കാസനോവ - സിനിമാറിവ്യു

കണ്ണഞ്ചിപ്പിക്കുന്ന വിദേശ ലൊക്കേഷനുകൾ, ക്രെയിനും ജിപ്പുമായി ചാഞ്ഞും ചെരിഞ്ഞുമുള്ള ഷോട്ടുകൾ, (സീനുകൾക്കും ഷോട്ടൂകൾക്കും ഹോളിവുഡ് സിനിമകളുടെ ഡിവിഡി റെഫറെൻസാകാം) വിദേശ കാറുകൾ, (ഹെലികോപ്ടറും കൂടീ ഉണ്ടായാൽ നല്ലത്) മലയാളത്തിനുപുറമേ ഇടക്കിടക്ക് അറബി, ഹിന്ദി, ഇംഗ്ലീഷ് ഡയലോഗുകൾ, ബിക്കിനിയണിഞ്ഞ സുന്ദരി(?)കൾ, ഒന്നിലധികം നായികമാർ, നായകനായി മോഹൻലാൽ മാത്രം, ഇടക്കിടക്ക് അദ്ദേഹം വാ തുറക്കണം ഫിലോസഫി പറയാൻ മാത്രം അതും പ്രണയത്തെക്കുറിച്ചായാൽ വളരെ നല്ലത്. എല്ലാത്തിനും കൂടി പത്തു പതിനഞ്ചു കോടിയിലധികം മുടക്കാൻ ഒരു നിർമ്മാതാവിനെക്കൂടി കിട്ടിയാൽ ‘കാസനോവ’ എന്ന ചിത്രമായി.

മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രമെന്നും മൂന്നുവർഷമായി ഷൂട്ട് ചെയ്തെടുത്ത ചിത്രമെന്നുമുള്ള ഖ്യാതിയുമായി വമ്പൻ പ്രചരണത്തോടെ റിലീസ് ചെയ്ത കാസനോവ കേവലം വിനോദോപാധിക്കുള്ള വകപോലും നൽകുന്നില്ല എന്നതാണ് ദു:ഖകരം. ‘ഉദയനാണ് താരം’ എന്ന ചിത്രത്തിലൂടെ ഏറെ പ്രതീക്ഷ നൽകിയ റോഷൻ ആൻഡ്രൂസും ‘ട്രാഫിക്കി‘ലൂടെ പുതിയ പ്രമേയവും ആഖ്യാനശൈലിയുമൊക്കെ പകർന്ന ബോബി സഞ്ജയും പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തുന്നു. അഭിനയത്തിൽ മോഹൻലാലും. തനിക്ക് ഇനിയുള്ള സിനിമാ ജീവിതത്തിൽ പഴയൊരു തിരിച്ച് വരവ് ആകില്ലെന്ന സൂചനയായും അതു കാണാം. അത്രമാത്രം നിരാശാജനകമാണ് ലാലിന്റെ പ്രകടനം. തടിച്ചു വീർത്ത കവിളും കുടവയറും ദുർമ്മേദസ്സും കൊണ്ട് ആക്ഷൻ സീനുകളിലും നൃത്തരംഗങ്ങളിലും ലാൽ അവശനാകുന്നുണ്ട്. ഈ സിനിമയിൽ കഥയില്ല പകരം കഥാപാത്രങ്ങളേയുള്ളു അവയ്ക്കാവട്ടെ പശ്ചാത്തലമോ ഭൂതകാലമോ വ്യക്തിത്വമോ ഇല്ല.കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളോ മറ്റോ ഒരു വിശ്വസനീയതും ജനിപ്പിക്കുന്നില്ല. മാറി മാറി സ്യൂട്ട് ധരിച്ചു വരുന്ന നായകനു ചുറ്റും വട്ടമിടുന്ന വെറും ഉപഗ്രഹങ്ങൾ മാത്രമാണ് മറ്റു കഥാപാത്രങ്ങൾ. നായകനാകട്ടെ എല്ലാം തികഞ്ഞ, വായ് തുറന്നാൽ ഫിലോസഫി മാത്രം ഉരുവിടുന്ന അന്താരാഷ്ട്ര പൂക്കച്ചവടക്കാരൻ. സ്വാഭാവികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, പ്രേക്ഷകനെ ഒരു നിമിഷം പോലും സ്പർശിക്കാത്ത ഈ കഥയില്ലായ്മയാണ് കോൺഫിഡന്റ് ഗ്രൂപ്പിനു വേണ്ടീ ഡോ.സി ജെ റോയ് യും ആന്റണി പെരുമ്പാവൂരും സംയുക്തമായി നിർമ്മിച്ച “കാസനോവ” എന്ന ബ്രഹ്മാണ്ഡ ചിത്രം.

