തീവ്രം - സിനിമാറിവ്യൂ

Theevram Movie Poster

രൂപേഷ് പീതാംബരൻ എന്ന നവാഗത സംവിധായകന്റെ “തീവ്രം” എന്ന ആദ്യ സിനിമ വ്യത്യസ്ഥ ട്രീറ്റുമെന്റിനാലും സാങ്കേതികപരമായും മികച്ചു നിൽക്കുന്നുണ്ടെങ്കിലും പ്രതിലോമകരമെന്നു സൂചിപ്പിക്കാവുന്ന പ്രമേയം കൊണ്ട് പിന്നിലാകുന്നു. ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് തന്റെ ആദ്യ സിനിമ ഒരുക്കിയിരിക്കുന്നത്.

ഹരിനായരുടെ ക്യാമറ, സിറിൽ കുരുവിളയുടെ കലാസംവിധാനം, ഡി ഐ / കളറിങ്ങ് , ദുൽഖർ സൽമാന്റെ അഭിനയം, വ്യത്യസ്ഥമായ കഥപറച്ചിൽ എന്നിവയാണ് സിനിമയുടെ എടുത്തുപറയാവുന്ന ഘടകങ്ങൾ. പക്ഷെ പ്രമേയത്തിലെ ന്യൂനത അഥവാ വില്ലൻ കഥാപാത്രത്തിനു വേണ്ടത്ര വിശദീകരണമില്ലായ്മ കൊലക്ക് കൊല, ചോരക്ക് ചോര എന്ന മട്ടിൽ നാട്ടിലെ നിയമങ്ങൾ നടപ്പാക്കണം,അതിനനുകൂലമായി നിയമങ്ങൾ മാറ്റിയെഴുതണം എന്നമട്ടിലുള്ള പ്രമേയത്തെ എങ്ങിനെ സാധൂകരിക്കാനാണ്?

തന്റെ ജീവിതത്തിൽ സംഭവിച്ച കനത്ത നഷ്ടത്തിനു കുറച്ചു വർഷങ്ങൾക്കു ശേഷം പ്രതിനായകനോട് പകരം വീട്ടുന്ന നായകൻ ഹർഷവർദ്ധന്റെ ജീവിതമാണ് മുഖ്യപ്രമേയം

കഥാസാരത്തിനും വിശദവിവരങ്ങൾക്കും ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക

രൂപേഷ് പീതാംബരന്റെ ആദ്യസിനിമയും ദുൽഖർ സൽമാന്റെ മൂന്നാമത്തെ സിനിമയുമാണ്. ക്യാമറക്ക് മുന്നിലും പിന്നിലുമായി നിരവധി നവാഗതരും അത്ര പോപ്പുലർ അല്ലാത്തവരുമാണ്. അതൊക്കെ സിനിമക്കൊരു ഫ്രഷ്നസ് നൽകുകയും ലബ്ദപ്രതിഷ്ഠരേക്കാൾ കൈവഴക്കത്തോടെ മികവു പുലർത്തുകയും ചെയ്തിട്ടുമുണ്ട്. ക്യാമറാ വർക്കും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുമെല്ലാം സിനിമയുടെ പ്രമേയത്തിനു ചേരുന്ന മൂഡ് നൽകുന്നു. സിനിമയുടെ കഥയുടെ പകുതിക്കു ശേഷമുള്ള ഭാഗവും ക്ലൈമാക്സുമാണ് സിനിമയുടെ ആദ്യപകുതി. രണ്ടാം പകുതിയാകട്ടെ അതിന്റെ പൂർവ്വഭാഗവും. അത്തരത്തിലുള്ള ട്രീറ്റുമെന്റ്  രസകരമായി തോന്നി. പക്ഷേ, തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ തന്റെ പ്രമേയത്തിലൂടെ പറയാനുദ്ദേശിച്ചതിനു സാധൂകരണമില്ല.  ക്രിമിനൽ സ്വഭാവമോ പെരുമാറ്റമോ ഇല്ലാത്ത, കുടുംബത്തോട് സ്നേഹവും ഉത്തരവാദിത്വവുമുള്ളൊരു  ഓട്ടോഡ്രൈവറായ വില്ലനെ പരിചയപ്പെടുത്തി വർഷങ്ങൾക്ക് മുൻപ് അയാൾ ചെയ്തൊരു കൊലപാതക കൃത്യത്തിന്റെ പേരിൽ പകരം വീട്ടപ്പെടുന്നതും ആ ക്രൂരമായ കൊലപാതകത്തെ പോലീസ് ഉദ്യോഗസ്ഥരടക്കം ന്യായീകരിക്കുന്നതിലൂടെ സംവിധായകൻ എന്താണ് പറയാനുദ്ദേശിച്ചത്?

