സ്പാനിഷ് മസാല−സിനിമാറിവ്യു

തൊണ്ണൂറുകളുടെ അവസാനത്തിലാണ്  ലാൽ ജോസ് എന്ന കമൽ ശിഷ്യൻ സംവിധായകനായി മലയാളസിനിമയിൽ അവതരിക്കുന്നത്. അന്നത്തെ കൊമേഴ്സ്യൽ സിനിമകളിൽ വ്യത്യസ്ഥ പശ്ചാത്തലങ്ങളാലും പുതുമകളാലും ഏറെ അഭിപ്രായമുണ്ടാക്കിയ, ഭാവി സംവിധായകൻ എന്ന ഇമേജ് ഉണ്ടാക്കിയ സംവിധായകനായിരുന്നു ലാൽ ജോസ്. 'രണ്ടാം ഭാവം" എന്നൊരു ഭേദപ്പെട്ട ചിത്രം  ബോക്സ് ഓഫീസിൽ നിലം പൊത്തിയതോടെ ഇനി 'വ്യത്യസ്ഥത' വേണ്ട എന്ന് തീരുമാനിച്ചതായി ലാൽ ജോസ് തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിന്നീട് 'മീശ മാധവൻ' മുതലിങ്ങോട്ട് കൊമേസ്ഴ്യൽ ചേരുവകളാൽ സൂപ്പർ ഹിറ്റുണ്ടാക്കുകയായിരുന്നു ലാൽ ജോസിന്റെ ലക്ഷ്യം. അതിൽ നല്ലൊരു ശതമാനം വിജയിച്ചിട്ടുമുണ്ട്. പ്രേക്ഷകൻ ആദ്യം നൽകിയ ഇഷ്ടം ഇപ്പോഴും ലാൽ ജോസിനു കുറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ലാൽ ജോസിന്റെ ചിത്രങ്ങൾക്ക് മിനിമം ഗ്യാരണ്ടിയുണ്ട്, അഭിനയിക്കുന്നത് താരങ്ങളായാലും പുതുമുഖങ്ങളായാലും.

പക്ഷെ വർഷങ്ങൾ മുന്നോട്ട് പോകുന്തോറും ലാൽജോസിന്റെ ക്രാഫ്റ്റ് പിന്നോട്ട് പോകുന്നതായാണ് കാണുന്നത് എന്ന് ഏതൊരു പ്രേക്ഷകനും മനസ്സിലാകും. മുല്ലയും, നീലത്താമരയും, എൽസമ്മയുമൊക്കെ അതിന്റെ ഉദാഹരണങ്ങൾ മാത്രമാണ്. ദൃശ്യ സൗന്ദര്യത്തിന്റേയും ഗാന ചിത്രീകരണത്തിന്റേയുംമൊക്കെ  ഭംഗിയാർന്ന വരച്ചുകാട്ടലുകൾ ഓരോ ചിത്രം കഴിയുമ്പോഴും ലാൽ ജോസിൽ നിന്നും അപ്രത്യക്ഷമാകുന്നതും നമുക്ക് കണ്ടെടുക്കാം. തന്റെ കരിയറിലെ പതിനഞ്ചാമത്തെ (കേരള കഫെയിലെ 'പുറം കാഴ്ചകൾ' അടക്കം) ചിത്ര(സ്പാനിഷ് മസാല)ത്തിലെത്തുമ്പോൾ ലാൽ ജോസ് എന്ന മലയാള മുഖ്യധാരയിലെ പ്രതീക്ഷയുള്ള സംവിധായകൻ തികച്ചും അസ്തമിച്ചു എന്നു തോന്നുകയാണ്. ഏറെ പറഞ്ഞു പഴകിയ ത്രികോണ പ്രേമ കഥ യാതൊരു പുതുമയോ കഥാഗതിയോ ഇല്ലാതെ ദുർബലമായ ക്ലൈമാക്സിൽ അവസാനിക്കുന്ന ഒന്നായി. ഈ മസാലയിൽ രുചിയൊത്ത മസാലക്കൂട്ടോ നിറമോ മണമോ ഗുണമോ ഇല്ല. ഉള്ളത് പഴകിയ മസാല മാത്രം.