കാസനോവയുടെ കഥാസാരവും വിശദാംശങ്ങളും വായിക്കുവാൻ കാസനോവയുടെ ഡാറ്റാബേസ് പേജിലേക്ക് പോകുക.

നായകന്റെ അവതരണവും സ്വഭാവ സവിശേഷതകളും പ്രണയത്തെക്കുറിച്ചുള്ള നായക കഥാപ്രസംഗവും വില്ലന്മാരുടെ മോഷണങ്ങളും ഒക്കെയായി ആദ്യ പകുതി വല്ലാതെ ബോറഡിപ്പിക്കുന്നു. ആദ്യപകുതി കണ്ടു കഴിയുമ്പോൾ ഇതുവരെ ഒരു കഥയും പറഞ്ഞില്ലല്ലോ എന്ന് നിരാശ ജനിപ്പിക്കും. രണ്ടാം പകുതിയിൽ കാസനോവയും സമീര(ശ്രേയ)യുമായുള്ള ബന്ധവും വരുന്നിടത്താണ്  അല്പമെങ്കിലും സിനിമ എന്നൊരു തോന്നലുണ്ടാക്കുന്നത് (കാസനോവയുടേയും സമീറയുടേയും പ്രണയം കാണിക്കാനുള്ള കഥയേ ചിത്രത്തിലുള്ളൂ. അത് പറയാൻ മാത്രം ദുബായിയും കാസനോവയുടെ പെൺ ബന്ധങ്ങളും കന്യാസ്ത്രീ മഠവും നാലു മോഷ്ടാ‍ക്കളും ഇന്റർ പോളുമൊക്കെ ആവശ്യമില്ലാതെ കൂട്ടിച്ചേർത്തതാണേന്ന് തോന്നിപ്പിക്കുന്നുണ്ട്) മോശം പറയരുതല്ലോ ശ്രേയ അവതരിപ്പിക്കുന്ന സമീര മാത്രമേ ചിത്രത്തിൽ നന്നായിട്ടുള്ളു. ദുബായ് നഗരവും കെട്ടിടങ്ങളുമാണ് സിനിമയുടെ ‘മനോഹര ദൃശ്യങ്ങൾ‘ അവ ഭംഗിയായി ക്യാമറാമാൻ ജിം ഗണേശ് പകർത്തിവെച്ചിട്ടൂണ്ട്. മലയാള സിനിമയിൽ ഇതുവരെ കാണിച്ചിട്ടില്ലാത്ത രീതിയിലുള്ള സാഹസിക രംഗങ്ങൾ കാസനോവയിലുണ്ട്. മലയാ‍ള സിനിമയിൽ ഇതൊരു പുതുമയാകാം. പക്ഷെ ഹോളിവുഡിലെയടക്കം നിരവധി മറുഭാഷാ ചിത്രങ്ങൾ കാണുന്ന ഏതൊരു പ്രേക്ഷകനും കാസനോവയിലെ ഇത്തരം രംഗങ്ങൾ ത്രസിപ്പിക്കുന്നതല്ല. മികച്ച സാങ്കേതികത്വമെന്നൊന്നും പറയാൻ ഈ ചിത്രത്തിലില്ല. അമൽ നീരദിന്റെ സിനിമകളിൽ ഇതിനേക്കാൽ നല്ല രീതിയിൽ അവ ഉപയോഗിച്ചിട്ടുണ്ട്. (ഏറെ മോശം അഭിപ്രായം ഏറ്റുവാങ്ങിയ അമൽ നീരദിന്റെ ‘സാഗർ ഏലിയാസ് ജാക്കി’യുടെ ക്യാമറയും പോസ്റ്റ് പ്രൊഡക്ഷനുമൊക്കെ ഇതിലുമെത്രയോ നന്നായിരുന്നു)  ധൂം സിനിമകളുടെ സ്റ്റണ്ട് സംവിധായകൻ അലൻ അമീൻ ഒരുക്കിയ സംഘട്ടനങ്ങളും സാഹസിക രംഗങ്ങളും രസകരം. (പക്ഷേ, വില്ലന്മാർ കെട്ടിടക്കൂട്ടങ്ങളിലോ കോണിപ്പടികളിലോ മാത്രമല്ല വെറും നിലത്തും ചാടിയും മറിഞ്ഞും പോകുന്നതെന്തിനാണെന്ന് മനസ്സിലായില്ല!), അന്തരിച്ച ഗിരീഷ് പുത്തഞ്ചേരി, വയലാർ ശരത് ചന്ദ്ര വർമ്മ, ഗൌരി എന്നിവരെഴുതിയ ഗാനങ്ങൾ അല്ഫോൺസ് ജോസഫ്, ഗോപി സുന്ദർ, ഗൌരി എന്നിവർ ഈണം പകർന്നിരിക്കുന്നു. ഗാനങ്ങൾ ഒന്നിനുമില്ല ഇമ്പം തോന്നിക്കുന്നവ.  [“ന്യൂ പോലീസ് സ്റ്റോറി, ഫാസ്റ്റ് & ഫ്യൂരിയസ് “ അടക്കം നിരവധി ഹോളിവുഡ് സൂപ്പർ ഹിറ്റ് സിനിമകളുടെ സീനുകളും ഷോട്ടുകളുമാണ് കാസനോവയുടെ ചില ഭാഗങ്ങൾ.]

