അയാളും ഞാനും തമ്മിൽ - സിനിമാ റിവ്യൂ

സത്യൻ അന്തിക്കാടിനും ജോഷിക്കും കമലിനും ശേഷം വന്ന സംവിധായക നിരയിലെ മികച്ചൊരു  സംവിധായകനാണ് ലാൽ ജോസ്. നാളിതുവരെയുള്ള സിനിമാ കരിയറിൽ വിജയ പരാജയങ്ങൾക്കിടയിലും വിനോദമൂല്ല്യങ്ങളെ മുറുകെപ്പിടിച്ച് പ്രേക്ഷകർക്കിഷ്ടപ്പെടുന്ന എന്റർടെയ്നർ ഒരുക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്നും ലാൽ ജോസ് ഓരോ സിനിമയിലൂടേയും അടിവരയിടുന്നുണ്ട്. 2012 ലെ തന്റെ മൂന്നാമത്തെ ചിത്രമായ “അയാളും ഞാനും തമ്മിൽ” ലാൽ ജോസിൽ പ്രതീക്ഷയർപ്പിക്കുന്ന പ്രേക്ഷകരെ മുഴുവൻ തൃപ്തിപ്പെടുത്തുന്ന ഒന്നല്ല. നന്മയുടെ ഇത്തിരി വെട്ടങ്ങളും അമാനുഷിക കഥാപാത്രങ്ങളെ വെട്ടി നിരത്തിയും ജീവിതത്തോട് ഇത്തിരി അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളാലും ചില സന്ദർഭങ്ങളാലും സിനിമ ഇത്തിരി നമ്മെ സന്തോഷിപ്പിക്കുമ്പോൾ, സിനിമയുടെ പല ഭാഗത്തുമുള്ള ഇഴച്ചിലും പല സന്ദർഭങ്ങളിലും അനുഭവപ്പെടുന്ന കൃത്രിമത്വവും ‘അയാളും ഞാനും തമ്മിലി’നെ ഉയർന്ന നിലയിലേക്കെത്തിക്കുന്നില്ല.

സൂപ്പർ സ്റ്റാർ പദവി എളുപ്പ വഴിയിൽ സ്വായത്തമാക്കാൻ ശ്രമിക്കുന്ന പൃഥീരാജിനെ മണ്ണിലുറപ്പിച്ചു നിർത്തുന്ന, പരാജയങ്ങൾ ഏറ്റു വാങ്ങുന്ന, സഹ കഥാപാത്രത്തിൽ നിന്നും കരണത്തടിയേൽക്കുന്ന, നിസ്സഹായതയും സങ്കടവും കൊണ്ട് കണ്ണീരൊഴുക്കുന്ന വെറും നായകനാക്കാൻ കഴിഞ്ഞു എന്നത് നല്ല കാര്യമാണ്. എന്തിനേയും മിന്നൽ സംഭാഷണങ്ങളാൽ കരിച്ചു കളയുന്ന, മസിൽ പവർ കൊണ്ട് കാര്യം നടത്തുന്ന നായകനിൽ നിന്നും പൃഥീരാജിനും വേണമല്ലോ ഒരു മാറ്റം. ഹീറോയിസമില്ലാത്ത സിനിമയൊരുക്കിയതിനും അതു ചെയ്യാൻ തയ്യാറായതിനും ലാൽജോസിനും പൃഥിക്കും അഭിനന്ദനം. പൃഥീരാജിന്റെ ഡോ. രവി തരകനും പ്രതാപ് പോത്തന്റെ ഡോ. സാമുവലുമാണ് ഈ സിനിമയുടേ ജീവൻ. ഇരുവരും മികച്ച പ്രകടനത്താൽ മുന്നിട്ടു നിൽകുന്നു.