നടൻ ദിലീപ് തന്നെ മുൻപ് ഏറെ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രേതരൂപമാണ് സ്പാനിഷ് മസാലയിലെ ചാർളി. ദിലീപായതുകൊണ്ട് ഇതിലെ നായകൻ മിമിക്രി ആർട്ടിസ്റ്റുമാണ്. മലയാളം മാത്രമേ അറിയുകയുള്ളൂ എങ്കിലും സ്പെയിനിലെ അംബാസഡറുടെ കുടുംബത്തിനു ചാർളി വേണ്ടപ്പെട്ടവനും മകൾ കമീലക്ക് പ്രിയപ്പെട്ടവനുമാണ്. കുടുംബ പ്രാരാബ്ദം തീർക്കാൻ മറുനാട്ടിലേക്ക് പോകുന്ന മലയാള നായകന്മാരുടെ വംശത്തിനു 2012ലും അറുതി വന്നിട്ടില്ല. (മറുനാട്ടിൽ ചെന്നാൽ ഏതെങ്കിലും കൊട്ടാരത്തിന്റേയോ സമ്പന്നന്റേയോ അളവറ്റ സ്വത്തിനും അവരുടേ ഏക മകൾക്ക് ഭർത്താവായും ഒടുവിൽ ഈ നായകൻ  മാറുമെന്ന് പ്രത്യേകം പറയേണ്ടല്ലോ!) ജീവിത സാഹചര്യം കൊണ്ട് സ്പെയിനിലെ ഒരു ഇന്ത്യൻ റസ്ടോറന്റിന്റെ മുറ്റത്ത് ഓപ്പൻ റെസ്റ്റോറന്റ് നടത്തി (തട്ടൂകട തന്നെ) ദോശ ചുട്ടെടുക്കുന്ന ചാർളിയുടേ മുന്നിൽ നായികയുടേ വാഹനം വന്നു നിൽക്കുകയും ചാർളിയുടേ ദോശ കണ്ട് കണ്ണ് മിഴിച്ച് കൊതി തോന്നി ആ ദോശ വേണമെന്നു വാശി പിടിച്ച നായികക്ക് ആ ദോശ കഴിച്ചപ്പോൾ എന്നും ഇതു മതിയെന്ന് വീണ്ടും വാശി. അതിൻ പ്രകാരം ചാർളിയെന്ന കുക്കിനെ സ്പാനിഷ് മസാല മാത്രം ഉണ്ടാക്കാനായി 2000 യൂറോ ശമ്പളത്തിൽ അവിടെ നിയമിക്കുന്നു. ജോലിയുടേ ആദ്യ ദിവസം നായികയായ സ്പാനിഷ് സുന്ദരിക്ക് ദോശ കൊടുക്കാൻ പോയ കുക്ക് ചാർളി കണ്ടത് അല്പ വസ്ത്രധാരിണിയായി സിമ്മിങ്ങ് പൂളിൽ നീന്തിത്തുടിക്കുന്ന നായികയെ. കുളി കഴിഞ്ഞ്  ഈറൻ മാറാൻ മുറിയിലെത്തിയ നായിക മുന്നിൽ നിൽക്കുന്ന നായകനെ കാണുന്നില്ല മാത്രമല്ല മുറിയിലെ ടേബിളിൽ തട്ടി വീഴാൻ പോകുകയും തല തുവർത്താനുള്ള ടവ്വൽ തപ്പിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണു നായകനും ഒപ്പം പ്രേക്ഷകരും കരളലിയിക്കുന്ന ആ ദുരന്ത സത്യം മനസ്സിലാക്കുന്നത്... നായിക ഓരോ ദിവസവും കാഴ്ച മങ്ങിക്കൊണ്ടിരിക്കുന്ന അന്ധയാണെന്ന്!...ഹോ! പൊട്ടിക്കരഞ്ഞുപോയി....!

സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കാൻ എം3ഡിബിയുടേ സ്പാനിഷ് മസാല പേജിലേക്ക് പോകുക.

