101 വെഡ്ഡിങ്ങ്സ് - സിനിമാ റിവ്യൂ

101 weddings movie poster

കോമഡി ചിത്രങ്ങളുടെ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള സംവിധായകൻ ഷാഫിയുടെ പുതിയ ചിത്രം ‘101 വെഡ്ഡിങ്ങ്സ്’ പേരു സൂചിപ്പിക്കുന്നതുപോലെ കല്യാണത്തെചുറ്റിപ്പറ്റിയുള്ള കോമഡി സിനിമയാണ്. ( അല്ലെങ്കിലും മലയാളസിനിമയി കല്യാണം എന്നതിനേക്കാൾ വലിയൊരു കോമഡിയുണ്ടോ, കല്യാണമെന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ജീവിക്കുന്ന കഥാപാത്രങ്ങൾ, കല്യാണത്തിൽ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്ന സിനിമകൾ, കല്യാണപ്പന്തലിലെ കൂട്ടത്തല്ല്, കോമഡി എന്നുമാത്രമല്ല കല്യാണമേ കഴിഞ്ഞൊരു കഥയോ സിനിമയോ മലയാളത്തിലില്ല!) എന്തായാലും ഷാഫി നായകന്റേയും നായികയുടേയും മാത്രം കല്യാണമല്ല, മൊത്തം 101 കല്ല്യാണങ്ങളാണത്രെ ഈ സിനിമയിൽ നടത്തുന്നത്.!!

സിനിമയുടെ വിജയത്തിനു സൂപ്പർ താരങ്ങൾ നിർബന്ധമില്ല എന്ന് തെളിഞ്ഞ ഈ കാലയളവിൽ സൂപ്പറല്ലാത്ത താരങ്ങൾ കൊയ്ത വിജയചിത്രങ്ങളിലൂടെ മിനിമം ഗ്യാരണ്ടിയും പോപ്പുലാരിറ്റിയും കിട്ടിയ ചെറുതാരങ്ങളായ കുഞ്ഞാക്കോബോബൻ, ബിജുമേനോൻ, ജയസൂര്യ എന്നിവരാണ് ഷാഫിയുടെ പുതിയ ചിത്രത്തിലെ മുഖ്യ അഭിനേതാക്കൾ. ഒപ്പം സംവൃതാ സുനിൽ, ഭാമ, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവൻ എന്നിവരും. സിദ്ധിക്ക് ലാൽ ചിത്രങ്ങളൂം അവയുടെ ചുവട് പിടിച്ച് വന്ന റാഫി മെക്കാർട്ടിൻ, ഷാഫി ചിത്രങ്ങളുമൊക്കെ ഏതാണ്ട് ഒരേ ജനുസ്സിൽ പെട്ടവയാണ്. ഗഹനമായ പ്രമേയമോ ആവിഷ്കാരമോ ഒന്നുമില്ലാതെ പ്രേക്ഷകരെ ഏതുവിധേനയും പൊട്ടിച്ചിരിപ്പിക്കുകയും അതുവഴി തിയ്യറ്ററുകൾ ഉത്സവപ്പറമ്പുകളാക്കിയും ചിത്രം വിജയം നേടുക എന്നൊരു മിനിമം ലക്ഷ്യമേ അതിനുള്ളു. ഇവരുടെ ആദ്യകാല ചിത്രങ്ങൾ പലതിനും ആ ധർമ്മം നിറവേറ്റാനും കഴിഞ്ഞു. എന്നാൽ ഷാഫിയുടെ അവസാന ചിത്രങ്ങളിൽ പലതും പഴയപോലെ ഏശുന്നില്ലെന്ന് സമീപകാല ചരിത്രം. ഷാഫിയുടെ ആവനാഴിയും ഒഴിഞ്ഞു തുടങ്ങിയെന്നു വ്യക്തം. സംവിധാനത്തോടൊപ്പം നിർമ്മാണപങ്കാളിയായതുകൊണ്ടുകൂടിയാകാം ഷാഫിയുടേ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് കലവൂർ രവികുമാറാണ്.

ഗാന്ധിയൻ ജീവിതരീതി പിന്തുടരുന്ന തികഞ്ഞ ഗാന്ധിയൻ മുൻഷി കൃഷ്ണപിള്ളയും അതിനു നേർ വിരുദ്ധമായി ആർഭാടമായി ജീവിക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രതിനിധിയായ മകൻ കൃഷ്ണൻ കുട്ടിയും. ഗാന്ധിസത്തിൽ വിശ്വസിക്കുകയും സാമൂഹ്യപ്രവർത്തനം നടത്തുകയും ചെയ്യുന്ന അഭിരാമി എന്ന പെൺകുട്ടിയും കസ്തൂർബാ സേവാശ്രമവും നടത്തുന്ന 101 പേരുടെ സമൂഹ വിവാഹവും അതിനെത്തുടർന്നുള്ള പുകിലുകളുമാണ് സിനിമ പറയുന്നത്.

