ഓർഡിനറി-സിനിമാറിവ്യു

പഴമയുള്ളൊരു പ്രമേയം പുതുമയുള്ള അന്തരീക്ഷത്തിൽ പറഞ്ഞതാണ്  നവാഗതനായ സുഗീതിന്റെ “ഓർഡിനറി” സിനിമയെന്ന് ഒറ്റവാക്കിൽ പറയാം. കൺകുളിർപ്പിക്കുന്ന ഗ്രാമീണ ദൃശ്യങ്ങളും, കോടമഞ്ഞും, താഴ്വാരവും അതിനിടയിലൂടെയുള്ള ഒരു ഓർഡിനറി കെ എസ് ആർ ടി സി ബസ്സും അതിന്റെ ജീവനക്കാരും സ്ഥിരം യാത്രക്കാരും ഗവിയെന്ന ഗ്രാമവുമാണ് സിനിമയുടെ പശ്ചാത്തലം കഥയോട് ചേർന്നു നിൽക്കുന്ന സ്വാഭാവിക നർമ്മങ്ങളോടെ തുടങ്ങുന്ന സിനിമ പക്ഷെ അവസാനത്തിലെത്തുമ്പോൾ അപ്രതീക്ഷമായി ഒന്നും കാണിച്ചു തരുന്നില്ല, കാണിച്ചതിനു പുതുമയേറെയുമില്ല.

സംവിധായകൻ കമലിന്റെ അസിസ്റ്റന്റായിരുന്ന ‘സുഗീതി‘ന്റെ  ആദ്യ സിനിമ, ക്യാമറാമാൻ ഫൈസൽ അലിയുടെ ആദ്യ സിനിമ യുവ-സഹ-പുതുമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി വരുന്നു എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ഒരു പാടുണ്ട് ഓർഡിനറിക്ക്. അതുകൊണ്ട് തന്നെ ഓർഡിനറി പുതുതലമുറയുടെ സിനിമയായേക്കാം എന്ന് കരുതുന്നതിൽ തെറ്റില്ല. പക്ഷേ പ്രേക്ഷകന്റെ  പ്രതീക്ഷക്ക് വക തരാതെ പഴയ രീതിയിലുള്ള പ്രമേയവും ആഖ്യാനവുമാണ് ഓർഡിനറിക്ക് അണിയറപ്രവർത്തകർ നൽകിയത്.  ഫൈസൽ അലിയുടേ സുന്ദര ദൃശ്യങ്ങളും വിദ്യാസാഗറിന്റെ സംഗീതവും, സ്വാഭാവിക നർമ്മങ്ങളും ബിജുമേനോൻ, കുഞ്ചാക്കോ ബോബൻ, ബാബുരാജ് എന്നിവരുടെ പെർഫോർമൻസ് എന്നിവയൊക്കെ ചിത്രത്തിന്റെ മുതൽക്കുട്ടാണെന്നു എടുത്തുപറഞ്ഞു കൊണ്ടു തന്നെ പറയട്ടെ, ആസ്വദിച്ചു കണ്ട ആദ്യപകുതി പിന്നിട്ട് രണ്ടാം പകുതിയിലും സിനിമാന്ത്യത്തിലുമെത്തുമ്പോൾ അവിശ്വസനീയതയും അതിനാടകീയതയും സിനിമയെ ദുർബലപ്പെടുത്തുന്നു.

സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ ഓർഡിനറിയുടെ ഡാറ്റാബേസ് പേജിലേക്ക് പോകുക.

