ഈ അടുത്ത കാലത്ത് - സിനിമാറിവ്യു

അടുത്തകാലത്ത് പോസ്റ്റർ1സൂപ്പറും അല്ലാത്തതുമായ താരങ്ങളുടെ ചുറ്റും കിടന്നു വട്ടം കറങ്ങിയിരുന്ന മലയാള സിനിമക്ക് പേരും താരങ്ങളും പലതായിരുന്നുവെങ്കിലും കഥകളും ആഖ്യാനവും ഏതാണ്ടൊക്കെ ഒന്നായിരുന്നു. കുടുംബങ്ങളൂടെ കുടിപ്പകയും, ഗ്രാമത്തിലെ/ഇടവകയിലെ വിഗ്രഹ/പൊൻ കുരിശു മോഷണങ്ങൾ, ഉത്സവ / പെരുന്നാളു നടത്താനുള്ള അവകാശത്തർക്കങ്ങൾ പഴയ ബോംബേന്നു വരുന്ന ദാദോം കീ ദാദ, അധോ‍ലോകം, ശാസ്ത്രീയ-ഹിന്ദുസ്ഥാനി സംഗീതമയം, അങ്ങിനെ ഏതൊക്കെ വഴിക്ക് ചുറ്റിപ്പടർന്ന് പോയാലും അമ്പല-പള്ളി മുറ്റത്തെ കൂട്ടത്തല്ലിലോ, പണിതീരാത്ത കെട്ടിടസമുച്ചയത്തിലോ, കല്യാണപ്പന്തലിലോ, കൊച്ചിയിലെ കണ്ടെയ്നർ കൂമ്പാരത്തിലോ മറ്റുമായി അവസാനിക്കുകയായിരുന്നു നമ്മുടെ കമേഴ്സ്യൽ മലയാള സിനിമ.സോഷ്യൽ നെറ്റ് വർക്കിലും മറ്റിടങ്ങളിലും ഭരതൻ, പത്മരാജൻ, എൺപതുകൾ, തൊണ്ണൂറുകൾ  രവീന്ദ്രൻ മാസ്റ്റർ എന്നൊക്കെ കപട ഗൃഹാതുരതയോടെ മുദ്രാവാക്യം വിളിക്കുമെങ്കിലും ‘മലയാളത്തിൽ നല്ല സിനിമകളില്ല’ എന്ന് ഫേയ്സ് ബുക്ക് സ്റ്റാറ്റസുകൾ /ഗൂഗിൾ ബസ്സ്-പ്ലസ്സ് മെസേജുകൾ ഇറക്കുമ്പോഴും കുട്ടിസ്രാങ്കും ടിഡി ദാസനുമൊക്കെ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് തിയ്യറ്ററിന്റെ പടിയിറങ്ങുന്നത് അറിയില്ല, പകരം മാസങ്ങൾക്ക് ശേഷം ഡിവിഡി റിപ്പ് ഡൌൺലോഡ് ചെയ്ത്  ‘ഹാ എത്ര നല്ല സിനിമ, മലയാളിയെന്തേ കണ്ടില്ല‘ എന്ന  നാട്യമൊഴിയിറക്കും. ഇതിനിടയിലൊക്കെ പുതുതലമുറയുടെ പുതു ചലനത്തിന്റെ ചില തിളക്കങ്ങൾ മിന്നിമറഞ്ഞെങ്കിലും അതൊന്നും കാണാൻ കാഴ്ചാശീലങ്ങൾ അനുവദിച്ചില്ല, പലരേയും. 2011 ന്റെ തുടക്കം മുതലാണ് മലയാളസിനിമയിൽ പുതുഭാവുകത്വങ്ങൾ പൂർണ്ണമായും തലയുയർത്തിവന്നത് എന്ന് സാമാന്യേന പറയാം. ട്രാഫിക്, സോൾട്ട് & പെപ്പർ, സിറ്റി ഓഫ് ഗോഡ്, ചാപ്പാകുരിശ്, ബ്യൂട്ടിഫുൾ തുടങ്ങിയ പുതു സിനിമകൾ പുതിയ തലമുറകളുടെ ആഖ്യാന-ആസ്വാദന ശീലങ്ങളുടെ നേർപകർപ്പുകളായി. ഈ ജനുസ്സിൽ‌പ്പെട്ട പല സിനിമകൾക്കും വിദേശ സിനിമകളുടെ പകർപ്പെന്ന ആരോപണം (അല്ല, സത്യം) ഉണ്ടായെങ്കിലും ഒരു കുറ്റിയിൽ കിടന്നു കറങ്ങുന്ന മലയാള സിനിമയിൽ പുതിയ രീതികളെ പരീക്ഷിക്കാൻ (കടം കൊണ്ടതാണെങ്കിലും) പലരും ധൈര്യപൂർവ്വം മുന്നിട്ടിറങ്ങുന്ന പുതിയ കാഴ്ചകൾ ഉണ്ടായി എന്നതാണ് ആശ്വസകരം. വർഷങ്ങൾക്ക് മുൻപേ ഹിന്ദി സിനിമാലോകത്ത് വ്യാപകമായ മൾട്ടിപ്ലെക്സ് സിനിമാ സംസ്കാരത്തിന്റെ രീതികൾ പക്ഷേ, മലയാളത്തിൽ തുടങ്ങുന്നതേയുണ്ടായുള്ളു. 2011 തുടക്കത്തിലെ ‘ട്രാഫിക്’ എന്ന നോൺ ലീനിയർ സിനിമ ഇൻഡസ്ട്രിയിലെ പുതിയ ആളുകളെ അത്തരത്തിലുള്ള സിനിമകളെടുക്കാൻ ആവേശം കൊള്ളിച്ചു. അതിന്റെ തുടർച്ചയിൽ ഇപ്പോൾ അവസാനം വന്നൊരു സിനിമയാണ് “ ഈ അടുത്ത കാലത്ത്”