യാതൊരു പുതുമയുമില്ലാത്ത ത്രികോണ പ്രേമ കഥയാണ് ബെന്നി പി നായരമ്പലം ഈ സിനിമക്കു വേണ്ടിയൊരുക്കിയിരിക്കുന്നത്. അതിൽ യുക്തിയോ സ്വാഭാവികതയോ ഒട്ടില്ലതാനും. (നായകനും ഇംഗ്ലീഷ് അറിയില്ലെന്നു /പഠിച്ചിട്ടില്ലെന്നു കാണിക്കാൻ സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന സീൻ തന്നെ ഉദാഹരണം) വീട്ടിലെ പ്രാരാബ്ദം തീർക്കാൻ ജോബ് വിസയില്ലാതെ സ്പെയിനിലെത്തുന്ന ചാർളിയുടെ ജീവിതാവസ്ഥയും അതിനെ അതിജീവിക്കാനുള്ള അയാളുടെ ശ്രമങ്ങളുമൊന്നും പ്രേക്ഷകനും ഒരു തരത്തിലും അടുപ്പമോ വിശ്വസനീയതയോ ഉണ്ടാക്കുന്നില്ല. സ്റ്റേജ് മിമിക്രിക്കു വേണ്ടി തയ്യാറാക്കുന്ന സ്കിറ്റിന്റെ നിലവാരമേ ബെന്നിയുടെ തിരക്കഥക്കും ഉള്ളു. സ്വതവേ ദുർബല, പോരാത്തതിനു ഗർഭിണി എന്ന പോലെ വളരെ ദുർബലമായ ക്ലൈമാക്സ്, ചിത്രത്തിന്റെ സകല ജീവനും അപഹരിച്ചു. മാത്രമല്ല തിരക്കഥയെ മറ്റൊരു തലത്തിലേക്കുയർത്തുവാനുള്ള സംവിധാന പാടവവും ലാൽ ജോസ് കാണിച്ചിട്ടില്ല. വൈകാരിമെന്ന് തോന്നിപ്പിക്കേണ്ടുന്ന ഓരോ സീനുകളും ഒട്ടും തന്നെ സ്വാഭാവികമല്ലാതെ, ജീവിതാവസ്ഥകളുമായി യാതൊരു ബന്ധവും ഉണ്ടാക്കാതെ എളുപ്പത്തിൽ ക്രിയ ചെയ്തെടുത്തതായിട്ടാണ് തോന്നിച്ചത്. (സ്പെയിനിന്റെ ദൃശ്യ ഭംഗി പകർത്താനെന്നോണം ഓരോ സന്ദർഭത്തിലും കഥാപാത്രങ്ങൾ തിരക്കില്ലാത്ത പൂന്തോട്ടത്തിലോ താഴ്വാരത്തോ, മൈതാനത്തിലോ പരസ്പരം അഭിമുഖമായി നിന്ന് കാര്യങ്ങൾ നേരെ പറയുകയാണ്) ലോകനാഥന്റെ ക്യാമറ സ്പെയിനിന്റെ വിശാല ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്. സ്പെയിനിലെ തക്കാളി ഉത്സവം യഥാർത്ഥമായിത്തന്നെ പകർത്തിയിട്ടൂണ്ട്. ചെറിയ ക്യാമറകളാൽ വിദൂരത്ത് നിന്നു പകർത്തിയതാണെന്ന തോന്നലുണ്ടാക്കുന്നുണ്ട് തിരക്കേറിയ ആ ദൃശ്യങ്ങൾ. പരിമിതികൾക്കുള്ളിൽ നിന്നും പകർത്തിയതുകൊണ്ടാകണം ഉത്സവത്തിൽ പങ്കെടുക്കുന്ന നായികയെ കണ്ട് സ്തബ്ദനാകുന്ന നായകന്റെ ഭാവങ്ങളും സന്ദർഭവും വേണ്ടവിധത്തിൽ പ്രേക്ഷകനോട് സംവദിക്കാൻ കഴിയാതെ പോയത്.