സംവിധായകന്റെ കഥക്ക് തിരക്കഥയും സംഭാഷണവുമെഴുതിയത് നിഷാദ് കോയയും മനുപ്രസാദും. റിയലിസ്റ്റാക്കായ നർമ്മരംഗങ്ങളും നർമ്മ സംഭാഷണങ്ങളും ആശ്വാസമാണ്. (ഉദാഹരണം,  ചിത്രത്തിന്റെ തുടക്കത്തിൽ കുഞ്ചാക്കോ ബോബനും നാരായണൻ കുട്ടിയുമായുള്ള സീൻ. പൊട്ടിച്ചിരിച്ചുപോകുന്ന സന്ദർഭമാണത്) പുതുമയുള്ളൊരു അന്തരീക്ഷം കിട്ടിയിട്ടും പ്രവചനാതീതമായൊരു സന്ദർഭത്തിലേക്കോ പുതുമയുള്ളൊരു ക്ലൈമാക്സിലേക്കെത്തിക്കാനോ തിരക്കഥാകൃത്തുക്കൾക്ക് സാധിക്കാതെപോയത് പോരായ്മയാണ്. (സസ്പെൻസിനു വേണ്ടി \കാണികളെ തെറ്റിദ്ധരിപ്പിക്കാൻ\ കുത്തിനിറച്ചൊരു സീൻ അത്യന്തം ക്ലീഷേയായി.)  പല സന്ദർഭങ്ങളിലും സിനിമാ ടിപ്പിക്കൽ സംഭാഷണങ്ങൾ തന്നെയാണ് പലപ്പോഴും കഥാപാത്രങ്ങൾക്ക് നൽകിയത്. ഇരവിയുടേയും കല്യാണിയുടേയും പ്രണയത്തിനുമില്ല പുതുമ. പിണക്കത്തിലും ചമ്മലുകളിലും തുടങ്ങി നേരെ പ്രണയത്തിൽ വന്നുഭവിക്കുന്നതൊക്കെ എത്ര കണ്ടതാണ്.! ബാബുരാജിന്റെ നല്ലൊരു കഥാപാത്രം ഇടവേളക്ക് ശേഷം കാരണമൊന്നുമില്ലാതെ അപ്രത്യക്ഷമായതും ന്യായീകരിക്കത്തക്കതല്ല. കഥാഗതിയിലും ക്ലൈമാക്സിലും നല്ലൊരു സാദ്ധ്യതയുണ്ടായിരുന്നു ബാബുരാജിന്റെ വക്കച്ചന്. അത് കളഞ്ഞു കുളിച്ചു. സുഗീതിന്റെ ആദ്യ സംവിധാനം ഏറെ തെറ്റുകുറ്റങ്ങൾ ഉണ്ടെന്ന് പറയാനാവില്ല. പ്രേക്ഷകനെ തൃപ്തിപ്പെടൂത്തും വിധം കഥയെ അതാവും വിധത്തിൽ പറഞ്ഞുകൊണ്ടെത്തിക്കാനായി എന്നത് നല്ലതു തന്നെ. പക്ഷെ ഇനിയുമേറെ സാദ്ധ്യതകളുണ്ടായിരുന്ന കഥയെ/അന്തരീക്ഷത്തെ സുഗീത് വലിയ അളവിൽ പ്രയോജനപ്പെടൂത്തിയില്ല. നവാഗതനെന്ന നിലയിൽ കൈകുറ്റപ്പാടുകൾ കുറച്ചുണ്ടെങ്കിലും സുഗീതിന്റെ പ്രയത്നം അഭിനന്ദാർഹം തന്നെയാണ്.