റോബി എബ്രഹാമിന്റെ സംഗീതവും വിനീത് ശ്രീനിവാ‍സൻ, വിജയ് യേശുദാസ് എന്നിവരുടേ ആലാപനവും നന്ന്. സമീറാ സനീഷിന്റെ വസ്ത്രാലങ്കാരവും ചിത്രത്തിനു ചേരുന്നതായിട്ടുണ്ട്. മാഫിയ ശശിയുടേ സംഘട്ടന രംഗങ്ങൾ സ്റ്റൈലിഷും അതേ സമയം മിതവുമായിട്ടുണ്ട്. പ്രകടനത്തിൽ നായകനായെത്തിയ ദുൽഖർ സൽമാൻ മികച്ചു നിന്നു. താരതമ്യേന പുതുമുഖമായ ദുൽഖറിന്റെ അഭിനയവും വൈകാരിക സന്ദർഭങ്ങളിലെ ഒതുക്കവുമെല്ലാം അഭിനന്ദിക്കപ്പെടേണ്ടതാണ്. വിനയ് ഫോർട്ട് എന്ന നടനും ശ്രദ്ധിക്കപ്പെടാവുന്ന വേഷമായി. ശ്രീനിവാസന്റെ പോലീസ് ഉദ്യോഗസ്ഥൻ താനവതരിപ്പിച്ച പല കഥാപാത്രങ്ങളുടേയും പ്രേതമാണെന്ന് ശ്രീനിവാസൻ തിരിച്ചറിയുന്നത് നന്നായിരിക്കും. അഭിനയത്തിൽ തനിക്ക് വളർച്ചയില്ലെന്ന് ശ്രീനിവാസന്റെ കഴിഞ്ഞ കുറേ വർഷങ്ങളിലെ കഥാപാത്രങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാം. വില്ലൻ വേഷത്തിൽ വന്ന അനു മോഹൻ (നടൻ വിനു മോഹന്റെ സഹോദരൻ) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ശ്രീകുമാറിന്റെ അച്ഛൻ വേഷവും വിജയൻ കാരന്തൂറിന്റെ ചിറ്റപ്പൻ വേഷവുമൊക്കെ ബോറായി.

സാങ്കേതികമായും സസ്പെൻസിനാലും ആദ്യപകുതി പ്രേക്ഷകനെ പിടിച്ചിരുത്തുമ്പോൾ രണ്ടാം പകുതിയിലെ ചില തമാശ രംഗങ്ങളും കുടുംബ സീനുകളുമൊക്കെ ക്ഷമയുടെ പരിധി അളക്കുന്നതാണ്. പ്രമേയങ്ങളിലെ ന്യൂനത പരിഹരിക്കാൻ ശ്രമിച്ചാൽ രൂപേഷ് പീതാംബരനു ന്യൂ ജനറേഷനിൽ ഭാവിയുണ്ട്. ഇനി മലയാളത്തിലെ മുഖ്യ സാന്നിദ്ധ്യമായി ദുൽഖറും ഭാവിയിലുണ്ടാകും എന്ന് ഈ ചിത്രം സൂചന തരുന്നു.

Relates to: 
Contributors: 

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
22 Nov 2012 - 13:01 nanz