*  ലക്ഷ്മീ റായിയുടെ ഹെനൻ എന്ന കഥാപാത്രവും കാസനോവയുമായുള്ള ബന്ധം എന്താണാവോ? കാസനോവ ഒരു റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ഹെനനെ മോഷ്ടാവിലൊരുത്തനുമായി പ്രണയിക്കാൻ ശ്രമിക്കുന്നുണ്ട്. ഹെനനു അവനോടാണോ അതോ കാസനോവയോടാണോ പ്രണയമെന്ന് സിനിമ തീർന്നാലും നമുക്കു മനസ്സിലാവില്ല. അതിനെ വിശദമാക്കാനോ വിശ്വസനീയമാക്കാനോ തിരക്കഥാകൃത്തോ സംവിധായകനോ ശ്രമിച്ചിട്ടുമില്ല.

*ദുബായിയിലെ കന്യാസ്ത്രീ മഠത്തിൽ കടുത്ത നിയന്ത്രണത്തിൽ വളരുന്ന ആൻ മേരി (റോമ) ക്ക് മോഡേൻ വേഷമിട്ട് കന്യാസ്ത്രീകളൊപ്പം നടക്കുകയും കാസനോവയെക്കാണുമ്പോൾ ശ്വാസം വിടാൻ ബദ്ധപ്പെടുകയും കാസനോവ ‘പ്രണയം’ എന്നു പറയുമ്പോൾ (മുഴുവനും വേണ്ട ‘പ്രണ...‘ എന്നു കേട്ടാലും) എന്നെ ആരെങ്കിലും പ്രണയിക്കൂ എന്ന മട്ടിൽ വിവശയാകുകയും ചെയ്യുന്ന അഭിനയ സാദ്ധ്യതയേയുള്ളൂ.കന്യാസ്ത്രീകൾ സിനിമയുടെ ക്ലൈമാക്സിൽ ‘സഹ്യ’ ചാനൽ സം പ്രേക്ഷണം ചെയ്യുന്ന “ഫാൾ ഇൻ ലൌ” എന്ന പ്രണയത്തെക്കുറിച്ചുള്ള പരിപാടി  കടുത്ത നിയന്ത്രണമുള്ള കന്യാസ്ത്രീ മഠത്തിലെ ടിവിയിൽ ശ്രദ്ധയോടെ കാണുന്നതു കണ്ടാൽ ചിരിച്ചു മറിയുകയേ നിവൃത്തിയുള്ളൂ.