ബിജു മേനോന്റെ ഡ്രൈവർ സുകു തന്നെയാണ് സിനിമ കാണുമ്പോഴും കണ്ടിറങ്ങുമ്പോഴും പ്രേക്ഷകനെ രസിപ്പിക്കുന്നത്. പാലക്കാടൻ ശൈലിയിലുള്ള സംഭാഷണം അവസാനം വരെ നിലനിർത്താൻ ബിജുവിനു കഴിഞ്ഞു. കുഞ്ചാക്കോ ബോബന്റെ കണ്ടക്ടർ ഇരവിക്കുട്ടൻ പിള്ളയും മോശമായില്ല. തന്റെ പഴയ സിനിമകളിൽ നിന്ന് ഏറേ മാറിയിട്ടുണ്ട് ചോക്കോച്ചൻ. ഹീറോയിസത്തിന്റെ ചെറു ചെറു സന്ദർഭങ്ങൾ ഇരവിക്കുട്ടൻ പിള്ളക്ക് കൊടുത്തിട്ടുണ്ട് സംവിധായകൻ. കുഞ്ചാക്കോ ബോബൻ അത് വൃത്തിയായി ചെയ്തിട്ടൂമുണ്ട്. എങ്കിലും ചമ്മലുകളും അബദ്ധങ്ങളുമൊക്കെ കൃത്രിമത്വം കളഞ്ഞ് സ്വാഭാവികമായി അവതരിപ്പിക്കുവാൻ കുഞ്ചാക്കോബോബനു ഇനിയും സാദ്ധ്യമായിട്ടില്ല. കുടിയനായ ബസ്സ് യാത്രക്കാരനായി ബാബുരാജിന്റെ വക്കച്ചൻ രസിപ്പിക്കുന്നുണ്ട്. വില്ലൻ വേഷങ്ങളിൽ നിന്ന് കോമഡി വേഷങ്ങളിലേക്ക് വഴിമാറിയ ബാബുരാജ് അത് രസകരമായിത്തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. നാളിതുവരെയുള്ള കഥാപാത്രങ്ങളിൽ വലിയൊരു മുന്നേറ്റം കാഴ്ചവെക്കാൻ സാധിക്കാത്ത ആസിഫ് അലിയുടെ ഭദ്രൻ എന്ന വേഷം ആദ്യ പകുതിയിൽ നന്നായിട്ടുണ്ട്. അതിനാടകീയതക്ക് വഴിമാറിയ രണ്ടാം പകുതിയിൽ ആസിഫ് അലി പലപ്പോഴും കൈവിട്ടുപോകുന്നു. എങ്കിലും ഇതുവരെകിട്ടിയ കഥാപാത്രങ്ങളിൽ ആസിഫ് അലിക്ക് എടുത്തുപറയാവുന്ന ഒന്നായി ഭദ്രൻ. ധർമ്മജൻ ബോൾഗാട്ടിയുടെ ആന്റപ്പൻ, കലാഭവൻ നിയാസിന്റെ മടിയനായ നാടക നടൻ എന്നിവരൊക്കെ കുഴപ്പമില്ലാതെ / അധികമാകാതെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജിഷ്ണുവിന്റെ ജോസ് മാസ്റ്ററും ലാലു അലക്സിന്റെ വേണു മാഷും,ഹേമന്തിന്റെ ദേവനും, ടി പി മാധവന്റെ ചായക്കടക്കാരനുമൊന്നും വലിയ പ്രകടനം കാഴ്ചവെച്ചില്ല. പുതുമുഖ നായിക ശ്രിത-ക്ക് നിലവിലെ എല്ലാ സിനിമയിലെ നായികമാരുടേയും വേഷം തന്നെ. വലിയ പ്രകടനത്തിനു അവസരമില്ലാത്ത വേഷം കുഴപ്പമില്ലാതെ ചെയ്തു എന്നേ പറയാനാകു. ആൻ അഗസ്റ്റിന്റെ അന്ന മോശം പ്രകടനമായി. നിർവ്വികാരമുഖവും നൃത്തപ്രകടനവും ക്ലൈമാക്സ് സീനിലെ അലർച്ചയുമൊക്കെ ആ കഥാപാത്രത്തിന്റെ ജീവൻ കളഞ്ഞു.

രാജീവ് നായരുടെ വരികൾക്ക് വിദ്യാസാഗർ ഈണം പകർന്ന ഗാനങ്ങൾ ചിത്രത്തിന് മാറ്റു കൂട്ടുന്നു. കാർത്തികും മധു ബാലകൃഷ്ണനും ചേർന്ന് പാടുന്ന ‘സുൻ സുൻ സുന്ദരിത്തുമ്പീ...” എന്ന ഗാനം ഈണത്തിലും കാഴ്ചയിലും സുന്ദരമാണ്. (വിദ്യാധരൻ മാസ്റ്റർ ഈണം പകർന്ന് അദ്ദേഹം തന്നെ പാടിയ “കറുത്ത മുന്തിരി..” എന്ന ഗാനം ചിത്രത്തിലില്ല. കേൾക്കാൻ ഇമ്പമാർന്ന ഗാനമായിരുന്നു) യേശുദാസിന്റെ ‘സൂര്യ ശലഭം‘ മാത്രമാണ് ആലാപനത്തിൽ ആകർഷകമയി തോഞ്ഞാഞ്ഞത്. വി സാജന്റെ എഡിറ്റിങ്ങും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികച്ചു നിന്നപ്പോൾ രഞ്ജിത്ത് അമ്പാടിയുടേ ചമയം മോശമായി. ലാലു അലക്സിന്റെ വിഗ്ഗും മേക്കപ്പുമൊക്കെ കൃത്യമായി കണ്ടുപിടിക്കാൻ പാകത്തിലുള്ളതായി. സിനിമയുടേ പ്രീ പ്രൊമോഷനിൽ വന്ന പോസ്റ്ററുകൾ എല്ലാം അതി സുന്ദരങ്ങളാണ്. ചിത്രത്തിന്റെ അന്തരീക്ഷം പോലെത്തന്നെയുള്ള ആ പോസ്റ്ററുകൾ ഒരുക്കിയ ഓൾഡ് മോങ്ക്സിനൊരു താങ്ക്സ്. (റിലീസ് പോസ്റ്ററുകൾ ജിസ്സൻ പോൾ)