പേരു സൂചിപ്പിക്കുന്നപോലെതന്നെ ഇതൊരു വ്യത്യസ്ഥമായ സിനിമയും കൂടിയാണ്, നായകനും വില്ലനും നായികയും അവർക്ക് ചുറ്റുമുള്ള നർമ്മ-സങ്കട-സംഘട്ടന രംഗങ്ങളെ പകുത്തുവെച്ചൊരു സ്ഥിരം വാർപ്പു മാതൃകയിലല്ല, പകരം വ്യത്യസ്ഥ സിനിമകളെ നെഞ്ചേറ്റാൻ തയ്യാറായ പുതു പ്രേക്ഷകരെ പ്രതീക്ഷിച്ചുകൊണ്ടുള്ള നോൺ ലീനിയർ ആഖ്യാന ശൈലിയിലുള്ള സിനിമ തന്നെയാണിതും. അതുകൊണ്ട് തന്നെ ഇതിൽ നായകനില്ല, നായികയില്ല, വില്ലനോ, കൊമേഡിയന്മാരോ അങ്ങിനെ സ്ഥിരം കണ്ടുമടുത്ത കഥാപാത്രങ്ങളോ സന്ദർഭങ്ങളൊ ഇല്ല. കാഴ്ചപ്പാടുകളിൽ  ചില പിന്തിരിപ്പൻ നിലപാടുകളെ പൂർണ്ണമായും കുടഞ്ഞു കളയാൻ ഈ സിനിമക്കായിട്ടുണ്ടോ എന്നതൊരു ചിന്താവിഷയമാണ്, മലയാള സിനിമ എക്കാലവും കൊണ്ടു നടന്നിരുന്ന സ്ത്രീ വിരുദ്ധത, സവർണ്ണ-അവർണ്ണ മുൻ വിധികളെയൊക്കെ അവിടവിടെ ഇപ്പോഴും ബാക്കിവെച്ചിട്ടുതന്നെയാണ് പുതുഭാവുകത്വങ്ങളെ പേറുന്ന പുതുതലമുറയുടെ ഈ ചിത്രവും കടന്നു പോകുന്നത്. എങ്കിലും ഉദാത്തവും ഉത്കൃഷ്ടവുമെന്ന് ഇപ്പോഴും കൊട്ടിഘോഷിക്കപ്പെടുന്ന കോടികളുടെ കിലുക്കമുള്ള പുളിച്ചു തികട്ടിയ പഴംകഞ്ഞി സിനിമകളേക്കാൾ പ്രമേയ-ദൃശ്യ-ആഖ്യാന-അഭിനയ ഘടകങ്ങളിൽ തികച്ചും പുതുമ സമ്മാനിക്കുന്നുണ്ട് ഈ ചിത്രം.

