൽ നിന്നും മുക്തി നേടുന്നതായി. കണ്ണുരുട്ടിയും മുഖം ചുവപ്പിച്ചും ചെയ്യുന്ന സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്നു മോചനം കിട്ടാൻ സുരേഷ് കൃഷ്ണക്ക് സ്വന്തമായി സിനിമ നിർമ്മിക്കേണ്ടി വന്നു! സിനിമയുടെ അവസാന ഭാഗങ്ങളിലെ സുരേഷിന്റെ പ്രകടനം പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. വില്ലൻ വേഷങ്ങൾ മാത്രമല്ല അത്യാവശ്യം കോമഡിയും തനിക്കു വഴങ്ങും എന്ന് സുരേഷ് കൃഷ്ണ തെളിയിച്ചു. ലാലിന്റെ ജോൺ പള്ളത്തും രസകരമായി. ലാലിന്റെ കയ്യിലൊതുങ്ങുന്ന വേഷം. ബിജുമേനോനു വലിയ പ്രകടനത്തിനുള്ള സാദ്ധ്യതകളില്ല ഭേദപ്പെട്ടതായി എന്നേ തോന്നിയിള്ളു. സംഘത്തിലെ മറ്റൊരു ചേട്ടായി ബാവയായി പി സുകുമാർ ക്യാമറക്കു മുന്നിലെത്തിയെങ്കിലും അഭിനയത്തിൽ സുകുമാറിനു പ്രതീക്ഷ തോന്നുന്നില്ല. ഈ സിനിമ പരിചയപ്പെടൂത്തിയ പുതിയ നടൻ സുനിൽ ബാബുവിന്റെ ബാബുമോൻ എന്ന സർക്കാരുദ്യോഗസ്ഥൻ വേഷത്തിൽ നന്നായെങ്കിലും ഭാവത്തിലും പ്രകടനത്തിലും വലിയ കാര്യമായില്ല.  മുൻപ് ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ വന്ന ‘മിയ’ യുടേ ആദ്യ നായിക വേഷം “മെർലിൻ“ മോശമായില്ല.

കുറഞ്ഞ മുടക്കുമുതലിൽ ഒരു എന്റർടെയ്നറൊരുക്കി പ്രേക്ഷകരെ രസിപ്പിക്കുക എന്നതിനപ്പുറം ‘ചേട്ടായീസിനു’ മറ്റു ഉദ്ദേശങ്ങളൊന്നുമില്ല. പ്രധാന അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും തന്നെ ഈ ചിത്രത്തിന്റെ നിർമ്മാതാക്കളാകുമ്പോൾ, സിനിമ ഭൂരിഭാഗവും ഒരു ഫ്ലാറ്റിന്റെ ഉള്ളിൽത്തന്നെയാകുമ്പോൾ അണിയറപ്രവർത്തകരുടെ ‘കുറഞ്ഞ മുടക്ക്  മുതൽ’ എന്ന ആശയം ലക്ഷ്യം നേടുന്നതായിക്കാണാം. എന്നാൽ പ്രേക്ഷകനെ രസിപ്പിക്കുകയും നല്ലൊരു എന്റർടെയ്നർ ഒരുക്കുകയും ചെയ്യുക എന്ന രണ്ടാമത്തെ ആശയം ലക്ഷ്യം  നേടിയില്ല എന്ന് പറയേണ്ടിവരുന്നു.

Contributors: 

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
3 Dec 2012 - 09:31 nanz

പിന്മൊഴികൾ

കൂതറ എന്ന് ഞാന്‍ പറയും.. ആദ്യ പകുതി അറു ബോര്‍ ആണ്, ആദ്യപകുതി അത്രയും ബോറായത് കൊണ്ടാകണം രണ്ടാം പകുതി ലേശം ഭേദമാണെന്ന് തോന്നി...
ഇത് ടി വി യില്‍ വന്നിരുന്നെങ്കില്‍ ആദ്യപകുതി യുടെ പകുതി കഴിയുന്നതിനു മുന്‍പേ ഞാന്‍ ടി വി ഓഫ്‌ ചെയ്യുമായിരുന്നു...
ഇത് കാണാന്‍ പോകുന്നവരോട് സഹതാപമാണ്... ധനനഷ്ടം സമയനഷ്ടം തുടങ്ങിയവ നിങ്ങളെ കാത്തിരിക്കുന്നു....