* കാസനോവ - സമീര സമാഗമത്തിൽ സമീര പറയുന്നു “ എന്തായാലും എന്നെ കെട്ടുന്നവനു എനിക്കെന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിച്ച് ബോധ്യപ്പെടേണ്ടി വരില്ല” എന്ന്. എന്നുവെച്ചാൽ ‘കന്യകത്വം’ ഇപ്പൊഴും നഷ്ടപ്പെട്ടിട്ടില്ലെന്ന് ചുരുക്കും.(നായിക ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാർത്ഥിയും സത്സാ ഡാൻസറുമാണ്!)  ഈ തിരക്കഥയും സംഭാഷണവുമെഴുതിയ ഇരട്ട തിരക്കഥാകൃത്തുക്കളിൽ (ബോബി & സഞ്ജയ്) ഒരാൾ ഡോക്ടർ ആണെന്നാണ് പറഞ്ഞ് കേൾക്കുന്നത്. കന്യകാത്വത്തെക്കുറിച്ച് ഡോക്ടർക്കും ഇങ്ങിനെയൊക്കെയുള്ള കാഴ്ചപ്പാടുകളേയുള്ളു!

* കാസനോവയെ സ്തുതിക്കുന്ന രണ്ട് ഗാനങ്ങളുണ്ട്. പൂവിനു ചുറ്റും വണ്ടുകളെന്നപോലെ കാസനോവക്കു ചുറ്റും ഒരുപാട് യുവതികൾ ആടിപ്പാടുന്ന ഗാനദൃശ്യത്തിൽ ഇന്ത്യനും നീഗ്രോയും മറ്റു വിദേശികളുമായ എല്ലാ യുവതികളും ചുണ്ടനക്കി പാടുന്നത്...”മുകുന്ദാ...മുരാരേ...കൃഷ്ണാ കൃഷ്ണാ...” എന്നാണ്. അതും വിദേശ ഡാൻസ് ബാറുകളിലും സ്വിമ്മിങ്ങ് പൂളിലും. നിരവധി കാമുകിമാരുള്ള യുവാവിനു അങ്ങു ദുബായിലും മറ്റു വിദേശരാജ്യങ്ങളിലും ‘കൃഷ്ണൻ’ എന്നൊരൊറ്റ സങ്കൽ‌പ്പമേയുള്ളൂ എന്ന് ഈ ചിത്രത്തൊടെയാണ് മനസ്സിലായത്. ഗാനരചയിതാക്കളെ സമ്മതിച്ചിരിക്കുന്നു.

* “ഞാൻ പൂ പാടങ്ങൾ കണ്ടിട്ടില്ല അതൊന്നു കാണാൻ പറ്റുമോ?” എന്ന്  സമീര പറയുമ്പോൾ ‘വരൂ കാണിച്ചു തരാം’ എന്ന മറുപടീയോടെ കാസനോവ തന്റെ ലാപ് ടോപ്പ് നിവർത്തി പൂ പാടങ്ങളുടെ രണ്ട് ജെപെഗ് ഫയലുകൾ ക്ലിക്ക് ചെയ്തു കാണിക്കുന്നു. “വൌ എന്തു മനോഹരം” എന്ന്‌ സമീറ അത്ഭുതപ്പെടുന്നു. ദുബായിയിൽ ഇംഗ്ലീഷ് സാഹിത്യത്തിനു പഠിക്കുന്ന, സൽ സാ ഡാൻസറായ, വിലപിടിപ്പുള്ള ഒരു പാപ്പരാസി ഫോട്ടോഗ്രാഫറുടെ മകളായ നായിക ഇതുവരെ പൂ പാടങ്ങളുടെ ചിത്രങ്ങൾ കണ്ടിട്ടില്ലെന്നോ? ഇന്റർനെറ്റും ഗൂഗിളുമൊന്നും ദുബായിലില്ലേ?