2010ലെ കോക്ടെയിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച സംവിധായകനാണ് അരുൺകുമാർ. പ്രിയദർശൻ സിനിമകളുടേ എഡിറ്ററായിരുന്ന അരുൺകുമാറിന്റെ “കോക്ക്ടെയിൽ“ ബട്ടർഫ്ലൈ ഓൺ വീൽ’ എന്ന കനേഡിയൻ ചിത്രത്തിന്റെ തനിപ്പകർപ്പായിരുന്നെങ്കിലും വിദേശ സിനിമകൾ കാണാൻ അവസരം കിട്ടാത്ത ഒരുപാട് മലയാളി സ്ഥിരം പ്രേക്ഷകരെ തൃപ്തിപ്പെടുത്തി. ക്യാമറയിൽ പ്രദീപ് നായറും എഡിറ്റിങ്ങിൽ സംവിധായകൻ അരുൺകുമാറും ആ ചിത്രത്തിൽ മികവു പുലർത്തി. അതിന്റെ തിരക്കഥാകൃത്തായിരുന്ന അനൂപ് മേനോൻ ആ ചിത്രത്തിലെ പ്രധാന വേഷം ചെയ്ത് പ്രേക്ഷകർക്ക് ഇഷ്ടതാരമായി. ശേഷം ബ്യൂട്ടിഫുള്ളും അനൂപ് മേനോന്റെ സിനിമാ സാന്നിദ്ധ്യത്തിനു താരപ്രഭയേകിയെന്നത് ഈ ചിത്രത്തിന്റെ ടൈറ്റിൽ കാർഡിലും തന്റെ ഇൻഡ്രൊഡ്യൂസ് സീനിലും തിയ്യറ്ററിലുയരുന്ന കയ്യടികൾ സാക്ഷ്യപ്പെടൂത്തുന്നു.

സിനിമയുടെ കഥാസാരവും വിശദാംശങ്ങളും വായിക്കുവാൻ ഈ അടുത്തകാലത്തിന്റെ ഡാറ്റാബേസ് പേജിലേക്ക് പോകുക.

ഒരു നഗരത്തിൽ ജീവിക്കുന്ന പരസ്പരം ബന്ധമില്ലാത്ത ഉപരി-മധ്യ-കീഴാള ജീവിതത്തിന്റെ നേർചിത്രങ്ങളോടെ തുടങ്ങുന്ന ഈ ചിത്രം, ഈ മൂന്നു വിഭാഗങ്ങളിലെ ചില കഥാപാത്രങ്ങളൂടെ ജീവിതാവസ്ഥകളിൽ ഒരുമിച്ച് കണ്ടുമുട്ടേണ്ടിവരികയും പരസ്പരം കൊടുഅടുത്തകാലത്ത് പോസ്റ്റർ2ക്കൽ വാങ്ങലുകൾക്ക് വിധേയമാകേണ്ടിവരികയും ചെയ്യുന്നതാണ് സിനിമയുടെ മുഖ്യപ്രമേയം. അതിനെ സമകാലികവും സാമൂഹ്യ- ജീവിത സന്ദർഭങ്ങളുമായി കൂട്ടിയിണക്കുകയുമാണ് തിരനാടകത്തിൽ. സിനിമയുടെ ആദ്യ പത്തു മിനുട്ടുകൾ അല്പം വിരസമായിപ്പോകുന്നു എന്ന തോന്നലുണ്ടാക്കുന്നുണ്ടെങ്കിലും പതിയെപ്പതിയെ സിനിമ മുഖ്യകഥാപാത്രങ്ങളുടെ വിഷയത്തിലേക്ക് സമീപിക്കുന്തോറും ഗൌരവതരമാകുന്നു. ഒരു മണിക്കൂറിലേറേ നീളുന്ന ആദ്യപകുതി അവസാനിക്കുമ്പോൾ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന/ പിരിമുറുക്കത്തിലാഴ്ത്തുന്ന ഒരവസ്ഥയിലേക്കെത്തുന്നു, ശേഷം വൈകാരികമായ തലങ്ങളിലേക്ക് കയറിയിറങ്ങി ശുഭപര്യവസാനത്തിലെത്തുന്നു. ചിത്രാന്ത്യം സമീപ സിനിമാരീതികളിൽ നിന്നും വ്യത്യസ്ഥമായ ലളിതാന്ത്യമാണ്. വലിയൊരു സംഭവ-സന്ദർഭത്തിലേക്ക് കൂപ്പുകുത്താതെ ലളിതമായൊരു അന്ത്യത്തിലേക്കും വ്യത്യസ്ഥ കഥാപാത്രങ്ങളുടെ ജീവിത ചിത്രങ്ങളുടെ പലപല ഖണ്ഡങ്ങളിലേക്കും തിരിയുന്നു. സമകാലീന സിനിമകളെ ഓർമ്മിപ്പിക്കാത്ത ഒരു പുതിയ സിനിമാ ആസ്വാദനത്തിലേക്ക് പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നുണ്ട് “ഈ അടുത്ത കാലത്ത്”

