പകർന്നാട്ടം - സിനിമ റിവ്യൂ

തങ്ങളുടേതല്ലാത്ത തെറ്റിന് ഇരകളാകേണ്ടിവരുന്നവരുടെ ജീവിതവസ്ഥകളാണ് ജയരാജിന്റെ പുതിയ ചിത്രമായ “പകർന്നാട്ടം”. വധശിക്ഷക്ക് വിധിക്കപ്പെട്ട തോമസിന്റെ ജീവിതം മാത്രമല്ല, വടക്കൻ മലബാറിൽ എൻഡോസൾഫാന്റെ ഇരകളായി ജീവിക്കുന്നവരുടേയും രാഷ്ട്രീയ പാർട്ടികളുടെ ആക്രമണ-പ്രത്യാക്രമണങ്ങളിൽ ബലിയാടാവുകയും ചോരതെറിക്കുന്ന ദൃശ്യങ്ങൾ കണ്മുന്നിൽ കണ്ട് പിന്നീടുള്ള ജീവിതമത്രയും മരവിപ്പോടെ ജീവിച്ചു തീർക്കേണ്ടിവരുന്നവരുടേയുമൊക്കെ പകർന്നാട്ടങ്ങളാണ് ഈ സിനിമ.

1990 ൽ വിദ്യാരംഭം എന്ന സിനിമയോടെയാണ് ജയരാജ് മലയാള സിനിമയിൽ സംവിധായകനായി സജീവമാകുന്നത്. സിനിമാ കരിയർ 2012-ലെത്തുമ്പോൾ നിരവധി സംസ്ഥാന-ദേശീയ-അന്തർ ദേശീയ പുരസ്കാരങ്ങൾ ജയരാജിനെ തേടിവന്നിട്ടുണ്ട്. പല ജനുസ്സിലും തരത്തിലുമുള്ള നിരവധി സിനിമകളും (അത് കച്ചവടമായാലും കലയായാലും) സൂപ്പർ ഹിറ്റുകളുംസൂപ്പർ ഫ്ലോപ്പുകളും ജയരാജിന്റെ ലിസ്റ്റിലുണ്ട്. മലയാള മുഖ്യധാരാ സിനിമയിൽ വൈവിധ്യങ്ങളായ  ഒരുപാ‍ട് ചിത്രങ്ങളൊരുക്കിയ സംവിധായകൻ. 

സിനിമ, കലയായാലും കച്ചവടമായാലും അതിന്റെ ‘വഴികൾ’ എന്തൊക്കെയെന്ന് ജയരാജിനറിയാം. തുടർച്ചയായ കൊമേഴ്സ്യൽ പരാജയങ്ങളാവാം ഒരു പക്ഷെ ജയരാജിലെ ‘ബുദ്ധിജീവി’യെ ഉണർത്തിയത്. അതിന്റെ പരിണിത ഫലമെന്നോണം അവാർഡുകളോ, പ്രശംസയോ ലക്ഷ്യം വെച്ചുകൊണ്ടെടുത്ത സിനിമ തന്നെയാണ് “പകർന്നാട്ടം”(അവാർഡുകളും നിരൂപക പ്രശംസയുമൊക്കെ കിട്ടുമോ എന്ന് കാത്തിരുന്നുതന്നെ കാണണം) 