* സംഗതി കഥ നടക്കുന്നത് ദുബായിലാണെങ്കിലും സിനിമയിൽ കാണിക്കുന്ന ടി വി ന്യൂസിലും മറ്റു ന്യൂസ് ചാനലിലും (ഏതോ റെസ്റ്റോറന്റിൽ വെച്ചിട്ടുള്ള ടിവിയിൽ പോലും) മലയാളം ന്യൂസ് മാത്രമേയുള്ളു. കാസനോവ ആൾ, ഇന്റർ നാഷണൽ പൂ കച്ചവടക്കാരനാണെങ്കിലും റൂമിലെത്തിയാൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലേ കാണു. അതുകൊണ്ട്  പ്രേക്ഷകനു ഒരു ഗുണമുണ്ട് സംഗതികൾ സബ് ടൈറ്റിലില്ലാതെ മനസ്സിലാകും. [ക്ലൈമാക്സ് സീനിൽ ഒരു സ്വകാര്യ ചാനലിന്റെ സി ഇ ഓ (ശങ്കർ)  റിയാലിറ്റി ഷോയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നതും കൂടി കാണിച്ചതോടെ സംഗതികൾ വെടിപ്പായി]

*സെലിബ്രിറ്റികളുടെ സ്വകാര്യതകൾ ഒപ്പിയെടുക്കുന്ന പാപ്പരാസി ഫോട്ടോഗ്രാഫർ സക്കറിയ (ലാലു അലക്സ്) കാസനോവയോട് ജീവിതത്തെക്കുറീച്ചും സെന്റിമെന്റ്സിനെക്കുറിച്ചും നല്ല നടപ്പിനെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്. കാസനോവയടക്കം പല സെലിബ്രിറ്റികളുടേയും സ്വകാര്യതകൾ പകർത്തിയ ഫോട്ടോഗ്രാഫറാണ് ഈ സദാചാരപ്രസംഗം നടത്തുന്നതെന്നോർക്കണം. മൂക്കത്തു വിരൽ വെക്കാതെ നിവൃത്തിയില്ല!

ഇതുപോലെ തിരക്കഥാകൃത്തുക്കളും സംവിധായകനും ഗൌരവമായി കാണിച്ചിരിക്കുന്ന പല സീനുകളും സന്ദർഭങ്ങളും കണ്ടാൽ പൊട്ടിച്ചിരിച്ചുപോകും, അവരത് സ്വപനത്തിൽ പോലും ഉദ്ദേശിച്ചിട്ടില്ലെങ്കിലും. ഇതുപോലെ വിഡ്ഡിത്തങ്ങളുടെ, മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ് ചിത്രത്തിൽ. ഇവയൊക്കെ ചിത്രീകരിക്കാനാണോ ഇത്രയും വലിയ സംഘം ദുബായിലേക്ക് പോയത്? മൂന്നു വർഷമായി ചിത്രീകരിച്ചത്? ഇത്രയും കോടികൾ മുടക്കിയത്? എന്നൊക്കെ സാമാന്യ ബുദ്ധിയുള്ള ഏതൊരു പ്രേക്ഷകനും ചോദിച്ചുപോകും. ഇവയൊന്നും പോരാതെ സ്ത്രീ ശരീരങ്ങളുടെ ആഘോഷങ്ങളും ദ്വയാർത്ഥ സംഭാഷണങ്ങളും ഒരു പെണ്ണിനേയും രണ്ടാഴ്ചയിൽ കൂടുതൽ കൊണ്ടു നടക്കാത്ത കാസനോവയുടെ പെൺ ബന്ധങ്ങളുടേ പർവ്വതീകരിച്ച സന്ദർഭങ്ങളുമാണ് ചിത്രത്തിൽ. വെറും ശാരീരിക ബന്ധത്തിൽ മാത്രം താല്പര്യം കാണിക്കുന്ന കാസനോവയാണ് പ്രണയത്തെക്കുറീച്ച് വാചാലനാകുന്നത് എന്നതാണ് വിരോധാഭാസം. ഓരോ സ്ത്രീകളോടും അഭിനിവേശം തോന്നുന്നതും അവരെ ‘വളച്ചെടുക്കാൻ’ കാസനോവ ശ്രമിക്കുനതും പഴയ ബന്ധങ്ങളെപ്പറ്റി മേനി നടിക്കുന്ന സംഭാഷണങ്ങളുമൊക്കെ തികച്ചും അശ്ലീലമെന്നു പറയാതെ വയ്യ.