റൂബിക്സ് ക്യൂബ് എന്ന പസിൽ ഗയിം പോലെയാണ് ജീവിതമെന്ന് തുടക്കത്തിലെ എഴുതിക്കാണിക്കുന്നു, പിന്നീട് തിരുവനന്തപുരം നഗരത്തിന്റെ ചെറുവിവരണത്തോടേ (ശബ്ദം : ജഗതി?) വിളപ്പിൽ ശാലയെന്ന മാലിന്യക്കൂമ്പാരത്തെ ചുറ്റിപ്പറ്റിയും പറഞ്ഞു തുടങ്ങുന്നു (സിനിമയിൽ ഇത് തോപ്പിൽ ശാലയാണ്, ഈ ജനകീയ സമരത്തെ കാണിച്ചതാവട്ടെ, തികച്ചും ജനവിരുദ്ധമായും) സമൂഹത്തിലെ വ്യത്യസ്ഥജീവിത കഥാപാത്രങ്ങളൂടെ ജീവിതപരിസരങ്ങൾക്ക് തിരക്കഥയെഴുതിയത് ഇതിലെ പ്രധാനമായൊരു വേഷം (അജയ് കുര്യൻ) ചെയ്ത മുരളി ഗോപിയാണ് ( മുരളി ഗോപി, മുൻപ് ഇന്ത്യൻ എക്സ്പ്രസ്സ്, ദി ഹിന്ദു പത്രങ്ങളിൽ വി ജി മുരളീകൃഷ്ണൻ എന്ന പേരിൽ സബ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്) മുരളീ ഗോപിയുടെ തിരക്കഥ മുൻപ് പറഞ്ഞതുപോലെ ചില കാഴ്ചപ്പാടുകളെ കുടഞ്ഞു കളയാൻ മടികാണിക്കുന്നുണ്ടെങ്കിലും സിനിമയുടെ മൊത്തം ആഖ്യാനത്തിന്റെ വിജയത്തിന്റെ നല്ല പങ്കു വാങ്ങുന്നുണ്ട്. അരുൺ കുമാറിന്റെ സംവിധാനം മികവു പുലർത്തി. ചില സാമൂഹ്യ പ്രശ്നങ്ങൾ, സമകാലിക പ്രസിദ്ധങ്ങളായ പരസ്യ-സിനിമ-പത്ര വാർത്തകളെയൊക്കെ സന്ദർഭവുമായി ഇണക്കിച്ചേർത്തതും സാമൂഹ്യവും അല്ലാത്തതുമായ പല വിഷയങ്ങളേയും അത്ര പ്രധാനമായികാ‍ണിക്കാതെ സ്പർശിച്ചുപോയതുമൊക്കെ നന്നായിട്ടുണ്ട്. , ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണം അത്ര മേൽകൈ നേടൂന്നില്ലെങ്കിലും കഥയെ തടസ്സങ്ങളില്ലാതെ പറഞ്ഞുവെക്കാനാവുന്നുണ്ട്. അരുണിന്റെ എഡിറ്റിങ്ങും ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും സിനിമക്കു മികവേകി. പ്രധാനമായും എടുത്തുപറയേണ്ടത് ഗോപീ സുന്ദറിന്റെ പശ്ചാത്തലസംഗീതമാണ്. നിശബ്ദതയെ പ്രധാനബിന്ദുവാക്കിയ ഒട്ടനവധി സന്ദർഭങ്ങളുണ്ട്. അവയും അതിനോട് ചേർന്നുള്ള വൈകാരിക സന്ദർഭങ്ങളും പ്രേക്ഷകനു സമ്മാനിക്കുന്നതിൽ ഗോപീ സുന്ദർ വിജയമായി.ഗാനങ്ങൾ ചിത്രത്തിന്റെ പശ്ചാത്തല-സാന്ദർഭിക രംഗങ്ങൾക്ക് ഇണങ്ങുംവിധമാണ് ഇണക്കിച്ചേർത്തിരിക്കുന്നത്.