സിനിമയുടേ വിശദാംശങ്ങൾക്കും കഥാസാരത്തിനും ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

ഡോകടർ സഹോദരങ്ങളായ സഞ്ജയ് & ബോബി (ഇരുവരും ആദ്യമായാണ് ലാൽ ജോസിനു വേണ്ടി തിരക്കഥയൊരുക്കുന്നത്) യുടെ തിരക്കഥ ആതുര ശുശ്രൂഷാ രംഗത്തെ പല കള്ളക്കളികളും ലാഭക്കൊതിയും വരച്ചു കാണിക്കുന്നുണ്ട് ഒപ്പം സേവന മനസ്കരായ ചില വ്യക്തിത്വങ്ങളേയും.  സിനിമയിലെ ‘അയാൾ’ പൃഥീരാജ് അവതരിപ്പിക്കുന്ന ഡോ. രവി തരകൻ ആണ്. മറ്റുള്ള കഥാപാത്രങ്ങൾ ‘അയാളെ’ കുറിച്ച് പറയുന്ന (അയാളും ഞാനും തമ്മിൽ..) രവി തരകനെ അനാവരണം ചെയ്യുന്നത്. പരിചിതമെങ്കിലും അത്ര പരിചിതമല്ലാത്ത അന്തരീക്ഷത്തിൽ പറയുന്ന കഥക്ക് കൌതുകമുണ്ട്, പക്ഷെ ഓരോ സന്ദർഭത്തിലും പ്രേക്ഷകരിലേക്കെത്തിക്കാൻ ശ്രമിക്കുന്ന ‘നന്മ’ യും ചില ഏച്ചുകെട്ടിയ സീനുകളും കൃത്രിമത്വം അനുഭവപ്പെടുത്തുന്നു. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന ആകസ്മികമായൊരു സംഭവത്തിൽ നിന്നാണ് ഡോ. രവി തരകൻ അപ്രത്യക്ഷനാകുന്നതും അയാളെക്കുറിച്ച് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്ന കഥ ചുരുളഴിയുന്നതും. പക്ഷെ, ഈ കാണിക്കുന്ന ആദ്യ സന്ദർഭത്തിനാകട്ടെ (ആശുപത്രി സീൻ) വ്യക്തമായതോ തൃപ്തിപ്പെടുത്താവുന്നതോ ആയ ഒരു കാരണമായി പ്രേക്ഷകർക്ക് തോന്നാനിടയില്ല. അല്പം ഇഴച്ചിൽ തോന്നിക്കുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതി കുറേക്കൂടി മെച്ചപ്പെടുന്നുണ്ട്. സീനുകളേക്കാൾ അഭിനേതാക്കളൂടെ പ്രകടനമാണ് മികച്ചതായി അനുഭവപ്പെടുന്നത്.

അഭിനയത്തിൽ പൃഥീരാജും പ്രതാപ് പോത്തനും മികച്ചു നിന്നു. നരേൻ, രമ്യാ നമ്പീശൻ, റീമ കല്ലിങ്കൽ എന്നിവർക്കൊക്കെ അത്ര പ്രാധാന്യമുള്ള വേഷങ്ങളൊന്നുമല്ലെങ്കിലും ആരും മോശമാക്കിയില്ല. കലാഭവൻ മണിയുടെ പോലീസ് വേഷം മോശമായില്ലെങ്കിലും മണിക്ക് എടുത്തു പറയാവുന്ന വേഷമായില്ല. കഥാ‍പാത്രങ്ങൾക്ക് വലിയ പ്രാധാന്യമൊന്നുമില്ലെങ്കിലും താരതമ്യേന ചെറിയ അഭിനേതാക്കളെ ഉപയോഗിക്കാമായിരുന്നിട്ടും സിനിമയുടെ താര സാന്നിദ്ധ്യത്തിനുവേണ്ടിയായിരിക്കണം (പോപ്പുലർ ആർട്ടിസ്റ്റുകൾ വരുമ്പോൾ സാറ്റലൈറ്റ് മുതലുള്ള കച്ചവടത്തിനും വിലയേറും) പ്രമുഖ താരങ്ങളെ സിനിമയിൽ ഉൾക്കൊള്ളിച്ചതെന്ന് തോന്നുന്നു.