മന്ദതാളം, ഇരുളും വെളിച്ചവും ഇടകലരുന്ന ദൃശ്യങ്ങൾ, സംഭാഷണങ്ങളിലെ ആലങ്കാരിക ഭാഷ, അളന്നു കുറിച്ചെന്നവണ്ണമുള്ള (തോന്നിപ്പിക്കുന്ന) സംഭാഷണങ്ങൾ, ഓരോന്നിനും പതിവിലുമധികം അകൽച്ചയും നിശ്ശബ്ദതയും, നിശ്ശബ്ദമായ നീണ്ട ഷോട്ടുകൾ, പാബ്ലോ നെരുദയുടെ പ്രണയ കവിതകൾ, എൻഡോസൾഫാൻ, മനുഷ്യാവകാശം, തെരുവു നാടകം, തെയ്യം - തിറ. ഇത്രയൊക്കെ മതിയാകും ഒരു ടിപ്പിക്കൾ ബുദ്ധിജീവി സിനിമക്ക് (അല്ലെങ്കിൽ ഇങ്ങിനെയൊക്കെയാണ് അവാർഡ് സിനിമയെന്നോ, ബുദ്ധിജീവി സിനിമകളെന്നോ വിളിക്കപ്പെടുന്നതിന്) എന്ന് ജയരാജും കരുതിയിരിക്കണം. ഇതിൽ നിന്നും അണുവിട തെറ്റാതെ ഒരുക്കിയിട്ടുണ്ട് പകർന്നാട്ടം. പ്രേക്ഷകന്റെ പച്ചയായ ഭാഷയിൽ പറഞ്ഞാൽ “ജാഡ സിനിമ” 

“പകർന്നാട്ട“ത്തിന്റെ വിശദാംശങ്ങളും കഥാസാ‍രവും വായിക്കുവാൻ എം 3 ഡി ബിയുടേ ഡാറ്റാബേസ് പേജിലേക്ക് പോകുക.

ഉത്തര മലബാറിലേക്ക് കുറിയേറിയ ഒരു കർഷക ക്രിസ്ത്യൻ കുടുംബാംഗമാണ് തോമസ്. എൻഡോസൾഫാൻ ഇരയായ കുട്ടികളെ സംരക്ഷിക്കുന്നു.. അവർക്ക് വേണ്ടി പ്രവർത്തിക്കുന്നു. തെരുവുനാടകം മറ്റു സാമൂഹ്യപ്രവർത്തനങ്ങൾ അതൊക്കെയാണ് തോമസ്. “പാർട്ടിയാണ് എല്ലാം” എന്നൊരിക്കൽ തോമസ് പറയുന്നുണ്ട്. “പാർട്ടിക്കുവേണ്ടി കുടുംബത്തെ മറക്കണോ” എന്ന് തോമസിന്റെ അമ്മച്ചിയും ചോദിക്കുന്നുണ്ട്. എന്നാൽ തോമസിനു പാർട്ടിയോടോ തിരിച്ചോ ഒരു ബന്ധവുമുള്ളതായോ തോമസിന്റെ പാർട്ടിപ്രവർത്തനങ്ങളോ വിശദീകരിക്കപ്പെടുന്നില്ല. (രാഷ്ട്രീയ പാർട്ടികൾ ഏതെന്ന് സംവിധായകൻ പറയുന്നുമില്ല കാണിക്കുന്നുമില്ല. എങ്കിലും പറയാതെ പറയുന്ന ചില ദൃശ്യങ്ങളിൽ നിന്ന് സൂചനകൾ വ്യക്തമാണ്) തോമസിന്റെ പാർട്ടി നടത്തിയ ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാർട്ടി തോമസിനോട് പറയുന്നുണ്ട്. പിറ്റേദിവസം വിവാഹം നിശ്ചയിച്ച തോമസ് മനസ്സില്ലാ മനസ്സോടെ കുറ്റം ഏറ്റെടുക്കുന്നുമുണ്ട്. ഇതിനുമാത്രമുള്ള ബന്ധം തോമസിനും പാർട്ടിക്കുമുണ്ടെന്ന് ഒരു സൂചനകളും ചിത്രം തരുന്നില്ല, രാഷ്ട്രീയ കാരണങ്ങളോ രാഷ്ട്രീയ പ്രവർത്തനങ്ങളോ ചിത്രം വിശദീകരിക്കുന്നുമില്ല. രാഷ്ട്രീയ പാർട്ടിയെ ക്വട്ടേഷൻ സംഘങ്ങളായോ മറ്റോ ആണ് പ്രേക്ഷകനു മനസ്സിലാകുന്നത് / വിശദീകരിക്കപ്പെടുന്നത്.  എൻഡൊസൾഫാനും മനുഷ്യാവകാശവും സാമൂഹ്യപ്രവർത്തനവുമൊക്കെ ഇത്തരത്തിൽ തന്നെയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ വിശദീകരണങ്ങളിലേക്കോ രാഷ്ട്രീയ സാമൂഹ്യ തലങ്ങളോ ഒന്നും ചിത്രം വിശദീകരിക്കുന്നില്ല. മറിച്ച്, പ്രേക്ഷകന്റെ കണ്ണിൽ പൊടിയിടാനുള്ള ചില സൂത്രപ്പണികളായേ തൊന്നിയുള്ളു.