അഭിനേതാക്കളിൽ വിഷ്ണുവായ ഇന്ദ്രജിത്തും, അജയ് കുര്യനായ മുരളിഗോപിയും, രമണിയായ മൈഥിലിയും, റുസ്താമായ നിഷാനും അഭിനന്ദനമർഹിക്കുന്നു. ഇന്ദ്രജിത്ത്, വിഷ്ണുവിന്റെ രൂപഭാവങ്ങളെ ശരിക്കും സന്നിവേശിപ്പിച്ചിരിക്കുന്നു. മൈഥിലിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ മികച്ചതെന്ന് പറയാം രമണി, ഒപ്പം, അനൂപ് മേനോൻ, ലെന, മണികണ്ഠൻ പട്ടാമ്പി, മലയാളത്തിലെ പുതിയ അഭിനേത്രിയായ തനുശ്രീഘോഷും നന്നായിട്ടുണ്ട്. പ്രധാന വേഷത്തിലെത്തുന്ന തനുശ്രിയുടെ അഭിനയ സിദ്ധി വെളിവാക്കേണ്ടുന്ന നിരവധി സന്ദർഭങ്ങളുണ്ടെങ്കിലും തനുശ്രീക്ക് അഭിനയത്തിന്റെ പാരമ്യത്തിലെത്താൻ കഴിഞ്ഞില്ല, മോശം എന്നു പറയാനാവില്ലെങ്കിലും ഗംഭീരം എന്നു പറയിപ്പിക്കാൻ തനുശ്രീക്കും അവരുടെ ഡബ്ബിങ്ങി (വിമ്മി മറിയം)നും സാധിച്ചില്ല. ക്ലീഷേ കഥാപാത്രങ്ങളിൽ നിന്ന് മുക്തി നേടി ഇന്ദ്രൻസും, ശാന്തകുമാരിയും, കലാഭവൻ ഹനീഫും ഉണ്ട്.

ചിത്രത്തിൽ സംവിധായകൻ അറിഞ്ഞും അറിയാതെന്നും (?) കാണിക്കുന്ന ചില സന്ദർഭങ്ങളും ചിഹ്നങ്ങളുമുണ്ട്. വിഷ്ണുവിനെ പാൽക്കാരൻ മമ്മൂട്ടിയിൽ നിന്നും യാദൃശ്ചികമായി രക്ഷിക്കുന്നതും, പലിശ ക്വൊട്ടേഷൻ ടീമിൽ നിന്നും രക്ഷപ്പെടുത്തുന്നതും നഗരത്തിലൊരിടത്ത് നടക്കുന്ന ആർ എസ് എസ് ശാ‍ഖാ പരിശീലനമാണ്/അതിലെ ആളുകളാണ് (സംഘപരിവാറിനെ പരാമർശിക്കാറുണ്ടെങ്കിലും മലയാള സിനിമയിലിദാദ്യമാണ് ആർ എസ് എസിന്റെ ശാഖാ പരിശീലനം കാണിക്കുന്നതെന്നു തോന്നുന്നു.) തിരക്കഥാകൃത്ത് മുരളീ ഗോപിയുടെ അച്ഛൻ ഭരത് ഗോപിയുടെ അവസാന കാലത്ത് സംഘപരിവാറുമായുള്ള അടുപ്പവും തിരക്കഥയിലൂടെ നമുക്ക് ബോധ്യമാകുന്ന വലതുപക്ഷ രാഷ്ട്രീയവുമൊക്കെ ഇതിനോട് കൂട്ടിവായിക്കേണ്ടതാണോ അല്ലയോ എന്ന് സിനിമാ നിരീക്ഷകർ പറയട്ടെ. ഒപ്പം, സിനിമയിലെ മറ്റൊരു കഥാപാത്രമായ റുസ്താം (നിഷാൻ)മിന്റെ തുറക്കാൻ അനുവാദമില്ലാത്ത മുറിയുടെ പുറത്ത് കാവിയിൽ വലുതായി എഴുതിയ “ഓം” എന്ന അക്ഷരം, ഗുണ്ടാ നേതാവായ മസ്താന്റെ (ബൈജു) ഓം-സ്വസ്തിക് ചിഹ്നങ്ങൾ രേഖപ്പെടുത്തിയ ഷർട്ട്, ടി വി ജേർണലിസ്റ്റായ രൂപ(ലെന)യുടെ മുൻ വാതിലിലെ ഗ്ലാസ്സിൽ രേഖപ്പെടുത്തിയ സ്വസ്തിക് ചിഹ്നങ്ങൾ ഒക്കെ യാദൃശ്ചികങ്ങളായി കാണാൻ വയ്യ, കാരണം ചില ചിഹ്നങ്ങളെ, വസ്തുക്കളെ സംവിധായകൻ സിംബോളിക്കുകളായി ബോധപൂർവ്വം അടയാളപ്പെടുത്തിയിട്ടുണ്ട് മറ്റു പല സന്ദർഭങ്ങളിൽ.