ഈയടുത്തകാലത്ത് ഇത്രയേറെ കൊട്ടിഘോഷിക്കപ്പെട്ട, ദീർഘനാളുകൾ ചിത്രീകരണത്തിനെടൂത്ത വമ്പൻ പരസ്യങ്ങളോടെ കൂടുതൽ തിയ്യറ്റർ റിലീസോടെ വന്ന മറ്റൊരു ചിത്രവുമില്ല. ഒരു പക്ഷേ പ്രേക്ഷകന്റെ പ്രതീക്ഷ വാനോളമുണ്ടായിരിക്കണം.സിനിമക്കു മുൻപും റിലീസിനും ഓൺലൈനുകളിലും പുറത്തുമുണ്ടായ ചലനങ്ങൾ അതു സൂചിപ്പിക്കുന്നു. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനും, ബോബി & സഞ്ജയ് എന്ന ഇരട്ട തിരക്കഥാകൃത്തും, മോഹൻലാലെന്ന ക്രൌഡ് പുള്ളറിലുമായിരുന്നു ഫാൻസിനുമൊപ്പം എല്ലാ പ്രേക്ഷകന്റേയും പ്രതീക്ഷ. പക്ഷെ കോടികൾ മുടക്കി പുറത്തു വന്ന ഈ ബ്രഹ്മാണ്ഡ ചിത്രം കണ്ടു കഴിഞ്ഞിറങ്ങുമ്പോൾ മോഹൻലാലിന്റെ തന്നെ പഴയ സൂപ്പർ ഹിറ്റ് സിനിമയായ “നാടോടിക്കാറ്റി”ലെ തിലകന്റെ കഥാപാത്രം ക്യാപ്റ്റൻ രാജുവിന്റെ വില്ലനെപ്പറ്റി പറയുന്ന പ്രശസ്തമായ ആ സംഭാഷണം മാത്രമേ മനസ്സിൽ വരുന്നുള്ളൂ.

വാൽക്കഷ്ണങ്ങൾ :
* അന്തരിച്ച ഗിരീഷ് പുത്തഞ്ചേരി ഈ ചിത്രത്തിനു വേണ്ടി ഗാനമെഴുതിയിട്ടുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ അദ്ദേഹത്തെക്കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് പോലുമില്ല .

*കന്യാസ്ത്രീ മഠത്തിലെ മദർ സുപ്പീരിയർക്ക് എന്തായിരിക്കും പേര് ?! സംശയമില്ല ‘സിസ്റ്റർ മാർഗരീറ്റ” തന്നെ. കന്യാസ്ത്രീയാകാൻ പോകുന്ന കൃസ്ത്യൻ പെൺകുട്ടിക്കോ?! ഒരു സംശയവുമില്ല ‘ആൻ മേരി’ എന്നു തന്നെയായിരിക്കും ആൻ മേരി കൂടിപ്പോയാൽ “ഏയ്ഞ്ചൽ‘ ആകും. കാരണം ഇത് മലയാള സിനിമയാ.. എത്രകൊല്ലമായി ഞങ്ങളിതു കാണുന്നു.അല്ല പിന്നെ......

