സീൻ ഒന്ന് നമ്മുടെ വീട് - സിനിമാ റിവ്യൂ

Scene1 nammude veedu

ഷൈജു ഷാജി എന്ന ഇരട്ട സംവിധായകരുടേ ആദ്യ ചിത്രമായ “ഷേക്സ്പിയർ എം എ മലയാളം” എന്ന സിനിമക്ക് ശേഷം ഇരുവരും വഴി പിരിഞ്ഞു സ്വതന്ത്ര സംവിധായകരായി ഓരോ പടം ചെയ്തു. ഷാജി, ഷാജി അസീസ് എന്ന പേരിൽ ‘ഒരിടത്തൊരു പോസ്റ്റുമാനും” ഷൈജു, ഷൈജു അന്തിക്കാട് എന്ന പേരിൽ ‘ഒരു ബ്ലാക്ക് & വൈറ്റ് കുടൂംബ‘വും. ഷൈജു അന്തിക്കാടിന്റെ പുതിയ ചിത്രമാണ് ‘സീൻ ഒന്ന് നമ്മുടെ വീട്”

സിനിമക്കുള്ളിലെ കഥപറയുന്ന സിനിമ തന്നെയാണ് സീൻ ഒന്ന് നമ്മുടെ വീട്. ഒരു സ്വതന്ത്ര സംവിധായകനാകൻ ശ്രമിക്കുന്ന സഹ സംവിധായകന്റേയും അയാളുടെ ലക്ഷ്യത്തിലേക്കെത്താൻ പരിപൂർണ്ണ പിന്തുണയോടെ നിൽക്കുന്ന കുടുംബത്തിന്റേയും ഒടുക്കം എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് വിജയം കൊയ്യുന്നതിന്റേയും കഥ തന്നെയാണ് ഷൈജുവിന്റെ പുതിയ സിനിമക്കും.

കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

മലയാളത്തിൽ ഒരുപാടാവർത്തിച്ച വിഷയം തന്നെയാണ് ഷൈജു ഈ സിനിമക്കുവേണ്ടി കരുതിയിരിക്കുന്നത്. സ്വതന്ത്ര സംവിധായകനാകാൻ വേണ്ടി ഒരുപാട് കഷ്ടപ്പാടുകളും അലച്ചിലുകളും നടത്തിയ ഉദയഭാനുവിന്റെ കഥപറഞ്ഞ ‘ഉദയനാണ് താരം’ മുതൽ നടനാവാൻ മോഹിച്ച സ്ക്കൂൾ അദ്ധ്യാപകന്റെ കഥ പറഞ്ഞ ‘ബെസ്റ്റ് ആക്ടറും’ സിനിമ പിടിക്കാനിറങ്ങിയ മുല്ലശ്ശേരി മാധവൻ കുട്ടി നേമം പി ഓ യും, സൂപ്പർ താരത്തിന്റെ ജാഡ കാരണം സ്റ്റിൽ ഫോട്ടോഗ്രാഫറെ നായകനാക്കിയ ‘ജോസേട്ടന്റെ ഹീറോ‘യും, സിനിമ പിടിക്കാനിറങ്ങിയ കോളേജ് കൂട്ടുകാർ സംഘത്തിന്റെ ‘സിനിമാ കമ്പനി’യും അങ്ങിനെ ഈയടുത്തു വന്ന പല ‘സിനിമാ വിഷയ സിനിമ’കളുടേയും ചേരുവകളും സാമ്യവും അതിലൊക്കെപ്പറഞ്ഞ വിഷയങ്ങളും തന്നെയാണ് ‘സീൻ ഒന്ന് നമ്മുടേ വീട്’ലെ പ്രമേയവും. പക്ഷെ, സുഖകരമായൊരു കുടുംബാന്തരീക്ഷത്തിൽ വലിയ തെറ്റില്ലാതെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ പറഞ്ഞു എന്നതാണ് ഈ സിനിമയുടെ ഗുണം. ഷൈജു അന്തിക്കാട് എന്ന സംവിധായകൻ തന്റെ മൂന്നാം ചിത്രത്തിൽ വലിയ പാകപ്പിഴകളില്ലാതെ ഭേദപ്പെട്ട ചിത്രം അണിയിച്ചൊരുക്കി, പ്രമേയത്തിൽ പുതുമയില്ലെങ്കിലും.