കഥാസാരവും വിശദവിവരങ്ങളും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് പോകുക.

പ്രിയദർശൻ സിനിമകൾ മുതൽ രാജസേനനും സിദ്ധിക് ലാലും ഷാഫി തന്നെയും ഇതുവരെ പരീക്ഷിച്ച പരീക്ഷണങ്ങൾ തന്നെയേ ഇതിലുമുള്ളു. ആൾമാറാട്ടാം, കൺഫ്യൂഷനുകൾ, പലരും ലക്ഷ്യം വയ്ക്കുന്ന സ്വർണ്ണാഭരണങ്ങളും പണവും, ദ്വയാർത്ഥങ്ങൾ ഇതിലൂടൊക്കെത്തന്നെയാണ് 101 വെഡ്ഡീങ്ങ്സും പറഞ്ഞുപോകുന്നത്. കഥപറച്ചിലിലും ട്രീറ്റ്മെന്റിലും മലയാള സിനിമയും മാറി എന്ന കാര്യം ഷാഫിയൊന്നും അറിഞ്ഞ മട്ടില്ല. നായകനും വില്ലനും തമ്മിൽ ചെറുപ്പത്തിലേ ഉള്ള ശത്രുത, ആ കാലഘട്ടം മുതലുള്ള കഥ പറച്ചിൽ, കാലങ്ങൾ കുറേ കടന്നു പോയെന്ന് നായകന്റെ ശബ്ദത്തിൽ അവതരണം. ഇങ്ങിനെയൊക്കെയാണ് കലവൂർ രവികുമാറിന്റെ കഥപറച്ചിലും. നായകന്റേയും വില്ലന്റേയും ശത്രുത എസ്റ്റാബ്ലിഷ് ചെയ്യാനെടുത്ത ആദ്യത്തെ 20 മിനുട്ടോളം സിനിമ ഇഴച്ചിലും ബോറഡിയുമാണെന്ന് പറയാതെ വയ്യ. പത്തുമിനുട്ടിൽ ഒതുക്കിപ്പറയേണ്ട കാര്യങ്ങളൊക്കെ സവിസ്തരം കാണിച്ചത് ക്ഷമയെ പരീക്ഷിക്കലായിപ്പോയി. ഷാഫിയുടെ സിനിമകളിലൊന്നും ലോജിക്കോ വിശ്വാസ്യതയോ ഒന്നും നോക്കേണ്ട കാര്യമില്ല. അതു പരിശോധിക്കാൻ നിന്നാൽ ഈ സിനിമയേ ഇല്ലാതാകും. അതുകൊണ്ട് കസ്തൂർബാ ആശ്രമവും, അവർ നടത്തുന്ന 101 പേരുടെ സമൂഹവിവാഹവും പേരും അഡ്രസ്സും മാറ്റി രജിസ്ട്രർ ചെയ്യാമെന്നതും ക്വൊട്ടേഷൻ ഗുണ്ടകൾക്കു വരെ സംശയലേശമന്യേ പങ്കെടുക്കാവുന്നതും ഇങ്ങിനെ എണ്ണിയാൽ തീരാത്ത അബദ്ധങ്ങളുടെ ഘോഷയാത്രകൾ ചിത്രത്തിലുണ്ട്.