ഒരല്പം പ്രതീക്ഷയോടെ തുടങ്ങുന്ന ചിത്രം പക്ഷെ കുറച്ചു കഴിയുമ്പോൾ മന്ദതാളത്തിലേക്കും കഥാപാത്രങ്ങളൂടെ നിർവ്വികാര പ്രകടന ദൃശ്യങ്ങളിലേക്കും മാറുന്നുണ്ട്. പ്രേക്ഷകനെ പിന്നെയെങ്കിലും പിടിച്ചിരുത്തുന്നത് ഛായാഗ്രഹണവും പശ്ച്ചാത്തല സംഗീതവുമാണ്. സിനു മുരുക്കുമ്പുഴയുടെ ഛായാഗ്രഹണം അഭിനന്ദാർഹമാണ്. പ്രേക്ഷകനോട് നീതി പുലർത്തുന്ന ഒരു ഘടകം അതു മാത്രമാണ്. ഉത്തരമലബാറിന്റെ പ്രകൃതിയും മഴയുമൊക്കെ സുന്ദര ദൃശ്യങ്ങളായിട്ടുണ്ട്. രങ്കനാഥ് രവിയുടെ സൌണ്ട് ഡിസൈനും കൈലാസ് മേനോന്റെ സംഗീതവും പശ്ച്ചാത്തല സംഗീതവും മികച്ചതായി. ചുരുക്കത്തിൽ സാങ്കേതികമായി മാത്രമേ ചിത്രം നിലവാരമുയർത്തുന്നുള്ളു. അഡ്വ. സി പി ഉദയബാനുവിന്റെ കഥ കാലികമാണ്. ഒരു സിനിമക്ക് വേണ്ടിയുള്ള മിനിമ കഥാതന്തുവുമുണ്ട്. പക്ഷെ തിരക്കഥയും സംഭാഷണവുമൊരുക്കിയ സംവിധായകൻ കൂടിയായ ജയരാജ് അതിനെ ഉയർന്ന തലത്തിലേക്കെത്തിക്കുവാൻ ശ്രമിച്ചിട്ടില്ല. “പൈങ്കിളി” എന്നു വിളിക്കാവുന്ന സന്ദർഭങ്ങൾ, അതിഭാവുകത്വമുള്ള കൃത്രിമമായ സംഭാഷണങ്ങൾ എന്നിവ നിരവധി. പ്രകടനങ്ങളിൽ പ്രമുഖകഥാപാത്രങ്ങൾ ആരും തന്നെ വലിയ പ്രകടത്തിലേക്ക് ഉയരുന്നില്ല. മീരയായി അഭിനയിച്ച സബിതാ ജയരാജ് അഭിനയത്തിലും ഡബ്ബിങ്ങിലും ഒട്ടും നിലവാരമുയർത്തിയില്ല. സംഭാഷണങ്ങൾ (പറച്ചിലുകൾക്ക്) കൃത്രിമവും വ്യക്തമാകാത്തതിനും സബിതയുടെ ഡബ്ബിങ്ങ് തന്നെയാണ് കാരണം. ജയറാമിന്റെ തോമസിനു പ്രത്യേകതകളൊന്നും തോന്നിയില്ല. കാമുകിയോട് പ്രണയത്തിലേർപ്പെടുമ്പോഴും എൻഡോസൾഫാൻ ഇരകളെ ശുശ്രൂഷിക്കുമ്പോഴും അമ്മച്ചിയോട് സംസാരിക്കുമ്പോഴും ഒരേ വികാരം ഒരേ ഭാവം. 