2012 ലെ ആദ്യ സൂപ്പർ ഹിറ്റ് എന്നൊക്കെ ഓർഡിനറിയെ ഇപ്പോഴേ വിധിയെഴുതിക്കഴിഞ്ഞിട്ടൂണ്ട്. തിയ്യറ്ററിലെ തിരക്ക് അതു സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. പോരായ്മകളുണ്ടെങ്കിലും, എന്റർടെയ്നർ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ സിനിമ തൃപ്തിപ്പെടുത്തുന്നുമുണ്ട്. ജനപ്രിയ സിനിമ പ്രതീക്ഷിക്കുന്നവർക്ക് ഓർഡിനറി തൃപ്തിപ്പെടുമെന്ന് തോന്നുന്നു. പക്ഷെ, സിനിമയുടെ കഥപറച്ചിൽ രീതികളോടു മുഴുവൻ പൊരുത്തപ്പെടാത്തതും സിനിമാന്ത്യത്തിലെ എല്ലാത്തരത്തിലുമുള്ള പോരായ്മകളും (അഭിനയം, തിരക്കഥ, ഷോർട്ട്സ് മിസ്സിങ്ങ്) ഇനിയും നല്ല രീതിയിൽ ജനപ്രിയമാക്കാമായിരുന്ന ‘ഓർഡിനറി’ക്ക് വലിയൊരു പോരായ്മ തന്നെയാണെന്ന് ആവർത്തിക്കേണ്ടിവരും. മലയാള സിനിമ പുതു ഭാവുകത്വങ്ങളിലേക്ക് മാറാനുള്ള ത്വര പ്രകടിപ്പിക്കുന്ന ഇക്കാലത്ത് പുതു തലമുറകളെന്നു പറയുന്ന ചെറുപ്പക്കാരിൽ നിന്നും പ്രേക്ഷകർ ഇങ്ങിനെയൊന്നല്ല ഇതിനപ്പുറമാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു വെക്കാതെ വയ്യ.

Contributors: 

എഡിറ്റിങ് ചരിത്രം

2 edits by
Updated date എഡിറ്റർ ചെയ്തതു്
3 Jun 2012 - 18:20 admin
19 Mar 2012 - 10:56 Kiranz

പിന്മൊഴികൾ

ചവറുകൾ എടുത്തോട്ടേ..അത് 2:30 മണിക്കൂർ സഹിക്കണം എന്ന് വാശിപിടിക്കരുത്. മൊത്തത്തിൽ പറഞ്ഞുകേട്ടത് വെച്ച് നല്ല ആദ്യ പകുതി. വെറുപ്പിച്ച രണ്ടാം പകുതി എന്നാണ് മനസിലാവുന്നത്.

ആദ്യപകുതി മാത്രം കണ്ട എനിക്ക് അതും അത്ര നന്നായി തോന്നിയില്ല. ആകെ അരമണിക്കൂറിൽ പറയേണ്ടിയിരുന്നത് ഒന്നര മണിക്കൂർ വലിച്ചു നീട്ടി. പിന്നെ സുന്ദരമായ ലൊക്കേഷനുകൾ ആ സൗന്ദര്യത്തോടെ പകർത്തിയതായി തോന്നിയില്ല. കോമഡികൾക്കൊന്നും ചിരി വന്നില്ല.