ജ്യോതിഷ് എന്ന ക്ലാസിക്കൽ ഡാൻസറുടേ വേഷത്തിൽ വന്ന ജയസൂര്യയാണ് എടുത്തു പറയാവുന്ന അഭിനയം കാഴ്ചവെച്ചത്, മിമിക്രികളിൽ കാണാറുള്ളതുപോലുള്ള സ്ത്രൈണ രൂപത്തെ കൊണ്ടുവരാതിരിക്കാൻ ജയസൂര്യക്കായിട്ടുണ്ട്. സ്ത്രൈണഭാ‍വമുള്ള ഡാൻസറുടെ സംസാരവും പെരുമാറ്റവും ഒട്ടും അധികമാകാതെ ജയസൂര്യ ഭംഗിയായി ചെയ്തു. കോമഡിയും വില്ലത്തരവും മാറി മാറി ചെയ്യുന്ന ബിജുമേനോന്റെ ആന്റപ്പനും കൊള്ളാം. കുഞ്ചാക്കോയും വിജീഷുമെല്ലാം ഭേദമെന്നേ പറയാവു. നായിക സംവൃതാസുനിലിന്റെ അഭിരാമി എന്ന കഥാപാത്രത്തിനു യാതൊരു വ്യക്തിത്വവും പകർന്നു നൽകാൻ തിരക്കഥാകൃത്തിനായിട്ടില്ല. പലപ്പോഴും പ്രേക്ഷകനു കൺഫ്യൂഷൻ നൽകുകയും അവിശ്വസനീയത തോന്നുകയും ചെയ്യുന്ന രീതിയിലാണതിന്റെ പാത്രസൃഷ്ടി. വെട്ടിച്ചിറ ഭാസിയായെത്തിയ സുനിൽ സുഖദയും പ്രേക്ഷകരുടെ ഇഷ്ടംനേടുന്നു ( നടൻ ജഗതി ശ്രീകുമാറിനു കരുതിയിരുന്ന വേഷമാണ് സുനിൽ സുഖദക്ക് വീണു കിട്ടിയത്. ജഗതിയെ റീപ്ലേസ് ചെയ്യാനൊന്നും കഴിയുന്നില്ലെങ്കിലും ഇത്തരത്തിലുള്ള കഥാപാത്രങ്ങൾക്ക് ഇനിയുള്ള കുറേക്കാലം സുനിൽ സുഖദയെ ഉപയോഗിക്കാൻ മലയാള സിനിമക്ക് സാധിക്കും) സുരാജിന്റേയും സുബി സുരേഷിന്റെയും വേഷങ്ങൾ  പതിവു കെട്ടിയാടലുകൾ തന്നെ.

അഴകപ്പന്റെ ക്യാമറ, വി സാജന്റെ എഡിറ്റിങ്ങ്, ജോസഫ് നെല്ലിക്കന്റെ കലാസംവിധാനം, റോഷന്റെ ചമയം, എസ് ബി സതീശന്റെ വസ്ത്രാലങ്കാരം എന്നിവയൊക്കെ ചിത്രത്തിനു ചേർന്നു നിൽക്കുന്നു. സ്വാഭാവികരീതിയിൽ സംഘട്ടനമൊരുക്കാനും മാഫിയ ശശിക്കു കഴിഞ്ഞു. ദീപക് ദേവ് ഈണം പകർന്ന് സംഗീത സംവിധായകൻ വിദ്യാസാഗർ പാടിയ ഒരു ഗാനം, വിദ്യാസാഗർ പാടി എന്നൊരു കൌതുകമല്ലാതെ സവിശേഷ ശ്രദ്ധയർഹിക്കുന്നില്ല.

തമിഴ് സിനിമകളിലെ കോമഡി സീനുകളിൽ പഴയതും പുതിയതുമായ ഹിറ്റുസിനിമകളിലെ ഗാനശകലങ്ങൾ, സിനിമാ പേരുകൾ, പ്രത്യേകതകൾ എന്നിവയെ ഇഴചേർത്ത് കോമഡിയൊരുക്കുന്നത് കാണാമായിരുന്നു. മലയാളത്തിൽ തട്ടത്തിൻ മറയത്ത് മുതലാണ് വ്യാപകമാകാൻ തുടങ്ങിയതെന്നു തോന്നുന്നു, അതിന്റെ ചുവടു പിടിച്ച് 101 വെഡ്ഡിങ്ങ്സിലും അതേ രീതികൾ ആവർത്തിക്കുന്നുണ്ട്. ഇനിയുള്ള കുറച്ച് സിനിമകളിലും ഇത് കാണേണ്ടി വരുമെന്ന് തോന്നുന്നു. ലോജിക്കില്ലായ്മയും ഭീമാബദ്ധങ്ങളും പ്രേക്ഷകന്റെ ബുദ്ധിയെ പരിഹസിക്കുന്നതുമായ നിരവധി അവസരങ്ങൾ ഷാഫി ഒരുക്കിയിട്ടുണ്ട്. അതൊന്നും നോക്കാതെ കണ്ണും കാതും തുറന്ന്, മനസ്സും ബുദ്ധിയും അടച്ച് വെച്ച് കണ്ടിരുന്നാൽ കുറേ പൊട്ടിച്ചിരിച്ച് സിനിമകണ്ടിറങ്ങി വരാം.(ചിരി മാത്രം മതിയെന്നുള്ളവർക്ക്...)

Contributors: 

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
24 Nov 2012 - 12:01 nanz