പോരായ്മകൾ ഇല്ലെന്നല്ല, പൂർണ്ണമായി മലയാള നവ സിനിമാ ഭാവുകത്വത്തിലേക്ക് കടന്നുവന്നുമെന്നുമല്ല, പക്ഷെ, ഇക്കാലമത്രയും കൊണ്ടു നടന്ന ക്ലീഷേകളെ മാറ്റി നിർത്താനും, പുതിയ ആഖ്യാന രീതികൾ പരീക്ഷിക്കാനും താരസമ്പന്നത ഒഴിവാക്കി ഫാൻസിന്റെ കയ്യടികളെ നിരാകരിക്കാനും സർവ്വോപരി നവ സിനിമയൊരുക്കുവാനുള്ള ബോധപൂർവ്വമായ ശ്രമം “ഈ അടുത്ത കാലത്ത്" എന്ന സിനിമയിൽ കാണാം. ആ ശ്രമം നല്ലൊരു സിനിമയായി പ്രേക്ഷകനെ തൃപ്തിപ്പെടുത്താനും സാധിച്ചിട്ടുമുണ്ട്. നൂറ്റൊന്നാവർത്തിച്ച കഥയും ആഖ്യാന രീതിയും കൊണ്ട് ഇനിയും പ്രേക്ഷകനെ പറ്റിക്കാനാവില്ല എന്നു തിരിച്ചറിയുന്ന ഇത്തരം ചിത്രങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടട്ടെ. മറക്കാതെ കാണുക.

Contributors: 

എഡിറ്റിങ് ചരിത്രം

2 edits by
Updated date എഡിറ്റർ ചെയ്തതു്
3 Jun 2012 - 18:20 admin
26 Feb 2012 - 09:16 Kiranz

പിന്മൊഴികൾ

സോഷ്യൽ നെറ്റ് വർക്കിലും മറ്റിടങ്ങളിലും ഭരതൻ, പത്മരാജൻ, എൺപതുകൾ, തൊണ്ണൂറുകൾ രവീന്ദ്രൻ മാസ്റ്റർ എന്നൊക്കെ കപട ഗൃഹാതുരതയോടെ മുദ്രാവാക്യം വിളിക്കുമെങ്കിലും ‘മലയാളത്തിൽ നല്ല സിനിമകളില്ല’ എന്ന് ഫേയ്സ് ബുക്ക് സ്റ്റാറ്റസുകൾ /ഗൂഗിൾ ബസ്സ്-പ്ലസ്സ് മെസേജുകൾ ഇറക്കുമ്പോഴും കുട്ടിസ്രാങ്കും ടിഡി ദാസനുമൊക്കെ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് തിയ്യറ്ററിന്റെ പടിയിറങ്ങുന്നത് അറിയില്ല, പകരം മാസങ്ങൾക്ക് ശേഷം ഡിവിഡി റിപ്പ് ഡൌൺലോഡ് ചെയ്ത് ‘ഹാ എത്ര നല്ല സിനിമ, മലയാളിയെന്തേ കണ്ടില്ല‘ എന്ന നാട്യമൊഴിയിറക്കും. Very well said Nanz :)

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :) . ഈണം എന്ന ഒരു സംരംഭം കൂടി തുടങ്ങി. 

