ഇഡിയറ്റ്സ് - സിനിമാ റിവ്യൂ

Idiots review

സിനിമ കാണുന്ന പ്രേക്ഷകനേയും ‘ഇഡിയറ്റ്സ്’ ആക്കാനുള്ള ശ്രമമാണോ നവാഗതനായ കെ എസ് ബാവ എന്ന സംവിധായകന്റെ ശ്രമം എന്ന് പ്രേക്ഷകൻ ചിന്തിച്ചു പോയാൽ കുറ്റം പറയാനാവില്ല. അത്രമേൽ അസഹ്യവും ബോറിങ്ങുമാകുന്നുണ്ട് സംഗീത് ശിവൻ പ്രൊഡക്ഷൻസിന്റെ ‘ഇഡിയറ്റ്സ്’ വ്യക്തമായൊരു കഥാതന്തുവോ പ്രമേയമോ ഈ സിനിമക്കില്ല, അതു വേണമെന്നു നിർബന്ധമൊന്നുമില്ലെങ്കിലും രണ്ടു മണിക്കൂറിൽ കാണിക്കുന്ന സിനിമക്ക് എന്തെങ്കിലും പറയുവാനോ  പറയുന്നത് രസംകൊല്ലിയാകാതെ പ്രേക്ഷകനെ പിടിച്ചിരുത്താനോ മിനിമ സാധിക്കേണ്ടതാണ്. നിർഭാഗ്യവശാൽ ഇഡിയറ്റ്സിനു അത് സാധിക്കുന്നില്ല.

പ്രണയ നൈരാശ്യം മൂലം ജീവിതം മടുത്ത് തന്നെത്തന്നെ കൊലപ്പെടുത്തുവാൻ ഒരു പെൺകുട്ടി ഗുണ്ടാസംഘത്തിനു ക്വൊട്ടേഷൻ കൊടുക്കുകയും വിഡ്ഢിയായൊരു കില്ലർ ദൌത്യമേൽക്കുകയും ആ പെൺകുട്ടിയെ രക്ഷപ്പെടുത്താനും പ്രണയിക്കാനും മറ്റൊരു ചെറുപ്പക്കാരൻ ശ്രമിക്കുകയും ഇതിനിടയിൽ സംഭവിക്കുന്ന രസകരമായ(മാകേണ്ട) സന്ദർഭങ്ങളാണ് സിനിമ.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് പോകുക.

പ്രേക്ഷകനെ രസിപ്പിക്കാവുന്ന സ്ലാപ്സ്റ്റിക് കോമഡികൾ ഉൾപ്പെടുത്തിയ ഒരു ഫണ്ണി മൂവി ഉണ്ടാക്കാനുള്ള  സാദ്ധ്യതകൾ നിറഞ്ഞൊരു പശ്ചാത്തലം ഈ സിനിമക്കുണ്ടായിരുന്നു. തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ല. അത്ര പരിചിതവും ഏറെ ഉപയോഗിച്ച പശ്ചാത്തലവും ട്രീറ്റുമെന്റുമൊന്നുമായിരുന്നില്ല സിനിമക്ക്, രസകരമായും പുതുമയോടേയും ‘ഫൺ’ ഉണ്ടാക്കാൻ സാധിക്കുമായിരുന്ന സിനിമയെ ദുർബലമായ തിരക്കഥയും സംവിധാനത്തിലെ പരിചയക്കുറവും അഭിനേതാക്കളുടെ പരിതാപകരമായ പ്രകടനവും നിലവാരത്തകർച്ചയിലെത്തിച്ചു. സംവിധായകന്റെ പരിചയക്കുറവ് ഓരോ സീനിലും കാണാം. സിനിമയുടേ സാങ്കേതിക വിഭാഗങ്ങളെല്ലാം മികച്ചു നിൽക്കുന്നുവെങ്കിലും മുൻ പറഞ്ഞ ഘടകങ്ങൾ സിനിമയുടേ ജീവൻ കളഞ്ഞു.

നായികയായെത്തിയ സനുഷ, നായകൻ ആസിഫ് അലി, ബാബുരാജ് എന്നിവർക്കൊന്നും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. പേടിത്തൊണ്ടനായ അധോലോക നായകൻ ബീരാനായെത്തിയ വിജയരാഘവനും നിരാശപ്പെടുത്തി. അഭിനേതാക്കളുടെ പ്രകടനം അവരുടെ പരിമിതിയല്ല മറിച്ച് അവരെ  വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താനുള്ള സംവിധായകന്റെ കഴിവുകേടായിട്ടാണ് തോന്നിയത്. പി. കെ വർമ്മയുടെ ക്യാമറ, വി സാജന്റെ എഡിറ്റിങ്ങ്, എം ബാവയുടെ കലാസംവിധാനം എന്നിവ ചിത്രത്തിനു ചേരുന്നു. നവാഗതനായ സംഗീതസംവിധായകൻ നന്ദു കർത്താ സംഗീതം ചെയ്ത മൂന്നു ഗാനങ്ങൾ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പ്രൊമോഷണൽ സോങ്ങ്  ജാസ്സി ഗിഫ്റ്റ്, ബിജിബാൽ, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത് . (ഇതേ ഗാനം ടൈറ്റിൽ സോങ്ങായി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു)  കാണാൻ കൌതുകപൂർവ്വമായ രീതിയിൽ ഈ സിനിമയുടെ ടൈറ്റിത്സ് /ഗ്രാഫിക്സ് എല്ലാം ചെയ്തിട്ടുണ്ട്.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാവുന്ന, സാമ്പത്തിക വിജയം ഉണ്ടാക്കാമായിരുന്ന ഒരു കോമഡി സിനിമയുടെ സാദ്ധ്യതകളെ ഉപയോഗിക്കാതെ ഈ സിനിമയെ ഇങ്ങിനെ അണിയിച്ചൊരുക്കിയ ഇതിന്റെ അണിയറപ്രവർത്തകരല്ലേ ശരിക്കും ‘ഇഡിയറ്റ്സ്’ ?!?

Contributors: 

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
27 Nov 2012 - 12:29 Dileep Viswanath