ആർ വേണുഗോപാൽ എഴുതിയ വരികൾക്ക് വിദ്യാസാഗർ ഈണം പകർന്ന നാലു ഗാനങ്ങൾ ഉദിത് നാരായൺ, കാർത്തിക്, വിനീത് ശ്രീനിവാസൻ, ശ്രേയാ ഘോഷൽ, സുജാത, ഫ്രാങ്കോ, യാസിൻ നാസിർ എന്നിവർ പാടിയിരിക്കുന്നു. ഇതിൽ കാർത്തികും ശ്രേയയും പാടിയ "ആരെഴുതിയാരോ.."എന്ന ഗാനം ഇമ്പമാർന്നതാണ്. ഗോകുൽ ദാസിന്റെ കലാസംവിധാനവും നന്നായിട്ടൂണ്ട്. എടൂത്തുപറയേണ്ട ഒന്ന്  സരുൺ മനോഹർ & അരവിന്ദ് ആർ-ന്റെ കോസ്റ്റ്യൂം ഡിസൈനിങ്ങാണ്. ഇന്ത്യൻ- സ്പാനിഷ് രീതികളോട് ചേർന്നു നിൽക്കുന്ന എന്നതിനപ്പുറം ഫ്രെയിമിന്റെ മൊത്തം നിറങ്ങൾക്ക് ചേരുന്ന കളർ കോസ്റ്റ്യൂംസ് കൂടിയാണ്. ചിത്രത്തിന്റെ തുടക്കത്തിൽ കാണിക്കുന്ന ഫ്ലാസ് ബാക്ക് സീനിലെ നിറ വിത്യാസങ്ങളും രീതികളും, അതിലെ കലാസംവിധാനവും എല്ലാം നന്നായിത്തോന്നി.
മറ്റൊരു കോമഡി നടൻ കൂടി സ്പാനിഷ് മസാലയിലൂടെ ഉദയം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ "വോഡഫോൺ കോമഡി സ്റ്റാർ' എന്ന റിയാലിറ്റിഷോയിലൂടേ പ്രശസ്തനായ 'നെൽസൺ' എന്ന നടനാണ് കുക്ക് പപ്പൻ എന്ന കഥാപാത്രം അവതരിപ്പിച്ചത്. തുടക്കക്കാരന്റെ പ്രശ്നങ്ങളേതുമില്ലാതെ ഭംഗിയാക്കാനും നെൽസനു കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷേ, ഹരിശ്രീ അശോകനോ, സുരാജ് വെഞ്ഞാറമൂടോ, ബിജുകുട്ടനോ ഒക്കെ അവതരിപ്പിക്കുമായിരുന്ന ഒരു വേഷം ഒരുപുതിയ താരത്തെകൊണ്ട് ചെയ്യിച്ചത് അഭിനന്ദാർഹമാണ്. അതിന്റെ ഒരു ഫ്രഷ്നസ്സും ഫീൽ ചെയ്യുന്നുണ്ട്. (ഇപ്പോൾ തന്നെ ഓൺലൈൻ സ്റ്റാറ്റസുകളിലൊക്കെ തന്നെ നെൽസൺ എന്ന നടന്റെ ഉദയവും കോമഡിയും നിറഞ്ഞു കഴിഞ്ഞു. ഒരുപക്ഷെ, ഇനിയുള്ള സിനിമകളിലെ കോമഡി വേഷങ്ങൾ ഈ നടനു വേണ്ടി തുന്നാൻ തയ്യാറെടുത്തിട്ടുണ്ടാകും. അതൊരു നല്ല കാര്യം തന്നെ, പക്ഷേ മലയാള സിനിമാക്കാരും (പ്രേക്ഷകരും കൂടി) ഈ നടനെ പിഴിഞ്ഞെടുത്ത കരിമ്പിൽ ചണ്ടി പോലെയാക്കി പത്തുപന്ത്രണ്ടു സിനിമകളോടെ വെറുപ്പിക്കുമല്ലോ എന്നൊരു പേടിയും ഇല്ലാതില്ല. ചരിത്രം അതാണല്ലോ ഓർമ്മിപ്പിക്കുന്നത്!)