Relates to: 
Contributors: 

എഡിറ്റിങ് ചരിത്രം

2 edits by
Updated date എഡിറ്റർ ചെയ്തതു്
3 Jun 2012 - 18:20 admin
28 Jan 2012 - 10:02 m3db Added the review

പിന്മൊഴികൾ

ശ്രേയയും മോഹന്‍ലാലും തമ്മിലുള്ള പ്രണയരംഗങ്ങള്‍ എന്ഗേയും കാതല്‍ എന്ന തമിള്‍ സിനിമയുമായുള്ള അതിശയകരമായ സാമ്യത കൂടി പരാമര്‍ശിക്കണം

<<തമ്മിലുള്ള പ്രണയരംഗങ്ങള്‍ എന്ഗേയും കാതല്‍ എന്ന തമിള്‍ സിനിമയുമായുള്ള>>
ചുമ്മാതല്ല ഈ സിനിമയിലെ കാണാൻ കൊള്ളാവുന്ന ഒരു ഭാഗമായത്! :) കഴിവുള്ളവൻ ചെയ്തു വെച്ചതു പകർത്തിയതാണല്ലോ. (എങ്കേയും കാതൽ കണ്ടിട്ടില്ല)
റിവ്യൂവിൽ പരാമർശിച്ചതുമാത്രമല്ല ഈ സിനിമ കാണുമ്പോൾ നിരവധി ഹോളിവുഡ് സിനിമകളിലെ രംഗങ്ങൾ ഓർമ്മ വരും.

Sameera Reddy Ithil Abhinayichitilla ennanu ente orma. Shriya Saran Aanu Abhinayichathu. Please correct.

ഹ ഹ ഹ.. റിവ്യൂ വായിച്ചു ചിരിച്ചു പോയി...! മലയാള പ്രേക്ഷകർ ഇന്നും എട്ടും പൊട്ടും തിരിയാത്ത കുട്ടികളാണെന്ന രീതിയിൽ വിവരദോഷികളായ തിരക്കഥാകൃത്തുക്കൾ കാണിക്കുന്ന വിവരക്കേടുകളെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല.... മൂന്നിൽ പഠിക്കുന്ന എന്റെ മകൾ ഇതിലെത്രയോ ഉയരത്തിലാണ്..!!! പണ്ട് നാൻസിന്റെ തന്നെയായിരുന്നു കമന്റ്, മമ്മൂട്ടി പോയ്സൺ എന്ന വാക്കു സേർച് ചെയ്ത് മരണകാരണം കണ്ടെത്തുന്നതിനെക്കുറിച്ച് വായിച്ചത്..!!! ഏതോ ഒരു സിനിമയിൽ 'വൈറസ് ഡൗൺലോഡിങ്ങ്' എന്ന് സ്ക്രീനിൽ എഴുതിക്കാണിച്ചതോർമ്മയുണ്ട്. ഈ കമ്പ്യൂട്ടർ, യൂട്ടിലിറ്റി സോഫ്റ്റ്വേർസ്, മൾടിമീഡിയാ, ഇന്റെർനെറ്റ് തുടങ്ങിയവ എന്ത്, എങ്ങനെ എന്നതിനെക്കുറിച്ച് അന്തവും കുന്തവും ഇല്ലാത്ത കെഴങ്ങന്മാർ കഥാകൃത്തുക്കളും തിരക്കഥാ കൃത്തുക്കളും സംവിധായകരുമൊക്കെ ആയി വരുമ്പോഴാണ് അവർ ഒടുക്കത്തെ ഗൗരവത്തോടെ പകർത്തുന്ന പല സീനുകളും കാണുമ്പോൾ പൊട്ടിച്ചിരിക്കാൻ തോന്നുന്നത്. ഉദാ. flower fields എന്നു ഞാൻ ഗൂഗിളിൽ സേർച് ചെയ്തപ്പോൾ കിട്ടിയ ഉത്തരം About 15,900,000 results (0.25 seconds) എന്നാണ്. യൂട്യൂബ്, എഫ്.റ്റി.പി, ഷേയേഡ് സൈറ്റ്സ് ചിത്രങ്ങൾ & HD വീഡിയോസ്, ജി.മാപ് സഹിതം കോടിക്കണക്കിന് ലിങ്കുകൾ..! തിരക്കഥയെഴുതുന്നവനു ഇതറിയാതിരിക്കുമ്പോഴാണ് പ്രശ്നം. സത്യത്തിൽ ഈ എഴുത്തുകാർക്ക് ഇടയ്ക്കിടെ അൽപ്പം സാങ്കേതിക പരിജ്ഞാന ക്ലാസ് കൂടി കൊടുക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ കോടികൾ മുടക്കുന്ന ഇത്തരം ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ പൊട്ടിച്ചിരിക്കും.
പാട്ടുകൾ കേട്ടില്ല. കേട്ട് അഭിപ്രായം പറയാം. ഈ വർഷം ഇതേ വരെ ഒരു സിനിമയേക്കുറിച്ച് നല്ല രണ്ടുവാക്കെഴുതാൻ ചാൻസു കിട്ടിയില്ല, ല്ലേ?:) പ്രാർത്ഥിപ്പിൻ.... അവൻ കൈവിടില്ല...:)