 

റിവ്യൂവിൽ നിന്നും ഇതൊരു നല്ല സിനിമയാണെന്ന് മനസ്സിലാക്കുന്നു. രാഷ്ട്രീയമെന്തോ ആകട്ടെ, നല്ല സിനിമകൾ ഉണ്ടാകുകയെന്നതാണ് പ്രധാനം. (രാഷ്ട്രീയം കലർത്താനുള്ള ശ്രമത്തിൽ സിനിമയുടെ കലാമൂല്യം നഷ്ടപ്പെടുന്നതാണ് സാധാരണ കണ്ടുവരുന്ന പ്രശ്നം.) എന്തായാലും ട്രെയിലർ കണ്ടിട്ട് ഇഷ്ടപ്പെട്ടു.

തിയറ്റർ റിലീസിന്റെ ഏതാനും ആഴ്ചകൾക്കുള്ളിൽ യുറ്റ്യൂബ് വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഓൺലൈൻ മാധ്യമം വഴിയോ സിനിമ റിലീസ് ചെയ്യുന്നതിനെ പറ്റി മലയാളം സിനിമാ ലോകം ആലോചിക്കേണ്ടിയിരിക്കുന്നു.

മലയാള സിനിമയുടെ അല്ലെങ്കിൽ മലയാളിയുടെ പച്ചയായ സ്വഭാവ സവിഷേതകൾ കാട്ടിത്തന്നിരുന്ന, ഒരു ബോൾഡ്നസ്, കാണിച്ചിരുന്ന ഒരു ചലച്ചിത്ര ശ്രെണി ഐ വി ശശി, വേറൊരു തലത്തിൽ ഭരതനും പുലർത്തിയിരിന്നു എന്നു വിശ്വസിക്കുന്നയാളാണു ഞാൻ. അതിലെല്ലാം മലയാളിയുടെ പരിമിതികൾ വളരെ കൃത്യമായിത്തന്നെ സംവിധായകൻ കാണിക്കാറുമൂണ്ട്!!

ഈ അടുത്തകാലത്തും ഒരു ബോൾഡ് സിനിമ തന്നെ!! നാൻസ് ഇതിനെ പറ്റി ഒന്നും പരാമർശിച്ചിട്ടില്ല!! ഒരു ആധുനിക യുഗം ഞെക്കി പഴുപ്പിക്കാൻനോക്കുകാണോ "ഈ അടുത്തകാലത്ത്"!! പല സന്ദർഭങ്ങളിലും പല വാചകങ്ങളുടേയും അർത്ഥങ്ങൾ ചോദിക്കുന്ന മകന്റെയും മകളുടെയും അടുത്ത് നിന്ന് എഴുന്നേറ്റ് മാറി എന്റെയടുത്ത് വന്നിരുന്ന എന്റെ സുഹൃത്തിന്റെ "പണ്ടാരം" വിളി ഇന്നും ആ പഴയ മലയാളിയുടെ തന്നെ!!

എന്തോ എവിടെയോ പുകയുന്നുണ്ട്!! അനുകരണത്തിന്റെ മറ്റൊരു കാറ്റ് അധികം വൈകാതെ നമ്മുടെ തെങ്ങുകളെ കടപുഴകും!!

മലയാളി ഇപ്പോളും 'ഷിറ്റ്" വരെ എത്തിയുട്ടുള്ളു!! അധുനികതയുടെ പേരിൽ അതു മാറി "ഫ..." ആകാൻ അടുത്തകാലത്ത് ഒരു വഴിതെളിക്കുമോ?? തെളിക്കുമെങ്കിൽ കൊക്കിന്റെ കഥ മാറ്റി പറയാൻ സമയമായി!!

മലയാള സിനിമ ക്ലാസ്സിക്കുകളായ "അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു...", "ഏഴരപ്പൊന്നാന" എന്നീ ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വെയ്ക്കാവുന്ന മികച്ച ചിത്രം.