സ്പാനിഷ് മസാല ആദ്യം മുതൽ അവസാനം വരെ ബോറഡിയില്ലാതെ കണ്ടിരിക്കാം എന്നൊരു ആശ്വാസമുണ്ട്. വെറുപ്പിക്കുന്ന നിരവധി സിനിമകൾക്കിടയിൽ ബോറടിയില്ലാതെ കണ്ടിരിക്കാമെന്നതു തന്നെ ചിത്രത്തിന്റെ വലിയൊരു വിജയമാണല്ലോ!  പക്ഷെ അസന്നിഗ്ദമായി പറയാം സ്പാനിഷ് മസാല രുചിയും മണവും ഇല്ലാത്ത, നല്ല മസാലക്കൂട്ടില്ലാത്ത വെറും പഴയ മസാലയാണ്... സ്പെയിനിൽ വെച്ചായാലും കേരളത്തിൽ വെച്ചായാലും അളിഞ്ഞ മസാലക്കൂട്ട് പൊതിഞ്ഞ മസാല ദോശ മടുക്കുകയേ ഉള്ളൂ... രുചി വെറുക്കുകയേ ഉള്ളൂ... മാസ്റ്റർ ഷെഫ്, ലാൽ ജോസ് ഇത് തിരിച്ചറിഞ്ഞാൽ നന്നായിരിക്കും.

വാൽക്കഷ്ണം : സ്പാനിഷ് മസാല  (മറ്റെല്ലാ മലയാള സിനിമകളും)കാണുമ്പോൾ സിനിമയിലെ നർമ്മം യഥാർത്ഥ ജീവിതത്തിൽ നിന്നും എത്രയകന്നുപോയെന്നു മനസ്സിലാകുന്നു.  തമാശയെന്നാൽ രണ്ടു കഥാപാത്രങ്ങൾ പരസ്പരം കൗണ്ടർ ചെയ്യേണ്ട ഇൻസ്റ്റന്റ് വിറ്റുകൾ മാത്രമാണെന്നും തമാശ ജനിക്കുന്നത് സംഭാഷണങ്ങളിൽ മാത്രമാണെന്നുമൊക്കെ കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമക്കാർ നമ്മെ പഠിപ്പിച്ചു വെച്ചിട്ടുണ്ടല്ലോ.  അതു കണ്ടു കണ്ടുള്ള ശീലം കൊണ്ടുമാവാം പ്രേക്ഷകനും ഇപ്പോൾ ജീവിതത്തിലേക്ക് കൊളുത്തിവെച്ചിട്ടുള്ള തമാശകളൊന്നും വേണ്ട. മുഖം വക്രിച്ചു കാണിച്ചാലും ആർത്തലച്ചു ചിരിക്കാൻ അവർ റെഡിയാണ്.

Contributors: 

എഡിറ്റിങ് ചരിത്രം

2 edits by
Updated date എഡിറ്റർ ചെയ്തതു്
3 Jun 2012 - 18:20 admin
21 Jan 2012 - 12:46 m3db

പിന്മൊഴികൾ

നായിക ഓരോ ദിവസവും കാഴ്ച മങ്ങിക്കൊണ്ടിരിക്കുന്ന അന്ധയാണെന്ന്!...ഹോ! പൊട്ടിക്കരഞ്ഞുപോയി....!

കോണിപ്പടിയേന്ന് ഉരുണ്ടു വീഴുമ്പോൾ കാഴ്ച്ച പോകുക- (നായകന്റെ/നായികയുടെ വീട്ടിൽ വളഞ്ഞ ഒരു കോണിപ്പടി സ്ഥിരം കാണും) പഴേ പഴേ തമിഴ്-ഹിന്ദി സിനിമാ ട്രിക്ക്

Suhruthe....,kevalam pazhaya hindi,tamil cinemayumai laljosinte padathe compare cheiyaruth. Thankal udheshicha padam ethonnu paramarshichal kollamayirunnu.

Suhruthe....,kevalam pazhaya hindi,tamil cinemayumai laljosinte padathe compare cheiyaruth. Thankal udheshicha padam ethonnu paramarshichal kollamayirunnu.