വർഷങ്ങളായി സിനിമാ രംഗത്ത് സഹസംവിധായകനായ ഒറ്റപ്പാലം ഉണ്ണി (ലാൽ)യുടെ സ്വതന്ത്ര സംവിധായകനാകാനുള്ള പരിശ്രമവും, ഭാര്യ മഞ്ചു (നവ്യ നായർ) വിന്റെ പിന്തുണയും ശ്രമങ്ങൾ പരാജയത്തിലേക്കു പോകുന്നതും ഒടുവിൽ നിരാശനായി ഗൾഫിൽ പോകാൻ തയ്യാറെടുക്കുന്ന ഉണ്ണിയെ അയാളുടെ ഭാര്യ, സിനിമയാണ് ഉണ്ണിയുടെ ജീവിതമെന്നുള്ള തിരിച്ചറിവിലേക്ക് തിരികെ കൊണ്ടൂവരുന്നതുമാണ് ആദ്യ പകുതി. ഒരു സിനിമ ഉണ്ടാക്കാനുള്ള ശ്രമവും അതിന്റെ തിരിച്ചടികളും എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് സിനിമ നിർമ്മിക്കുന്നതും റിലീസ് ചെയ്യുന്നതുമാണ് രണ്ടാം പകുതി. ഉണ്ണിയുടേയും മഞ്ചുവിന്റേയും കുടുംബാന്തരീക്ഷവും ഇരുവരുടേയും ജീവിതവുമൊക്കെ സരസമായും ഹൃദ്യമായും വരച്ചിടുവാൻ തിരക്കഥാകൃത്തിനും സംവിധായകനുമായി. എന്നാൽ അവിശ്വസനീയവും പ്രവചനീയവുമായ രണ്ടാം പകുതി പ്രേക്ഷകനെ അത്രക്കൊന്നും ആകർഷിക്കുന്നതല്ല. ഇതുവരെപ്പറഞ്ഞ സിനിമാക്കഥകളിൽ നിന്ന് അത്ര വ്യത്യസ്ഥവുമല്ല. ഏതൊരു സിനിമക്കും സിനിമാപ്രവർത്തകനും കഷ്ടപ്പാടിന്റെ ഭൂതകാലവും പരിശ്രമത്തിന്റെ അദ്ധ്യായങ്ങളും ഏറെയുണ്ട് എന്നത് ഏതു പ്രേക്ഷകനും അറിയാവുന്ന കാര്യമാണ്, സിനിമ വിഷയമായ സിനിമകളിലൊക്കെത്തന്നെ ഇത് പരാമർശിച്ചതുമാണ്. അതിൽക്കൂടുതലൊന്നും പറയാൻ തിരക്കഥാകൃത്തിനുമായിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രേക്ഷകനെ ഒരു പക്ഷെ ഈ സിനിമ കൂ‍ടുതൽ തൃപ്തിപ്പെടുത്തുമായിരിക്കും. ഉണ്ണി-മഞ്ചു വിവാഹം, ഉണ്ണിയുടെ സിനിമാ നിർമ്മാതാവിന്റെ അപകട മരണം തുടങ്ങിയ രംഗങ്ങൾ വിശ്വസനീയമായ രീതിയിൽ പറയാൻ പക്ഷെ തിരക്കഥാകൃത്തിനായില്ല.

തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് നല്ല രീതിയിൽ സിനിമയെ അണിയിച്ചൊരുക്കാൻ സംവിധായകൻ ഷൈജു അന്തിക്കാടിനു സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആദ്യപകുതി. മുൻപ് പറഞ്ഞ സിനിമകളുടെ സാമ്യത്തെ ഓർമ്മപ്പെടുത്താത്ത രീതിയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന സീനുകളുമായി സുഖകരമായ അനുഭവമാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ  രണ്ടാം പകുതി രസകരമായോ വിശ്വസനീയമായോ അണിയിച്ചൊരുക്കാൻ ഷൈജുവിനു പൂർണ്ണമായും സാധിച്ചില്ല. ( ഒരു ചെറുകഥയുടേ സുഖകരമായ അന്ത്യം പോലെ ആദ്യ പകുതിയോടെ സിനിമ തീരുന്നുമുണ്ട്)