ജി. നിശീകാന്ത്

ഇതൊന്നുമല്ല വിവരക്കേടുകൾ. എഴുതാനിരുന്നാൽ ഇനിയുമെത്രയോ! സ്ഥലപരിമിതി മൂലം ഒഴിവാക്കിയതാണ്. ഇത് ഈ സിനിമയുടെ മാത്രം കാര്യമല്ല. മലയാളത്തിലിറങ്ങുന്ന ഒട്ടുമിക്ക സിനിമകളൂടേയും സ്ഥിതി ഇതാണ്. ഇതിലപ്പുറമാണ് ‘സ്പാനിഷ് മസാല’ എന്ന സിനിമയുടെ അവസ്ഥ. റിവ്യൂ വായനക്കാരിൽ ആരും അഭിപ്രായങ്ങൾ എഴുതാത്തതുകൊണ്ടും ഒരു ചർച്ചക്ക് ഒരുങ്ങാത്തതുകൊണ്ടും കൂടുതൽ വിശദീകരണങ്ങൾക്ക് സാദ്ധ്യതയില്ലാതാവുകയാണ്.
നിശിയുടെ കമന്റിനു നന്ദി രേഖപ്പെടൂത്തുന്നു.

വരും മാസങ്ങളിൽ എന്തെങ്കിലും നല്ല വാക്കുകൾ മലയാള സിനിമയെക്കുറിച്ച് എഴുതുവാൻ സാധിക്കും എന്നു തന്നെ കരുതട്ടേ. :) :)

ഞാൻ ഇതിലെ പാട്ടുകളെക്കുറിച്ച് ഒരു ആസ്വാദനം തയ്യാറാക്കാനിരുന്നതാ.. കേട്ടതോടെ വട്ടായി...! അവർക്കൊക്കെ എന്തുമാകാമല്ലോ...!

Gopaala Govinda Krishnaa Hare
Varadaanam Thedunnu Njangal Guro

എന്നു വച്ചാൽ മോഹൻലാൽ കാണിക്കുന്ന ഇപ്പരിപാടിയുടെ ആത്മീയഗുരു കൃഷ്ണനാണെന്ന്...!

ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട നോവാണ് പ്രണയം
തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം
എല്ലാമെല്ലാം പുതുമയായ് എല്ലാരാവും പുലരിയായ്
പ്രേമം നെഞ്ചിൻ പുഞ്ചിരി വീഴാൻ നേരം കൈപ്പിടി

ഇതിന്റെയൊക്കെ അർത്ഥം പിടികിട്ടിയോ? എനിക്കത്രേം പാണ്ഡിത്യം പോരാ....! ഇതിനെയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്നു പറയുന്നത്..! ഗിരീഷേട്ടനില്ലാത്തതുകൊണ്ട് എന്തു പറയാൻ...

സമയമില്ല ഇതിനൊക്കെ കളയാൻ...!

ജി. നിശീകാന്ത്

എങ്കേയും കാതൽ + പോലീസ്‌ സ്റ്റോറി 4 = കാസനോവ.

നാണമില്ലെടോ ബോബി സഞ്ജയ്‌, ഇങ്ങനെ കോപ്പി അടിക്കാന്‍. നിന്റെയൊക്കെ അടുത്ത പടം കാണാന്‍ ആരെങ്കിലും വരുമോ എന്ന് നോക്കാം.