സംവിധായകന്റെ രക്ഷപ്പെടലുകൾ / ഒഴിഞ്ഞുമാറലുകൾ ഈ സിനിമയിൽ നിരവധിയാണ്. ഉത്തരമലബാറിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെ (അതിനെ അനന്തരഫലങ്ങളാണ് സിനിമയുടെ മുഖ്യ പ്രമേയം) കൃത്യമായി അടയാളപ്പെടുത്താനോ വിശദീകരിക്കാനോ തയ്യാറാവാതെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതായിട്ടാണ് തോന്നിയത്. തോമസ് - മീര പ്രണയത്തിനും വിവാഹ നിശ്ചയത്തിനുമില്ല ഹേതു.  കഥാപാത്രങ്ങളുടേയും പ്രധാന സംഭവങ്ങളുടേയും വിശദീകരത്തിലേക്കും ആഴത്തിലേക്കും കടന്നു ചെല്ലാതെ ‘എന്തൊക്കെയോ വലിയ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നു‘ എന്ന തോന്നലുണ്ടാക്കുകയാണ് സംവിധായകൻ. അതിന്റെ മേമ്പൊടിക്കു വേണ്ടി എൻഡോ സൾഫാനും തെരുവു നാടകവും, നമ്പൂതിരി ഇല്ലവും, നെരുദയുടെ പ്രണയവുമൊക്കെ തൂകിയിട്ടുമുണ്ടെന്നു മാത്രം.

വാൽക്കഷ്ണംഅണിയറയിൽ കേട്ടത് : - ചുരുങ്ങിയ ദിവസം കൊണ്ട് വളരെ ചുരുങ്ങിയ ചിലവിൽ നിർമ്മിച്ച ഈ സിനിമ ഒരു പ്രമുഖ ചാനലിനു ലാഭത്തോടെ ഔട്ട് റൈറ്റ്സ് വിറ്റ സിനിമയാണ്. പ്രദർശിപ്പിക്കേണ്ടതും പരസ്യപ്പെടുത്തേണ്ടതും ഇനി ചാനലിന്റെ ഉത്തരവാദിത്വം. സംവിധായകനതിൽ ബാദ്ധ്യതയൊന്നുമില്ല. അതുകൊണ്ട് തന്നെ ഈ സിനിമയുടെ ഒരു പോസ്റ്റർ പോലും കണ്ടെത്താൻ - അത് ഓൺ ലൈനിലായാലും തെരുവിൽ നിന്നായാലും- ഏറെ കഷ്ടപ്പെടേണ്ടിവരും.(പോസ്റ്ററുകൾ പ്രിന്റ് ചെയ്തിട്ടേയില്ല) സംവിധായകന്റെ ലക്ഷ്യം തിയ്യറ്റർ പ്രദർശനമെന്നതിലുപരി ലാഭവും അവാർഡുമാണെന്നും വ്യക്ത്യം.  ജയരാജ്, സിനിമാകല അറിയാവുന്ന സംവിധായകൻ മാത്രമല്ല; ബുദ്ധിയുള്ള കച്ചവടക്കാരനാണെന്നും തോന്നുന്നു :)

Contributors: 

എഡിറ്റിങ് ചരിത്രം

2 edits by
Updated date എഡിറ്റർ ചെയ്തതു്
3 Jun 2012 - 18:20 admin
15 Mar 2012 - 11:59 Dileep Viswanath

പിന്മൊഴികൾ