നായകൻ ഒറ്റപ്പാലം ഉണ്ണിയായി ലാൽ ഭേദപ്പെട്ട പ്രകടനമാണ്. പക്ഷെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് ഉണ്ണിയുടേ ഭാര്യ മഞ്ചുവായി വന്ന നവ്യാനായരാണ്. വിവാഹശേഷം അഭിനയത്തിലേക്ക് തിരിച്ചു വന്ന നവ്യയുടെ മിന്നുന്ന പ്രകടനമായി ഈ സിനിമയിലേത്. മറ്റേതു മലയാള സിനിമയിലും കാണാറുള്ളതുപോലെ ഹാസ്യം ഉണ്ടാക്കാൻ നായകന്റെ സന്തത സഹചാരികളായി ചില കൂട്ടുകാർ കാണും, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, സുധീഷ് എന്നിവർക്കാണ് ഈ സിനിമയിൽ അതിനുള്ള വിധി. വെറുതെ ശബ്ദകോലാഹലം ഉണ്ടാക്കുക എന്നതിൽ കവിഞ്ഞ് മറ്റൊന്നുമില്ല. റിയാസ് ഖാൻ, സുനിൽ സുഖദ, ടി എസ് രാജു, ലാലു അലക്സ് എന്നിവരും സ്ഥിരം വേഷങ്ങൾ ചെയ്തിട്ടുണ്ട് (ലാലു അലക്സ് ‘സിനിമാ കമ്പനി’ എന്ന സിനിമയിൽ ചെയ്ത അതേപോലത്തെ കഥാപാത്രവും പ്രത്യേകതകളും ഈ സിനിമയിലും ആവർത്തിക്കുന്നു) ആസിഫ് അലി സിനിമാ നടനായിത്തന്നെ ഈ സിനിമയിൽ അഭിനയിക്കുന്നു. ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുക എന്നതിനപ്പുറം വേറെയൊന്നുമില്ല. നടൻ തിലകൻ അവസാനമായി അഭിനയിച്ച ചിത്രമാണ് ഇതെന്ന് അണിയറപ്രവർത്തകർ പറയുന്നു. തിലകന്റെ കഥാപാത്രരൂപീകരണത്തിനു വിശ്വസനീയത കൊണ്ടുവരാനൊന്നും സാധിച്ചിട്ടില്ല. തിലകന്റെ പ്രകടനം നന്നായിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ മരണ ശേഷം മകൻ ഷമ്മി തിലകൻ ഡബ്ബ് ചെയ്ത ഈ കഥാപാത്രം ശബ്ദപ്രകടനത്തിൽ നമ്മെ നിരാശപ്പെടുത്തുന്നു. സംവിധായകൻ പ്രിയനന്ദനൻ സിനിമാ സെറ്റിലെ ക്യാമറാമാനായി വേഷമിടുന്നു.

ക്രിഷ് കൈമൾ എന്ന ക്യാമറാമാന്റെ ദൃശ്യങ്ങൾ ചിത്രത്തിനു ചേരുന്നു. വി സാജന്റെ എഡിറ്റിങ്ങും ബോബന്റെ കലാസംവിധാനവും ചിത്രത്തിനു ഉതകുന്നതു തന്നെ. റഫീക് അഹമ്മദിന്റെ വരികൾക്ക് രതീഷ് വേഗയുടെ ഈണത്തിലുള്ള ഗാനങ്ങൾ ചിത്രത്തോടൊപ്പം കേൾക്കാമെന്നതിനപ്പുറം ഇമ്പമാർന്നതല്ല.

സീൻ 1 നമ്മുടെ വീട്  തിയ്യറ്ററിൽ ആളെ നിറക്കുന്നില്ലെങ്കിലും കണ്ടിറങ്ങുന്ന പ്രേക്ഷകരിൽ നല്ല അഭിപ്രായം ഉണ്ടാക്കുന്നുണ്ട്. പ്രമേയത്തിനു പുതുമ ഇല്ലെങ്കിലും സിനിമ കാണുന്ന കുടുംബപ്രേക്ഷകരെയും സാധാരണ പ്രേക്ഷകരേയും ചിത്രം നിരാശപ്പെടുത്തില്ല.

Contributors: 

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
30 Nov 2012 - 10:31 nanz

പിന്മൊഴികൾ

പ്രത്യേകിച്ച് ഒന്നും സംവാധിക്കാത്ത സിനിമ...കണ്ടിട്ടില്ലെങ്കില്‍ വലിയ നഷ്ട്ടമോന്നും വരില്ല