മലയാളത്തിലിറങ്ങുന്ന ചവറുകളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒന്നാണ് “ഓർഡിനറീ” എന്ന് കരുതുന്നില്ല. ഒരു എന്റർടെയ്നർ ഒരുക്കുക എന്ന ലക്ഷ്യത്തിൽ പുതുമുഖ പ്രവർത്തകർ ഒരുക്കിയ ഈ ചിത്രത്തിന് അതിന്റേതായ പോരായ്മകൾ ഉണ്ടെങ്കിലും പല പ്രേക്ഷകന്റേയും അഭിരുചികളെ തൃപ്തിപെടുത്താനായി എന്നത് ശരി തന്നെയാണ്. കോമഡിക്ക് വേണ്ടി ദ്വയാർത്ഥപ്രയോഗങ്ങളോ മിമിക്രി തമാശകളോ ഉപയോഗിച്ചില്ല എന്നതും പലതും സിറ്റുവേഷനു യോജിച്ചു നിന്നു എന്നതും നല്ല കാര്യം തന്നെ.
രണ്ടാം പകുതിയിൽ സസ്പെൻസ് റിവീൽ ചെയ്യുന്നത് ശരിയായ രീതിയിലല്ല. (പ്രേക്ഷകനു കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടെങ്കിലും)

നാൻസിന്റെ സിനിമാ റിവ്യു നന്ന് തന്നെ! അതിൽ സംശയമില്ല!! കൂട്ടത്തിൽ ചില കാര്യങ്ങൾ ഒന്നു പറയണം എന്നുണ്ടായിരുന്നു.
സിനിമ: ഓർഡിനറി സമം ബിജു മേനോൻ. ഇതാണതിൽ ഞാനെന്ന ആസ്വാദകനു ആകെ ബൊധിച്ചത്!! ആദ്യ പകുതിയിൽ കഥയിൽ വലിയ കഴമ്പില്ലായിരുന്നെങ്കിലും രസകരമായ സന്ദർഭങ്ങളും കഥാപാത്രങ്ങളും ആസ്വദനീയമായിരുന്നു.

പക്ഷെ രണ്ടാം പകുതി അസഹനീയം!! അന്നയെ കെട്ടാൻ ദേവൻ ഉത്സവത്തിനു വരുന്നു എന്നുള്ള സീനിൽ ഔട്ട് ഒഫ് ഫോക്കസിൽ ഭദ്രനെ കാണിച്ചപ്പോളെ ഏതാണ്ടൊക്കെ മനസ്സിലായി!! ആദ്യ പകുതിയുടെ ഒരു ഇന്നസൻസ് വച്ച് ഒരു കൊലപാതകം ഒട്ടും പ്രതീക്ഷിച്ചില്ല! "ഓർഡിനറി" ദേവനെ"ഇടിച്ചിടു"ന്ന സീൻ കണ്ടപ്പൊളേ കൂവിപ്പൊയി...ഭാര്യ പിച്ചിയ പിച്ചിന്റെ പാട് ഇപ്പൊഴും മാഞ്ഞിട്ടില്ല!! കൂടെ വന്ന സുഹൃത്തുക്കൾക്കും വക്കണ്ട ബെറ്റ്!! കാരണം..ബാക്ടീരിയ ആരെന്ന് എല്ലാരും ഊഹിച്ചു! ആരൊ ഒരാൾ ജോസ് മാസ്റ്റർ എന്നും പറഞ്ഞു!!!

അങ്ങനെ ആ പടവും കണ്ടിറങ്ങി!! ഖത്ത്രിൽ അന്നു മഴ പെയ്തു!! ഗവിയുടെ തണുപ്പ് അവിടെ അറിഞ്ഞു, സുകുവിന്റെ ഇരുത്തി മൂളലും പങ്കു വച്ച് ഞങ്ങൾ പിരിഞ്ഞു. ഒന്നു മനസ്സിലായി ഇതുണ്ടാക്കിയ കൂട്ടുകാർക്ക് ഒരു ഭാവിയുണ്ട്!! ഇതു ഒരു തുടക്കമായി കാണാം!! ആദ്യ പകുതി കലക്കിയ ഓർഡിനറി അടുത്ത പടത്തിൽ എക്സട്രാ ഓർഡിനറി ആയി വരട്ടെ എന്നാശംസിക്കാം!!

ബിജു മേനോന്‍ തകര്‍ത്തു, കുഞ്ചാക്കോബോബന്‍ ദിലീപിന് പഠിക്കുകയാണെന്നു തോന്നുന്നു. താമസകളിലെല്ലാം ഓര്‍ ദിലീപ്‌ ടച്ച്‌. ചവുട്ടി കൊല്ലാന്‍തോന്നി അവന്‍റെ അഭിനയം കണ്ടപ്പോള്‍