സിനിമയുടേ ജീവൻ എന്നു പറയാവുന്നത് ജോമോന്റെ ടി ജോണിന്റെ ക്യാമറയാണ്. സുന്ദര ദൃശ്യങ്ങൾ മാത്രമല്ല, പലപ്പോഴും കൌതുകകരവും പ്രേക്ഷകനെ അടുപ്പിച്ചു നിർത്തുന്നതുമായ ദൃശ്യ ഭാഷ ജോമോൺ ആവിഷ്കരിക്കുന്നുണ്ട്. (ചാപ്പാകുരിശ്, ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത് എന്നിവയിലൊന്നും ജോമോൺ ടി ജോൺ മോശമാക്കിയില്ല) രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങും മോഹന്ദാസ്, ഗോകുൽ ദാസ് എന്നിവരുടേ കലാസംവിധാനവും സമീറാ സനീഷിന്റെ വസ്ത്രലങ്കാരവും മികച്ചു നിന്നു. സിനിമക്കു വേണ്ടി ജിസ്സൻ പോൾ തയ്യാറാക്കിയ പോസ്റ്ററുകളും മനോഹരം. സാങ്കേതിക ഘടകങ്ങളെല്ലാം മികച്ചു നിൽക്കുന്നുവെങ്കിലും കഥ പറഞ്ഞ രീതിയും ആവിഷ്കാരവും പ്രേക്ഷകരെ സിനിമയോട് അടുപ്പിച്ചു നിർത്തുന്നതിൽ അല്പം പരാജയപ്പെടുന്നുണ്ട്. എങ്കിലും മായാമോഹിനികളും മരുമകന്മാരും ബീച്ചിലെ ഭർത്താക്കന്മാരുമൊക്കെ യുക്തിയുടെ ഏഴയലത്തുവരാത്ത കോമാളിക്കളി കാണിക്കുന്നതിനിടയിൽ ജീവിതത്തോട് അല്പസ്വല്പമൊക്കെ ചേർന്നു നിൽക്കുന്നൊരു ചിത്രം കണ്ടാൽ ലാൽ ജോസിന്റേയും പൃഥീരാജിന്റേയും ആരാധകർക്ക് നിരാശ വരാൻ വഴിയില്ല.

Contributors: 

എഡിറ്റിങ് ചരിത്രം

2 edits by
Updated date എഡിറ്റർ ചെയ്തതു്
20 Oct 2012 - 12:22 Kiranz language changed to malayalam
20 Oct 2012 - 11:46 nanz

പിന്മൊഴികൾ

നല്ല ചിത്രം... ഒന്ന് രണ്ടു സ്ഥലങ്ങളില്‍ lagging ആണെന്ന് കൂടെ പടം കണ്ട സുഹൃത്തും പറയുന്ന കേട്ടു , എന്നാലും എനിക്കെവിടെയും ഇഴച്ചില്‍ അനുഭവപ്പെട്ടില്ല... നല്ല സിനിമ, നല്ല സംവിധാനം , നല്ല അഭിനയം, amazing, clear and loving shots..... A good entertainer....

കഥ കേട്ടിട്ട് ഇത് A. J. Cronin ന്റെ The Citadel എന്ന നോവൽ പോലെ ഇരിയ്ക്കുന്നല്ലോ എന്ന് തോന്നി. “തേരേ മേരെ സപ്നേ” (ദേവാനന്ദ്, മുംതാസ്) എന്ന് ഹിന്ദിയിലും പിന്നെ ബെംഗാളിയിലും തെലുങ്കിലും ഈ നോവൽ കഥ സിനിമയായി ഇറങ്ങിയിട്ടുണ്ട്.

ചിത്രം നല്ലത് തന്നെ എന്നതില്‍ മറിച്ചൊരു അഭിപ്രായമില്ല. കുറെ ആളുകള്‍ അവരും അയാളും തമ്മില്‍ ഉള്ള കഥകള്‍ പറയുന്നു.... ആസ്വദിച്ചു കാണാവുന്ന ഒരു ചിത്രം തന്നെ.